'ചായകുടിയും ബീജത്തിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധം'

By Web TeamFirst Published Jun 10, 2022, 11:41 PM IST
Highlights

പ‍ഞ്ചസാരയും പാലും ചേര്‍ത്തുകൊണ്ട് ചായ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് തീര്‍ച്ചയായും നല്ലതല്ല. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. എന്നാല്‍ തേയില മാത്രമാണെങ്കില്‍ അതിന് പല ആരോഗ്യഗുണങ്ങളും ഉണ്ടെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

നമ്മളില്‍ ഭൂരിഭാഗം പേരും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയോടെ ( Drinking Tea ) ആകാം. അതുപോലെ ദിവസത്തില്‍ പലപ്പോഴും വിരസത മാറ്റാനും ഉന്മേഷം പകരാനുമെല്ലാം ചായയെ ( Drinking Tea )  ആശ്രയിക്കുന്നവരാണ് ഏറെയും. പ‍ഞ്ചസാരയും പാലും ചേര്‍ത്തുകൊണ്ട് ചായ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് തീര്‍ച്ചയായും നല്ലതല്ല. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. 

എന്നാല്‍ തേയില മാത്രമാണെങ്കില്‍ അതിന് പല ആരോഗ്യഗുണങ്ങളും ( Benefits of Tea ) ഉണ്ടെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനമാണിപ്പോള്‍ ചൈനയില്‍ നിന്ന് വരുന്നത്. 

ലോകമെമ്പാടുമുള്ള ജനതയെ നോക്കുമ്പോള്‍ ചായകുടിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യം ചൈനയാണ്. ചായ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നൊരു രാജ്യം കൂടിയാണ് ചൈന. അതുകൊണ്ടാകാം ഇത്തരമൊരു പഠനം അവിടെ തന്നെ നടന്നത്. 

വര്‍ഷങ്ങളായി പതിവായി ചായ കഴിക്കുന്ന പുരുഷന്മാരുടെ ബീജത്തിന് ഗുണമേന്മയും അളവും കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ചായകുടിയെ മാത്രമല്ല, പുകവലി, മദ്യപാനം മറ്റ് ജീവിതരീതികള്‍ എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തി ബീജത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ചായിരുന്നു ഗവേഷകര്‍ പഠിച്ചത്. 

ഇതിലാണ് ചായകുടി ബീജത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തിയത്. ഇതില്‍ ചായ കുടി പതിവാക്കിയവരില്‍ 50 ശതമാനത്തിലധികം പേരും പുകവലി ശീലമുള്ളവരും ആയിരുന്നു. പുകവലി നമുക്കറിയാം, പ്രത്യുത്പാദനവ്യവസ്ഥ അടക്കം ആകെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ശീലമാണ്. എന്നിട്ടും എങ്ങനെയാണ് ഇത്തരമൊരു ഫലം കിട്ടിയത് എന്നാണ് ഗവേഷകര്‍ തന്നെ അത്ഭുതപ്പെടുന്നത്. എന്തായാലും പഠനത്തിന്‍റെ ആധികാരികത സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. 

ക്യാന്‍സര്‍ രോഗം അടക്കം പല രോഗങ്ങളെയും ചെറുക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ചായ സഹായകമാണെന്ന രീതിയില്‍ ( Benefits of Tea ) പല പഠനങ്ങളും നേരത്തെ വന്നിട്ടുണ്ട്. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ആന്‍റി ഓക്സിഡന്‍റുകള്‍, അമിനോ ആസിഡ്, പ്രോട്ടീന്‍ തുടങ്ങി പല ഘടകങ്ങളും ഇതിന് സഹായിക്കുന്നവയാണ്. 

Also Read:- മൂത്രമൊഴിക്കുമ്പോള്‍ വേദന;പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യം...

click me!