Liver Disease : മദ്യപാനം പതിവാണോ? എങ്കില്‍ ഈ ലക്ഷണങ്ങള്‍ പരിശോധിക്കൂ...

By Web TeamFirst Published Jul 13, 2022, 6:56 PM IST
Highlights

എങ്ങനെയാണ് മദ്യപാനം കരളിനെ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കുവാൻ സാധിക്കുക? ഇത് അല്‍പം ബുദ്ധിമുട്ടുള്ള സംഗതി തന്നെയാണ്. കാരണം, മറ്റ് പല രോഗങ്ങളെയും പോലെ തന്നെ മദ്യപാനം മൂലമുള്ള കരള്‍രോഗവും ആദ്യഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ല. 

മദ്യപാനം ആരോഗ്യത്തിന് എത്രമാത്രം ദോഷമുണ്ടാക്കുന്ന ( Drinking Alcohol ) ശീലമാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രധാനമായും കരളിനെയാണ് മദ്യപാനം പ്രതികൂലമായി ബാധിക്കുന്നത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ജീവന്‍ അപഹരിക്കുന്ന അവസ്ഥയിലേക്കും നമ്മെ നയിച്ചേക്കാം? 

എന്നാല്‍ എങ്ങനെയാണ് മദ്യപാനം കരളിനെ ബാധിച്ചിരിക്കുന്നു ( Liver Disease ) എന്ന് മനസിലാക്കുവാൻ സാധിക്കുക? ഇത് അല്‍പം ബുദ്ധിമുട്ടുള്ള സംഗതി തന്നെയാണ്. കാരണം, മറ്റ് പല രോഗങ്ങളെയും പോലെ തന്നെ മദ്യപാനം മൂലമുള്ള കരള്‍രോഗവും ആദ്യഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ല. 

സാധാരണഗതിയില്‍ പതിവായി മദ്യപിക്കുന്നവരില്‍ ( Drinking Alcohol ), പ്രത്യേകിച്ച് വര്‍ഷങ്ങളായി ഈ ശീലമുള്ളവരിലാണ് മദ്യം കരളിനെ ബാധിക്കുന്ന ( Liver Disease ) അവസ്ഥയുണ്ടാകുന്നത്. കരള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന പല ധര്‍മ്മങ്ങളും ഇതോടെ ഭാഗികമായോ അല്ലാതെയോ തടസപ്പെടുന്നു. 

ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുക, രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചുനിര്‍ത്തുക, പിത്തരസത്തിന്‍റെ ഉത്പാദനം, രക്തത്തിലെ പ്ലാസ്മയിലേക്കുള്ള പ്രോട്ടീനുകളുടെ ഉത്പാദനം തുടങ്ങി കരള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം പ്രശ്നം സംഭവിക്കാം. എന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഇതിന്‍റെ ലക്ഷണങ്ങള്‍ പെട്ടെന്ന് ശ്രദ്ധയില്‍ വരണമെന്നില്ല. 

അതേസമയം ചില കാര്യങ്ങള്‍ കരള്‍രോഗത്തിലേക്ക് വിരല്‍ചൂണ്ടും വിധം പ്രകടമാവുകയും ചെയ്യാം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് 'ബ്രെയിന്‍ ഫോഗ്'. ഓര്‍മ്മശക്തി കുറയുക, ചിന്താശേഷി ദുര്‍ബലമാവുക, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന ഒരുപിടി പ്രശ്നങ്ങളാണ് 'ബ്രെയിൻ ഫോഗ്' എന്ന അവസ്ഥയിലുണ്ടാകുന്നത്. 

മദ്യപാനം മൂലം കരള്‍ ബാധിക്കപ്പെട്ടതിന്‍റെ സൂചനയായി രോഗികളില്‍ 'ബ്രെയിന്‍ ഫോഗ്' രൂപപ്പെടാം. എന്നാല്‍ മിക്കവരും ഇതിനെ നിസാരമായ ദൈനംദിന പ്രശ്നങ്ങളായി കണക്കാക്കി തള്ളിക്കളയാറാണ് പതിവ്. ഇത്തരം പ്രശ്നങ്ങള്‍ക്കൊപ്പം മൂഡ് ഡിസോര്‍ഡര്‍ (പെട്ടെന്ന് മാനസികാവസ്ഥകള്‍ മാറിമറിയുന്ന അവസ്ഥ), തളര്‍ച്ച, പെട്ടെന്ന് ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം, കാല്‍വണ്ണകളില്‍ നീര്, എപ്പോഴും മയക്കം, അടിവയര്‍ വീര്‍ക്കുക, രക്തം ഛര്‍ദ്ദിക്കുക, മലത്തില്‍ രക്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങളില്‍ ഏതെങ്കിലും കൂടി ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ആശുപത്രിയിലെത്തി വേണ്ട പരിശോധന തേടേണ്ടതാണ്. 

സമയത്തിന് ചികിത്സ തേടിയില്ലെങ്കില്‍ മദ്യപാനം മൂലമുള്ള കരള്‍രോഗം കരളിനെ കാര്‍ന്നുതിന്നുകയും ജീവന് വെല്ലുവിളിയാവുകയും ചെയ്തേക്കാം. മദ്യപാനം മൂലം കരള്‍ കേടാകുന്നത് തടയാൻ മദ്യപാനം നിയന്ത്രിക്കുകയും വേണം. അല്ലെങ്കില്‍ രോഗം ഗുരുതരമാകുന്നത് എളുപ്പത്തിലായിരിക്കും. 

Also Read:- ഹൃദയാഘാതത്തെ നെഞ്ചെരിച്ചിലോ ദഹനപ്രശ്നമോ ആയി തെറ്റിദ്ധരിക്കല്ലേ...

click me!