ഒരു കൊതുക് കടിച്ചതിന് 30 ഓപ്പറേഷൻ, കോമയിലായത് നാലാഴ്ച; യുവാവിന്‍റെ അനുഭവം പേടിപ്പെടുത്തുന്നത്...

By Web TeamFirst Published Nov 28, 2022, 5:19 PM IST
Highlights

ആദ്യം പനി- ജലദോഷം പോലുള്ള ലക്ഷണങ്ങളായിരുന്നു റോഷ്കെയില്‍ കണ്ടത്. അപ്പോള്‍ അതിനെ പനി- ജലദോഷം എന്ന രീതിയില്‍ തന്നെ കണ്ട് കൈകാര്യം ചെയ്തു. എന്നാല്‍ പിന്നീട് ശരീരം മുഴുവൻ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി.

കൊതുകുജന്യരോഗങ്ങളെ കുറിച്ച് ഇന്ന് നമുക്കെല്ലാം കാര്യമായ അവബോധം തന്നെയുണ്ട്. ഡെങ്കിപ്പനി, മലേരിയ, ചിക്കുൻ ഗുനിയ തുടങ്ങി കൊതുക് പരത്തുന്ന ഗൗരവമുള്ള രോഗങ്ങളെ കുറിച്ചെല്ലാം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കൊതുക് കടിച്ചാല്‍ ഒരു മനുഷ്യൻ തന്‍റെ ജീവൻ തന്നെ നഷ്ടമായേക്കാവുന്ന അവസ്ഥയിലെത്തുമോ? 

ഇങ്ങനെയും അവസ്ഥ വരാമെന്നാണ് ജര്‍മ്മനിയിലെ റോയിഡര്‍മാര്‍ക്ക് സ്വദേശിയായ സെബാസ്റ്റ്യൻ റോഷ്കെ എന്ന യുവാവിന്‍റെ അനുഭവം തെളിയിക്കുന്നത്. ഇരുപത്തിയേഴുകാരനായ റോഷ്കെ ഈ രീതിയില്‍ ആരോഗ്യപരമായി പേടിപ്പെടുത്തുന്ന അവസ്ഥകളിലൂടെ കടന്നുപോകാൻ കാരണം 2021 വേനലില്‍ ഇദ്ദേഹത്തിനേറ്റ ഒരു കൊതുകുകടിയുടെ പേരിലാണ്. 

ആദ്യം പനി- ജലദോഷം പോലുള്ള ലക്ഷണങ്ങളായിരുന്നു റോഷ്കെയില്‍ കണ്ടത്. അപ്പോള്‍ അതിനെ പനി- ജലദോഷം എന്ന രീതിയില്‍ തന്നെ കണ്ട് കൈകാര്യം ചെയ്തു. എന്നാല്‍ പിന്നീട് ശരീരം മുഴുവൻ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. കാല്‍വിരലുകളില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് രണ്ട് വിരലുകള്‍ ഭാഗികമായി മുറിച്ചുനീക്കേണ്ടതായി വന്നു. 

ഇത്തരത്തില്‍ ചെറുതും വലുതുമായി മുപ്പതോളം ഓപ്പറേഷൻസിന് റോഷ്കെ വിധേയനായി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നാലാഴ്ചയോളം കോമയിലായിരുന്നു റോഷ്കെ. രക്തത്തില്‍ വിഷം കലര്‍ന്നുപോയതിനാല്‍ വൃക്ക, കരള്‍, ഹൃദയം എന്നീ അവയവങ്ങളെല്ലാം പ്രശ്നത്തിലായി. ഇതോടെയാണ് ഇദ്ദേഹം കോമയിലേക്ക് പോയത്. 

ഇതിന് പുറമെ ചുരുങ്ങിയ സമയം കൊണ്ട് ഇടത് തുടയില്‍ പെട്ടെന്ന് ഒരു മുഴ വന്നു. ഇതിലും അണുബാധയായി ഇതും നീക്കം ചെയ്യേണ്ടി വന്നു. ഇവിടെ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ചര്‍മ്മമെടുത്ത് പിടിപ്പിക്കേണ്ടിയും വന്നു. 

ഒരിക്കലും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് താൻ കരുതിയതെന്നും എന്നാല്‍ ഭാഗ്യം കൊണ്ട് അതിന് സാധിച്ചുവെന്നും ഇപ്പോഴും വിശ്രമത്തില്‍ തുടരുന്ന റോഷ്കെ പറയുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില അവതാളത്തിലായി ആദ്യഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് ഇതിനുള്ള കാരണം കണ്ടെത്താനായി എന്നതാണ് ആശ്വാസം. 

'ഏഷ്യൻ ടൈഗര്‍ മൊസ്കിറ്റോസ്' അല്ലെങ്കില്‍ 'ഫോറസ്റ്റ് മൊസ്കിറ്റോസ്' എന്നറിയപ്പെടുന്ന ഇനത്തില്‍ പെട്ട കൊതുക് കടിച്ചതാണത്രേ ഇതിനെല്ലാം തുടക്കം. കൊതുകുകളില്‍ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗത്തിലാണിവ പെടുന്നത്. ഈസ്റ്റേണ്‍ ഇക്വിൻ എൻസെഫലൈറ്റിസ്, സിക ഴൈറസ്, വെസ്റ്റ് നൈല്‍ വൈറസ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയെല്ലാം ഈ കൊതുക് മൂലം പിടിപെടാം. 

റോഷ്കെയുടെ കേസില്‍ ശക്തിയുള്ള ബാക്ടീരിയല്‍ ആക്രമണമാണ് നടന്നതെന്നാണ് നിഗമനം. ഇത് പല രീതിയില്‍ ശരീരത്തെ ബാധിക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഒരു വര്‍ഷത്തോളമുള്ള പോരാട്ടത്തിന് ശേഷം ഇപ്പോഴും വിശ്രമത്തില്‍ തുടരുകയാണ് റോഷ്കെ. 

Also Read:- ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 10 രോഗങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാമോ?

click me!