
ഡോക്ടര്‍മാര്‍ക്കോ മെഡിക്കല്‍ സയൻസിനോ അപ്പുറമുള്ള പലതുമുണ്ട്. സിനിമകളിലും മറ്റും 'മിറാക്കിള്‍' എന്ന് വിശേഷിപ്പിക്കുന്ന സീനുകള്‍ കണ്ടിട്ടില്ലേ? അതുപോലെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധേയമാകുന്നത്.
യുകെയില്‍ നടന്നൊരു സംഭവമാണിത്. മുപ്പത്തിയൊന്നുകാരനായ ബെന്‍ വില്‍സണ്‍ എന്ന
യുവാവ് അത്ഭുതകരമായി മരണത്തില്‍ നിന്ന് തിരിച്ചുകയറി ജീവിതത്തിലേക്ക് വന്ന കഥ. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് വാര്‍ത്തകളില്‍ ഇടം നേടുന്നതെന്ന് മാത്രം.
ബെൻ തന്‍റെ വീട്ടിലിരിക്കെ പെട്ടെന്ന് ശാരീരിക അവശത നേരിടുകയായിരുന്നു. സംഗതി കാര്‍ർഡിയാക് അറസ്റ്റായിരുന്നു. അതും ഒരു തവണയല്ല. രണ്ട് തവണ. ഇതാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായത്. വീട്ടുകാര്‍ ഉടൻ തന്നെ അടിയന്തര മെഡിക്കല്‍ സംഘത്തെ ബന്ധപ്പെട്ട് വീട്ടിലെത്തിച്ചു. ശ്വാസമില്ലാതെ കിടക്കുന്ന ബെന്നിന്‍റെ ജീവൻ തിരിച്ചുപിടിക്കാൻ ഇവര്‍ പതിനേഴ് തവണയാണ് ഡീഫൈബ്രിലേറ്ററുപയോഗിച്ചത്.
പാരമെഡിക്കല്‍ സംഘമെത്തിയപ്പോള്‍ തന്നെ മരണം നടന്നുകഴിഞ്ഞോ എന്നാണവര്‍ സംശയിച്ചതത്രേ. നാല്‍പത് മിനുറ്റിനുള്ളില്‍ 11 തവണ ഡീഫൈബ്രിലേറ്റര്‍ ഉപയോഗിച്ച് ഷോക്ക് നല്‍കി. ഇതിന് ശേഷമാണ് നെഞ്ചിടിപ്പ് വന്നത്. ഇതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കെ വീണ്ടും കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചു.
അപ്പോഴും ഏവരും കരുതി ബെന്നിന്‍റെ മരണം സംഭവിച്ചുവെന്ന്. വീണ്ടും ആറ് തവണ കൂടി ഷോക്ക് നല്‍കേണ്ടി വന്നു. അങ്ങനെ പത്ത് മിനുറ്റ് കൂടി. ഒടുവില്‍ നെഞ്ചിടിപ്പ് വന്നതോടെ വേഗം ആശുപത്രിയിലെത്തിച്ചു. എത്തിയ ഉടൻ തന്നെ കോമയിലേക്ക് മാറ്റി. കൂടുതല്‍ അപകടം തലച്ചോറിന് അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.
അങ്ങനെ ആകെ അമ്പത് മിനുറ്റോളം ബെൻ മരിച്ചതിന് തുല്യമായി തുടര്‍ന്നു. മരിച്ചോ ഇല്ലയോ എന്ന് മെഡിക്കല്‍ സംഘത്തിന് പോലും ഉറപ്പിക്കാൻ കഴിയാത്ത രീതിയില്‍. ഇതിലും തീര്‍ന്നില്ല. ആശുപത്രിയില്‍ എത്തിയപ്പോഴും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് ഡോക്ടര്‍മാര്‍ വീട്ടുകാരോട് പറഞ്ഞത്. ഏറ്റവും മോശമായ അവസ്ഥയ്ക്ക് വരെ അവരെ തയ്യാറെടുപ്പിച്ചു. എന്നാല്‍ ഈ പ്രവചനങ്ങളെയെല്ലാം തകര്‍ത്തടുക്കിക്കൊണ്ട് ബെൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോള്‍ ആരോഗ്യനിലയൊക്കെ തൃപ്തികരമായി തുടരുന്ന ബെൻ വിവാഹാലോചനകളിലാണത്രേ.
അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ഇങ്ങനെയൊരാള്‍ക്ക് അടുപ്പിച്ച് കാര്‍ഡിയാക് അറസ്റ്റ് വരുന്നതും, മരിച്ചതിന് തുല്യമായി തുടരുന്നതും ഏവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും. അതിനാല്‍ തന്നെ ബെന്നിന്‍റെ കേസ് 'മിറാക്കിള്‍' എന്ന് തന്നെയാണ് ഡോക്ടര്‍മാരും വിശേഷിപ്പിക്കുന്നത്.
Also Read:- കറണ്ടിനോട് അഥവാ വൈദ്യുതിയോട് അലര്‍ജിയുണ്ടാകുമോ? ; ഉണ്ടാകുമെങ്കില്‍ അതെങ്ങനെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-