പല്ലിനിടയില്‍ പോപ്‌കോണ്‍ കുടുങ്ങി; ജീവന്‍ പോകുമെന്ന അവസ്ഥയായി...

By Web TeamFirst Published Jan 7, 2020, 6:17 PM IST
Highlights

നാല്‍പത്തിയൊന്നുകാരനായ ആദം മാര്‍ട്ടിന്‍ ബ്രിട്ടന്‍ സ്വദേശിയാണ്. ഒരു ദിവസം പോപ്‌കോണ്‍ കഴിക്കുന്നതിനിടെ ഒരു ചെറിയ കഷ്ണം ഇദ്ദേഹത്തിന്റെ അണപ്പല്ലിനകത്ത് കയറിയിരുന്നു. അന്ന് അത് ശ്രദ്ധിക്കാതെ വിട്ടത് അപകടമായി. മൂന്ന് ദിവസം അത് പല്ലിലെ പോടിലിരുന്നു. തുടര്‍ന്ന് ചെറിയ അസ്വസ്ഥതകള്‍ തോന്നിയപ്പോള്‍ മാര്‍ട്ടിന്‍ ടൂത്ത് പിക്കും മറ്റ് കൂര്‍ത്ത ചില സാധനങ്ങളുമപയോഗിച്ച് അത് പുറത്തെടുക്കാന്‍ നോക്കി

ഒരു കഷ്ണം പോപ്‌കോണ്‍ പല്ലിനിടയില്‍ കുടുങ്ങിയാല്‍ ഏറിയാല്‍ എന്ത് സംഭവിക്കും? പല്ലിന് കേടുള്ളയാളാണെങ്കില്‍ പല്ലുവേദനയുണ്ടാകും. അതങ്ങ് ഭേദമാവുകയും ചെയ്യും. അല്ലേ? എന്നാല്‍ കേട്ടോളൂ, പല്ലിനിടയില്‍ പോപ്‌കോണ്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഒരു മനുഷ്യന് മണിക്കൂറുകള്‍ നീണ്ട ഹൃദയ ശസ്ത്രക്രിയ വരെ വേണ്ടിവന്നു. ഇതെങ്ങനെയെന്നല്ലേ?

നാല്‍പത്തിയൊന്നുകാരനായ ആദം മാര്‍ട്ടിന്‍ ബ്രിട്ടന്‍ സ്വദേശിയാണ്. ഒരു ദിവസം പോപ്‌കോണ്‍ കഴിക്കുന്നതിനിടെ ഒരു ചെറിയ കഷ്ണം ഇദ്ദേഹത്തിന്റെ അണപ്പല്ലിനകത്ത് കയറിയിരുന്നു. അന്ന് അത് ശ്രദ്ധിക്കാതെ വിട്ടത് അപകടമായി. മൂന്ന് ദിവസം അത് പല്ലിലെ പോടിലിരുന്നു. തുടര്‍ന്ന് ചെറിയ അസ്വസ്ഥതകള്‍ തോന്നിയപ്പോള്‍ മാര്‍ട്ടിന്‍ ടൂത്ത് പിക്കും മറ്റ് കൂര്‍ത്ത ചില സാധനങ്ങളുമപയോഗിച്ച് അത് പുറത്തെടുക്കാന്‍ നോക്കി.

ഈ പരിശ്രമത്തിനിടെ മോണയില്‍ ചെറിയ മുറിവ് സംഭവിക്കുകയും ചെയ്തു. ഇതാണ് വഴിത്തിരിവായത്. മോണയിലെ മുറിവില്‍ നിന്ന് രക്തത്തില്‍ അണുബാധയുണ്ടാവുകയും കാലിലൊരിടത്ത് രക്തം കട്ട പിടിക്കുകയും ചെയ്തു. അതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലാകാന്‍ തുടങ്ങി.

ഏതാണ്ട് ഒരാഴ്ചയോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായത് മനസിലാക്കാതെ മാര്‍ട്ടിന്‍ കഴിച്ചുകൂട്ടി. രാത്രി ഉറങ്ങാനാകാതെ, കാലുവേദനയും ക്ഷീണവും, വിയര്‍ക്കലും അസ്വസ്ഥതകളുമായി മാര്‍ട്ടിന്‍ കഴിഞ്ഞു. തുടര്‍ന്ന് കാര്യങ്ങള്‍ അസഹനീയമായ അവസ്ഥയിലേക്ക് മാറിയപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ പോയി.

അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ അണുബാധയുണ്ടായിരിക്കുന്നതായും അത് ഹൃദയത്തെ ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയത്. ഏതായാലും വൈകാതെ തന്നെ കാലില്‍ കട്ട പിടിച്ചുകിടന്നിരുന്ന രക്തം ഡോക്ടര്‍മാര്‍ നീക്കി. ഇതിന് പുറമെ ഹൃദയത്തിന്റെ ഒരു വാല്‍വ് മാറ്റിവയ്‌ക്കേണ്ടിയും വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ മാര്‍ട്ടിന്‍ സുഖം പ്രാപിച്ചുവരികയാണ്.

ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയതെന്ന് മാര്‍ട്ടിന്‍ പറയുന്നു. നിത്യജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന തീരെ ചെറിയ കാര്യങ്ങളാകാം ഒരുപക്ഷേ, ജീവന് പോലും ഭീഷണിയാകുന്നതെന്നും മാര്‍ട്ടിന്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും ശാരീരികാസ്വാസ്ഥതകള്‍ ഒരിക്കലും വച്ചുകൊണ്ടിരിക്കാതെ സമയബന്ധിതമായി ആശുപത്രിയില്‍ പോവുകയും ചികിത്സ തേടുകയും ചെയ്യേണ്ടത് അവരവരോടുള്ള കടമയാണെന്ന് മാര്‍ട്ടിന്റെ ഈ അപൂര്‍വ്വകഥ സൂചിപ്പിക്കുന്നു.

click me!