
ഇന്ന് ഫെബ്രുവരി 4, ലോക ക്യാൻസര്‍ ദിനമാണ്. ക്യാൻസര്‍ രോഗത്തെ കുറിച്ച്- രോഗ നിര്‍ണയം, ചികിത്സ, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെ ചൊല്ലിയെല്ലാം ആളുകളില്‍ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാൻസര്‍ ദിനമാചരിക്കുന്നത്.
ഇന്ന് ക്യാൻസര്‍ രോഗത്തെ അതിജീവിച്ച എത്രയോ പേര്‍ തങ്ങളുടെ അനുഭവം മറ്റുള്ളവര്‍ക്ക് ആവേശവും ഊര്‍ജ്ജവും പകരുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയുമെല്ലാം പങ്കുവച്ചിട്ടുണ്ട്.
രണ്ട് തവണ ക്യാൻസര്‍ രോഗത്തോട് പോരാടി മുന്നേറിയ നടി, മംമ്ത മോഹൻദാസ് പങ്കുവച്ചൊരു കുറിപ്പും ചിത്രങ്ങളും ഇതിനിടെ ഏറെ ശ്രദ്ധേയമായി.
പന്ത്രണ്ട് വര്‍ഷത്തിലേറെയായി മംമ്ത മോഹൻദാസിന് ആദ്യമായി ക്യാൻസര്‍ സ്ഥിരീകരിച്ചിട്ട്. ചികിത്സയിലൂടെ ഒരിക്കല്‍ പൂര്‍ണമായും ഭേദപ്പെടുത്തിയ രോഗം പിന്നീട് വീണ്ടും മംമ്തയെ പിടികൂടുകയായിരുന്നു. സെലിബ്രിറ്റികള്‍ പലപ്പോഴും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുന്ന പ്രവണതയാണ് പൊതുവെ നേരത്തെ കണ്ടുവന്നിട്ടുള്ളത്.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ക്യാൻസര്‍ രോഗം കൊണ്ട് ദുരിതത്തിലായ നിരവധി രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനായി തന്‍റെ അനുഭവങ്ങള്‍ സധൈര്യം പലപ്പോഴും പരസ്യമായി പങ്കുവച്ചിട്ടുള്ളൊരു സെലിബ്രിറ്റി കൂടിയാണ് മംമ്ത. ക്യാൻസര്‍ രോഗത്തെ കുറിച്ച് അവബോധം നടത്തുന്നതിനും അനുബന്ധമായുമെല്ലാം നടന്നിട്ടുള്ള എത്രയോ പരിപാടികളും മംമ്ത ഇതിനോടകം തന്നെ പങ്കെടുത്തിട്ടുണ്ട്.
രോഗബാധയും ചികിത്സയുമെല്ലാം ഒരു വശത്ത് നടക്കുമ്പോഴും സിനിമയില്‍ സജീവമായി ഇത്രയും കാലം മംമ്ത തുടര്‍ന്നു എന്നതും ആരിലും ആവേശം നല്‍കുന്ന മാതൃക തന്നെയാണ്. ഈ ക്യാൻസര്‍ ദിനത്തില്‍ ക്യാൻസര്‍ രോഗത്ത കുറിച്ചുള്ള പൊതുവായ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് മംമ്ത നടത്തിയിരിക്കുന്നത്. ഒപ്പം ആത്മവിശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും തിളക്കം സ്ഫുരിക്കുന്ന ഏതാനും ചിത്രങ്ങളും മംമ്ത പങ്കുവച്ചിരിക്കുന്നു.
ആരാധകരടക്കം നിരവധി പേരാണ് മംമ്തയോട് സ്നേഹവും ആദരവും അറിയിച്ചിരിക്കുന്നത്. ഏവരും മംമ്ത പകര്‍ന്നുനല്‍കിയിട്ടുള്ള ഊര്‍ജ്ജത്തെ കുറിച്ച് തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ എന്ന രോഗം തന്നെ കടന്നുപിടിച്ചതായും മംമ്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അപ്പോഴും പ്രതിസന്ധികളോട് സന്ധി ചെയ്യാതെ പോരാടി മുന്നോട്ട് പോകുന്നതിനെ കുറിച്ച് തന്നെയാണ് മംമ്ത പറഞ്ഞിരുന്നതും.
Also Read:- 'ലോക ക്യാൻസര്‍ ദിനം'; ഇന്ത്യയില്‍ ഇനിയും ക്യാൻസര്‍ കെയറില്‍ വെല്ലുവിളിയാകുന്നത് എന്ത്?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam