
കൊല്ലം, എറണാകുളം ജില്ലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നതായും ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയും, മണിക്കൂറിൽ 40- 50 കിലോ മീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.
ഇടിമിന്നൽ - ജാഗ്രത നിർദേശങ്ങൾ
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണിവരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ...
- വൈകിട്ട് 4 മണി മുതൽ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും വിലക്കുക.
-രാത്രി കാലങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകൾ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലിൽനിന്നും കേടുപാടുകൾ ഉണ്ടാവാതിരിക്കാനായി ഊരി ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക.
- മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.
-മുൻ അനുഭവങ്ങളിൽ മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കുക.
പൊതു നിര്‍ദേശങ്ങള്‍...
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ഫോൺ ഉപയോഗിക്കരുത്.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
- പട്ടം പറത്തുവാൻ പാടില്ല.
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
-മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്.
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.
സംസാരശേഷി പരിമിതര്‍ക്കുള്ള ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേര്‍ക്കുന്നു...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam