ലോകാരോഗ്യ സംഘടനുടെ കണക്ക് പ്രകാരം രോഗബാധിതരായി മരിക്കുന്നവരില്‍ ആറിലൊരാള്‍ ക്യാൻസര്‍ ബാധിതന്‍/ ബാധിതയാണ്. എല്ലാ ഫെബ്രുവരി നാലും ലോക ക്യാൻസര്‍ ദിനമായി ആചരിക്കുന്നത് തന്നെ ക്യാൻസര്‍ രോഗവുമായി ബന്ധപ്പെട്ടുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ്.

ഇന്ന് ഫെബ്രുവരി നാല്, ലോക ക്യാൻസര്‍ ദിനമാണ്. ക്യാൻസര്‍ രോഗം നമുക്കറിയാം, സമയബന്ധിതമായി കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ വലിയ സങ്കീര്‍ണതകള്‍ രോഗികളിലുണ്ടാക്കാവുന്നൊരു രോഗമാണ്. നിലവില്‍ ക്യാൻസര്‍ നിര്‍ണയം, ചികിത്സ എന്നീ മേഖലകളിലെല്ലാം ആഗോളതലത്തില്‍ തന്നെ ഒരുപാട് അനുകൂലമായ മാറ്റങ്ങള്‍ വന്നുവെങ്കിലും ക്യാൻസര്‍ കെയറിന്‍റെ കാര്യത്തില്‍ ഇപ്പോഴും ഇന്ത്യ ഏറെ മെച്ചപ്പെടാനുള്ള അവസ്ഥയിലാണ് തുടരുന്നത്. 

ലോകാരോഗ്യ സംഘടനുടെ കണക്ക് പ്രകാരം രോഗബാധിതരായി മരിക്കുന്നവരില്‍ ആറിലൊരാള്‍ ക്യാൻസര്‍ ബാധിതന്‍/ ബാധിതയാണ്. എല്ലാ ഫെബ്രുവരി നാലും ലോക ക്യാൻസര്‍ ദിനമായി ആചരിക്കുന്നത് തന്നെ ക്യാൻസര്‍ രോഗവുമായി ബന്ധപ്പെട്ടുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ്. എന്നിട്ടും നമ്മുടെ നാട്ടില്‍ ക്യാൻസര്‍ രോഗം കണ്ടെത്തുന്നതിനും, ചികിത്സ ലഭിക്കുന്നതിനുമെല്ലാം എത്രയോ രോഗികള്‍ ദിനംപ്രതി പ്രയാസപ്പെടുന്നുണ്ട്. 

ക്യാൻസര്‍ ഇന്ത്യയില്‍...

2022ല്‍ 'ഇന്ത്യ മെഡിക്കല്‍ ജേണലി'ല്‍ വന്നൊരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 2022ല്‍ ഏകദേശം 14,61,427 ക്യാൻസര്‍ രോഗികളാണ് ഉണ്ടായിരുന്നത്. ഈ പഠനം പറയുന്നത് ഇന്ത്യയില്‍ ഒമ്പത് പേരിലൊരാള്‍ക്കെങ്കിലും ഭാവിയില്‍ ക്യാൻസര്‍ ബാധിക്കാനുള്ള ചുറ്റുപാടുകള്‍ ഉണ്ടെന്നാണ്. ഇത് തീര്‍ച്ചയായും ജാഗ്രതയോടെ സമീപിക്കേണ്ടൊരു വിവരമാണ്. 

ഇന്ത്യയിലാണെങ്കില്‍ സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദവുമാണ് കൂടുതലായി കാണപ്പെടുന്നത്. 2020നെ അപേക്ഷിച്ച് 2025 എത്തുമ്പോഴേക്കും രാജ്യത്തെ ക്യാൻസര്‍ രോഗികളുടെ എണ്ണം 12.8 ശതമാനമെങ്കിലും കൂടും. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് ഓരോ വര്‍ഷവും പുതുതായി എട്ട് ലക്ഷം ക്യാൻസര്‍ കേസെങ്കിലും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

രാജ്യത്ത് ക്യാൻസര്‍ രോഗം സംബന്ധിച്ച് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം രോഗം വൈകി മാത്രം കണ്ടെത്തപ്പെടുന്നു എന്നതാണ്. വലിയൊരു വിഭാഗം പേരിലും ഇങ്ങനെയാണ് ക്യാൻസര്‍ കണ്ടെത്തപ്പെടുന്നതെന്ന് ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോ. ബബിന എന്‍ എം പറയുന്നു. 

വൈകി രോഗം കണ്ടെത്തപ്പെടുന്നത് മാത്രമല്ല, ചികിത്സാച്ചെലവ് താങ്ങാൻ സാധിക്കാതിരിക്കുക, നല്ല ചികിത്സാ സൗകര്യങ്ങള്‍ കണ്ടെത്തി അതിലേക്ക് എത്താൻ സാധിക്കാതിരിക്കുക എന്നീ പ്രശ്നങ്ങള്‍ കൂടിയാകുമ്പോള്‍ ക്യാൻസര്‍ മരണങ്ങളും രാജ്യത്ത് കൂടുകയാണ്- ഡോ ബബിന പറയുന്നു. 

ക്യാൻസര്‍ ചികിത്സാരംഗം രാജ്യത്ത് ഒരുപാട് വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നല്ല ചികിത്സ എല്ലാവര്‍ക്കും ലഭിക്കുന്ന സാഹചര്യമില്ല എന്നതൊരു യാഥാര്‍ത്ഥ്യമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

കൂടുതല്‍ കാണുന്ന ക്യാൻസറുകള്‍- കാരണങ്ങള്‍...

ശ്വാസകോശാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, സ്തനാര്‍ബുദം, ആമാശയാര്‍ബുദം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസറുകളത്രേ. ഇവയില്‍ ശ്വാസകോശാര്‍ബുദത്തില്‍ മരണത്തിന്‍റെ തോത് കൂടുതലാണ്. ഇതിന് പുറമെ പുരുഷന്മാരില്‍ പാൻക്രിയാസ്, തലച്ചോര്‍, എല്ലുകള്‍, സന്ധികളില്‍ എന്നിവയിലുണ്ടാകുന്ന ക്യാൻസര്‍ കൂടുതല്‍ മരണമുണ്ടാക്കുമ്പോള്‍ സ്ത്രീകളില്‍ ഗര്‍ഭപാത്രം, പാൻക്രിയാസ് ക്യാൻസറുകളാണ് കൂടുതല്‍ മരണത്തിന് ഇടയാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

പുകവലി- അല്ലെങ്കില്‍ പുകയിലയുടെയോ മറ്റ് ലഹരിവസ്തുക്കളുടെയോ ഉപയോഗമാണ് ഇന്ത്യയില്‍ ക്യാൻസര്‍ കേസുകളുയര്‍ത്തുന്നത് എന്നാണ് ഡോക്ടര്‍മാര്‍ ഒന്നടങ്കം പറയുന്നത്. മോശം ഡയറ്റ്, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലികളും കൂടുതല്‍ കേസുകള്‍ക്ക് കാരണമാകുന്നു. ആരോഗ്യപരമായ ജീവിതരീതിയിലൂടെ തന്നെ വലിയൊരു പരിധി വരെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. 

Also Read:- 'ക്യാൻസര്‍ രോഗം മണത്തിലൂടെ കണ്ടെത്താൻ ഉറുമ്പുകള്‍ക്കാകും';പുതിയ പഠനം