Asianet News MalayalamAsianet News Malayalam

Heart Attack : ഹൃദയാഘാതത്തെ നെഞ്ചെരിച്ചിലോ ദഹനപ്രശ്നമോ ആയി തെറ്റിദ്ധരിക്കല്ലേ...

ഹൃദയാഘാതം സംഭവിക്കുമ്പോള്‍ സമയത്തിന് വൈദ്യസഹായം ലഭ്യമായാല്‍ അധികരോഗികളും ജീവിതത്തിലേക്ക് തിരിച്ചുവരാം. പിന്നീട് തുടര്‍ചികിത്സ കൃത്യമായി ചെയ്താല്‍ മാത്രം മതിയാകും. ഇങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുവന്ന് വളരെ സാധാരണനിലയില്‍ ജീവിതം തുടരുന്ന എത്രയോ പേരെ നമുക്ക് ചുറ്റും തന്നെ കാണാൻ സാധിക്കും. 

know the difference between heartburn and heart attack
Author
Trivandrum, First Published Jul 9, 2022, 3:46 PM IST

ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം ഏറ്റവുമധികം പേര്‍ മരിക്കാനിടയാകുന്ന ആരോഗ്യപ്രശ്നാമാണ് ഹൃദ്രോഗം. ഇതില്‍ തന്നെ ഹൃദയാഘാതമാണ് ( Heart Attack ) മുന്നിട്ടുനില്‍ക്കുന്നത്. പ്രത്യേകിച്ച് ഒരു പ്രായം കടന്നവരുടെ കാര്യത്തിലാണെങ്കില്‍ ഇന്ന് ഹൃദയാഘാത സാധ്യതകളേറെയാണ്. മോശം ജീവിതരീതികള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഇത്തരത്തില്‍ ഹൃദയാഘാത സാധ്യത ( Heart Attack Symptom ) വര്‍ധിപ്പിക്കുന്നത്. 

ഹൃദയാഘാതം സംഭവിക്കുമ്പോള്‍ സമയത്തിന് വൈദ്യസഹായം ലഭ്യമായാല്‍ അധികരോഗികളും ജീവിതത്തിലേക്ക് തിരിച്ചുവരാം. പിന്നീട് തുടര്‍ചികിത്സ കൃത്യമായി ചെയ്താല്‍ മാത്രം മതിയാകും. ഇങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുവന്ന് വളരെ സാധാരണനിലയില്‍ ജീവിതം തുടരുന്ന എത്രയോ പേരെ നമുക്ക് ചുറ്റും തന്നെ കാണാൻ സാധിക്കും. 

എന്നാല്‍ പല കേസുകളിലും ഹൃദയാഘാതം സമയത്തിന് തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. ഇതുവഴി അവസ്ഥ ഗുരുതരമാവുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് അധികവും ഉണ്ടാകാറ്. 

മിക്ക കേസുകളിലും ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നത് അതിന്‍റെ ലക്ഷണങ്ങള്‍ ( Heart Attack Symptom ) മനസിലാകാതിരിക്കുന്നത് മൂലമോ, അല്ലെങ്കില്‍ ലക്ഷണങ്ങള്‍ മറ്റെന്തെങ്കിലും നിസാരമായ ആരോഗ്യപ്രശ്നങ്ങളായി കണക്കാക്കി ഒഴിവാക്കുന്നത് മൂലമോ ആകാറുണ്ട്. ഇങ്ങനെ ഹൃദയാഘാത ലക്ഷണങ്ങളെ വ്യാപകമായി നെഞ്ചെരിച്ചില്‍ പോലുള്ള ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 

ഡോക്ടര്‍മാര്‍ തന്നെ ഇക്കാര്യം പലപ്പോഴും എടുത്ത് പറയാറുണ്ട്. നെഞ്ചില്‍ അസ്വസ്ഥത, വിങ്ങല്‍, സമ്മര്‍ദ്ദം, എരിച്ചില്‍ എന്നിങ്ങനെയുള്ള വിഷമതകള്‍ തോന്നിയാല്‍ അതിനെ സ്വയം ദഹനപ്രശ്നമായി കണക്കാക്കി തള്ളിക്കളയരുത്. ഇക് സൂക്ഷ്മമായി ശ്രദ്ധിക്കുക. സംശയം തോന്നുന്നപക്ഷം ഉടനടി ആശുപത്രിയിലെത്തുകയും വേണം. 

ഹൃദയാഘാതത്തില്‍ ( Heart Attack ) നെഞ്ചിന് നടുഭാഗത്തായി അസ്വസ്ഥതയുണ്ടാകാം. ഇത് ഏറെ നേരം നീണ്ടുനില്‍ക്കുകയും ചെയ്യാം. ചിലരില്‍ ഈ വിഷമത പോകുകയും വരികയും ചെയ്യുന്നതായി കാണാം. ദഹനപ്രശ്നങ്ങളുള്ളവരിലും നെഞ്ചിന് നടുഭാഗത്തായി അസ്വസ്ഥതയുണ്ടാകാം. ഇത് എളുപ്പത്തില്‍ മാറിപ്പോകാവുന്ന ലക്ഷണങ്ങള്‍ തന്നെയാണ്.

എന്നാല്‍ നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത പിന്നീട് കൈകളിലേക്കും തോളിലേക്കും മുതുകിലേക്കും കീഴ്ത്താടിയിലേക്കുമെല്ലാം പടരുന്നുവെങ്കില്‍ അത് ഹൃദയാഘാതത്തിന്‍റെ സൂചനകളാണ്. അതുപോലെ ഹൃദയാഘാതത്തിലും ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടാകാം. ഓക്കാനം, ഛര്‍ദ്ദി, വയറുവേദന പോലുള്ള പ്രശ്നങ്ങള്‍. രക്തയോട്ടം ഭാഗികമായോ അല്ലാതെയോ തടസപ്പെടുന്നതിന്‍റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.

ദഹനപ്രശ്നങ്ങളിലും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് അധികവും കാണപ്പെടുക. ഈ ലക്ഷണങ്ങളും തമ്മില്‍ മാറിപ്പോകാവുന്നതാണ്. അസിഡിറ്റിക്കോ ഗ്യാസിനോ കഴിക്കേണ്ട ഗുളികയോ മരുന്നോ കഴിച്ചുനോക്കിയ ശേഷവും  ആശ്വാസം കിട്ടുന്നില്ലയെങ്കില്‍ ഉടനെ ആശുപത്രിയിലെത്തുകയെന്നതാണ് അടുത്തതായി ചെയ്യേണ്ടത്. 

ഹൃദയാഘാതത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍ കൂടി മനസിലാക്കുന്നത് എപ്പോഴും നല്ലതാണ്. ശ്വാസതടസം, വെട്ടിവിയര്‍ക്കുക, ഉത്കണ്ഠ വര്‍ധിക്കുക, നെഞ്ചില്‍ വേദന, മുറുക്കം, നിറയുന്നത് പോലുള്ള അനുഭവം എന്നിവയെല്ലാം ഹൃദയാഘാതത്തിന്‍റെ ഭാഗമായി വരാവുന്നതാണ്. ഇവയെല്ലാം ഹൃദയാഘാതത്തെ സമയത്തിന് തിരിച്ചറിയാൻ സഹായിക്കാം. 

പാരമ്പര്യമായി ഹൃദയാഘാത ചരിത്രമുള്ളവര്‍, പ്രായമായവര്‍, ബിപി- കൊളസ്ട്രോള്‍- പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവര്‍, മദ്യപാനം- പുകവലി പോലുള്ള ശീലമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, പതിവായി സ്ട്രെസ് നേരിടുന്നവര്‍- എല്ലാം ഇത്തരത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ വിഭാഗക്കാരില്‍ ഹൃദയാഘാത സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.

Also Read:- ബിപിയുണ്ടോ? നിയന്ത്രിക്കാം വീട്ടിലിരുന്ന് തന്നെ, ഇതാ മാര്‍ഗങ്ങള്‍...

Follow Us:
Download App:
  • android
  • ios