ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ട്.

ക്യാന്‍സറിനെക്കുറിച്ച് നിരവധി അറിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗനിര്‍ണയത്തിലും ചികിത്സയിലും പല മാറ്റങ്ങളും വന്നിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം ക്യാന്‍സറുകളുടെയും കാരണം കൃത്യമായി കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. 

ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ട്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. ആന്‍റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ധാരാളം കഴിക്കാം. എന്നാൽ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലത്. ഒപ്പം തന്നെ ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്.

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഈ തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. 

രണ്ട്... 

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കാനും സഹായിക്കും. 

മൂന്ന്...

ബീന്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതയെ തടയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

നാല്...

വാള്‍നട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈറ്റോസ്റ്റെറോൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് വാൾനട്സ്. ഈ ബയോ-ആക്ടീവ് ഘടകങ്ങൾക്ക് ക്യാൻസർ സാധ്യതകളെ കുറയ്ക്കുമത്രേ. 

അഞ്ച്...

ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്.

ആറ്...

വെളുത്തുള്ളി ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ അണുബാധയെ കുറയ്ക്കാനും കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുകയും ചെയ്യുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. അതിനാല്‍ ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

Also Read: മഞ്ഞുകാലത്തെ സന്ധി വേദന; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...