
നാം പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണസാധനങ്ങളോ പാനീയങ്ങളോ എന്തുമാകട്ടെ, അവ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാകുന്നവ ആയിരിക്കും. എങ്കിലും നമുക്ക് പുറത്തുനിന്ന് ഭക്ഷണപാനീയങ്ങള്‍ വാങ്ങിക്കുന്ന ശീലമുപേക്ഷിക്കാൻ സാധിക്കില്ലല്ലോ. ഒന്നാമത്, തിരക്കുപിടിച്ച ജീവിതത്തിനിടെ അടുക്കളയില്‍ ചിലവിടാൻ മിക്കവര്‍ക്കും അധികം സമയമില്ല. രണ്ടാമതായി, നമ്മല്‍ നാട്ടിൻപുറങ്ങളില്‍ മുൻകാലത്തെല്ലാം ജീവിച്ചിരുന്നത് പോലെ യഥേഷ്ടം വിഭവങ്ങളും ഇന്ന് ലഭ്യമല്ല. എല്ലാത്തിനും വിപണിയെ ആശ്രയിച്ചേ മതിയാകൂ.
പക്ഷേ വിപണിയില്‍ നിന്ന് നമ്മള്‍ വാങ്ങിക്കുന്ന ഇത്തരം ഭക്ഷണപാനീയങ്ങളില്‍ ചില ഉത്പന്നങ്ങള്‍ കാര്യമായും നമ്മുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവയാകാം. ഇങ്ങനെയുള്ള ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ എല്ലാം ചെയ്യുന്നത് നല്ലതുതന്നെ.
ഇപ്പോഴിതാ നമ്മള്‍ കലക്കിക്കുടിക്കാൻ ഉപയോഗിക്കുന്ന ടാംഗ് പൊടിയെ കുറിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ രേവന്ത് ഹിമാന്ത്സിംഗ പങ്കുവച്ചൊരു വീഡിയോ ആണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുട്ടികളെ കൊണ്ട് വെള്ളം കുടിപ്പിക്കാൻ മികച്ചൊരു ഉപാധി എന്ന നിലയില്‍ പരസ്യം ചെയ്യപ്പെടുന്ന ടാംഗ് പൊടി യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നാണ് രേവന്ത് തന്‍റെ വീഡിയോയിലൂടെ പറയുന്നത്.
ടാംഗില്‍ 93 ശതമാനത്തോളം ഷുഗറാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ കോക്ക് സീറോയിലൊക്കെ മധുരത്തിന് പകരം ഉപയോഗിക്കുന്ന 'സൂക്രലോസ്'ഉം ടാംഗില്‍ അടങ്ങിയിരിക്കുന്നു. പരസ്യത്തിലും പാക്കറ്റിന് പുറമെയും കാണിച്ചിരിക്കുന്ന പോലെ ഓറഞ്ചും വൈറ്റമിൻ സിയും ഒന്നും ടാംഗില്‍ അടങ്ങിയിട്ടില്ല. ആകെയുള്ളത് ഓറഞ്ച് പൊടിയാണ്. അതും വളരെ കുറഞ്ഞ അളവില്‍. അങ്ങനെയെങ്കില്‍ ദിവസവും രണ്ട് ഗ്ലാസ് ടാംഗ് കുടിക്കുമ്പോള്‍ 8 സ്പൂണോളം മധുരമാണ് അകത്തുചെല്ലുന്നത്. വേറെ പ്രത്യേകിച്ച് ഗുണമൊന്നം ഇതിനില്ല. മാത്രമല്ല നല്ലരീതിയില്‍ കളറും ഇതിലടങ്ങിയിട്ടുണ്ട്. 'ടൈറ്റാനിയം ഡയോക്സൈഡ്' എന്ന കളര്‍ ക്യാൻസറിലേക്ക് നയിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്‍റെ ആധികാരികത വ്യക്തമല്ല. യൂറോപ്പിലും മറ്റ് പലയിടങ്ങളിലും ഇത് നിരോധിത കളറാണ്. ഇതിലുമൊക്കെ നല്ലത് നമ്മള്‍ പച്ചവെള്ളം അങ്ങനെ തന്നെ കുടിച്ച് ശീലിക്കുന്നതാണ്- വീഡിയോയില്‍ രേവന്ത് പറയുന്നു.
രുചിക്ക് വേണ്ടി മാത്രമുള്ള പാനീയം എന്ന രീതിയില്‍ പരസ്യപ്പെടുത്തിയാണ് ടാംഗ് മാര്‍ക്കറ്റില്‍ വന്നിരുന്നതെങ്കില്‍ പ്രശ്നമില്ല- പക്ഷേ ആരോഗ്യഗുണങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതിലാണ് അപകടമെന്നും രേവന്ത് ചൂണ്ടിക്കാട്ടുന്നു.
പഠനാവശ്യങ്ങള്‍ക്കായുള്ള ഫുഡ് റിവ്യൂ ആണ് താൻ പോസ്റ്റ് ചെയ്യുന്നതെന്നും ഒരു കമ്പനിയെയും അപമാനിക്കാനുള്ള ലക്ഷ്യം തനിക്കില്ലെന്നും വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ രേവന്ത് കുറിച്ചിരിക്കുന്നു.
നേരത്തെ സമാനമായ രീതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ബോണ്‍വിറ്റയ്ക്കെതിരെയും രേവന്ത് വീഡിയോ പങ്കുവച്ചിരുന്നു. ഇതിലെയും അമിത മധുരവും ആരോഗ്യഗുണങ്ങളില്ലായ്മയും ആണ് രേവന്ത് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പിന്നാലെ കമ്പനി ഇദ്ദേഹത്തിനെതിരെ നിയമപരമായി നോട്ടീസ് അയച്ചു. ഇതോടെ ആ വീഡിയോ രേവന്തിന് നീക്കം ചെയ്യേണ്ടി വന്നിരുന്നു. അപ്പോള്‍ തന്നെ താൻ ടാംഗിനെ കുറിച്ചുള്ള വീഡിയോയും ഇട്ടിരുന്നു. എന്നാലതും നീക്കം ചെയ്യേണ്ടി വന്നിരുന്നു. ആ വീഡിയോയിലെ ഉള്ളടക്കം ആണിപ്പോള്‍ വീണ്ടുമിടുന്നത് എന്നും രേവന്ത് കുറിച്ചിരിക്കുന്നു.
എന്തായാലും രേവന്തിന്‍റെ ടാംഗ് വീഡിയോ വലിയ രീതിയില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബോണ്‍വിറ്റ വീഡിയോ പോലെ തന്നെ ഇതും വിവാദമായിക്കൊണ്ടിരിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ മാത്രമേ നമുക്കറിയാൻ സാധിക്കൂ.
രേവന്തിന്‍റെ വീഡിയോ...
Also Read:-എപ്പോഴും സ്ട്രെസ് ആണോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ ആരോഗ്യപ്രശ്നം പതിവാകാം...