
മീസൽസ് (Measles) കേസുകൾ 80 ശതമാനത്തോളം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. അഞ്ചാംപനി കേസുകളുടെ വർദ്ധനവ് മറ്റ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുടെ മുൻകരുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2022 ജനുവരിയിലും ഫെബ്രുവരിയിലും ലോകമെമ്പാടും ഏകദേശം 17,338 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
2021 ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇത് 9,665 ആയിരുന്നുവെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. വാക്സിനേഷൻ അളവ് കുറയുമ്പോൾ വളരെ വേഗത്തിൽ അഞ്ചാംപനി കേസുകൾ വർദ്ധിക്കുന്നു. ഭൂരിഭാഗവും ആഫ്രിക്കയിലും കിഴക്കൻ മെഡിറ്ററേനിയനിലുമാണ് മീസൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും യുഎൻ ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകളും 9,000-ലധികം കേസുകളും സൊമാലിയയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. 2020-ൽ 23 ദശലക്ഷത്തിലധികം കുട്ടികൾക്ക് പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ നഷ്‌ടമായതായും യുഎൻ പറഞ്ഞു. 43 രാജ്യങ്ങളിലെ 57 വാക്സിനേഷൻ കാമ്പ്യയിനുകൾ മാറ്റിവച്ചുവെന്നും അവ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും ഇത് 203 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും യുഎൻ ഏജൻസികൾ പറഞ്ഞു.
അഞ്ചാം പനി അഥവാ മീസൽസ്...
മിക്സോ വെെറസ് വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്.
പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും.അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന ഒക്കെയുണ്ടാകാം.
അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam