ദഹനപ്രശ്നങ്ങള്‍ തന്നെയാണ് പതിവായ സ്ട്രെസും ആംഗ്സൈറ്റിയുമുണ്ടാക്കുന്ന പ്രധാന പ്രയാസം. ഇത് നിസാരമായി തള്ളിക്കളയരുത്. വ്യക്തിയുടെ ജോലി, വ്യക്തിജീവിതം, സാമൂഹികജീവിതം എന്നിങ്ങനെ പല തലത്തിലും ഇത് ബാധിക്കാം

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് പല രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കാരണമായി വരുന്ന, അത്രയും ഗൗരവമുള്ളൊരു വിഷയമാണ്. ഒന്നുകില്‍ രോഗകാരണം, അല്ലെങ്കില്‍ രോഗലക്ഷണം- അതുമല്ലെങ്കില്‍ രോഗത്തിന്‍റെ പരിണിതഫലം എന്നിങ്ങനെ നമ്മുടെ ആരോഗ്യപ്രശ്നങ്ങളുമായി ഏതെങ്കിലും വിധത്തില്‍ സ്ട്രെസ് ബന്ധപ്പെടാതിരിക്കില്ല.

ഇതില്‍ തന്നെ രോഗത്തിലേക്ക് നയിക്കുന്ന ഘടകമായാണ് അധികസന്ദര്‍ഭങ്ങളിലും സ്ട്രെസ് നില്‍ക്കുന്നത്. 

ഇന്നത്തെ കാലത്താണെങ്കില്‍ മത്സരാധിഷ്ടിതമായ ലോകത്ത് സ്ട്രെസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ജീവിക്കുക സാധ്യല്ല. പഠനം, ജോലി, കുടുംബം എന്നിവിടങ്ങളില്‍ നിന്നെല്ലാം സ്ട്രെസ് വരാം. പതിവായി ഇങ്ങനെ സ്ട്രെസ് അനുഭവിക്കുകയും കൂട്ടത്തില്‍ ഉത്കണ്ഠ (ആംഗ്സൈറ്റി) കൂടിയുണ്ടാവുകയും ചെയ്യുന്നുവെങ്കില്‍ അതുണ്ടാക്കുന്നൊരു പ്രധാന പ്രശ്നം എന്താണെന്നതാണ് ഇനി പങ്കുവയ്ക്കുന്നത്. 

മറ്റൊന്നുമല്ല, ദഹനപ്രശ്നങ്ങള്‍ തന്നെയാണ് പതിവായ സ്ട്രെസും ആംഗ്സൈറ്റിയുമുണ്ടാക്കുന്ന പ്രധാന പ്രയാസം. ഇത് കേള്‍ക്കുമ്പോള്‍ നിസാരമായി തള്ളിക്കളയരുത്. ഒരു വ്യക്തിയുടെ ജോലി, വ്യക്തിജീവിതം, സാമൂഹികജീവിതം എന്നിങ്ങനെ പല തലത്തിലും ബാധിക്കുന്ന പ്രശ്നമാണിത്. 

നമ്മുടെ വയറ്റിനകത്ത് ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുന്ന, ദഹനത്തിന് പ്രയോജനപ്പെടുന്ന ഒരു വിഭാഗം ബാക്ടീരിയകളുണ്ട്. സ്ട്രെസ് അമിതമാകുമ്പോള്‍ പുറപ്പെടുവിക്കുന്ന 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണ്‍ ഈ ബാക്ടീരിയല്‍ സമൂഹത്തെയും നശിപ്പിക്കും. ദഹനം അവതാളത്തിലാകുന്നതോടെ അടുത്ത പടിയായി നാം നേരിടുന്നത് മാനസികമായ പ്രയാസങ്ങളായിരിക്കും.

നിരാശ, ഒന്നിലും താല്‍പര്യമില്ലാത്ത അവസ്ഥ, എപ്പോഴും ക്ഷീണം, മുൻകോപം എന്നിങ്ങനെയുള്ള വിഷമങ്ങളെല്ലാം ഇത്തരത്തില്‍ നേരിടാം. 

സ്ട്രെസും ആംഗ്സൈറ്റിയും പതിവാകുന്നത് പലരെയും പതിവായി മലബന്ധം നേരിടുന്നതിലേക്കും നയിക്കാറുണ്ട്. ഇതും വ്യക്തികളെ പല രീതിയില്‍ ബാധിക്കാം. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ ശരീരം പരാജയപ്പെടാം. ഇതും ചെറിയ കാര്യമല്ല. 

ഗ്യാസ്, മലബന്ധം, അസിഡിറ്റി, നെഞ്ചിരിച്ചില്‍, വായ്പുണ്ണ്, കുടല്‍രോഗങ്ങള്‍ എന്നിങ്ങനെ ഒരുപറ്റം പ്രശ്നങ്ങളാണ് സ്ട്രെസും ആംഗ്സൈറ്റിയും കൂടിയുണ്ടാക്കുക. കൂട്ടത്തില്‍ മാനസികപ്രയാസങ്ങളും. ഇതെല്ലാം വ്യക്തിയെ തളര്‍ത്താൻ ധാരാളം.

നല്ല ഭക്ഷണരീതി, വ്യായാമം, മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ (സ്ട്രെസും ആംഗൈസ്റ്റിയും അകറ്റാൻ) എന്നിവയെല്ലാമുണ്ടെങ്കില്‍ ഈ വെല്ലുവിളികളില്‍ നിന്നെല്ലാം ഒരു പരിധി വരെ അകന്നുനില്‍ക്കാം.

Also Read:- ദിവസവും ഇഞ്ചി ചായയോ ഇഞ്ചിയിട്ട വെള്ളമോ കുടിക്കൂ; മാറ്റം കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo