
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാക്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി അദ്ദേഹത്തിന്‍റെ മരണം ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഏറെ ഗുരുതരമായ അവസ്ഥയില്‍ ആഴ്ചകളായി ആശുപത്രിയില്‍ തുടരുകയായിരുന്നു മുഷാറഫ്. ഇതിനിടെയാണ് ഇന്ന് അന്ത്യം സംഭവിച്ചതായി വാര്‍ത്തകള്‍ വരുന്നത്. എഴുപത്തിയെട്ടുകാരനായ മുഷാറഫിന് എന്താണ് സംഭവിച്ചതെന്ന് പലര്‍ക്കും അറിവില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു വിശദീകരണം ഇന്നലെ തന്നെ മുഷാറഫിന്‍റെ കുടുംബാംഗങ്ങള്‍ നല്‍കിയിരുന്നു.
പര്‍വേസ് മുഷാറഫിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുടുംബം സന്ദേശം പങ്കുവച്ചത്. Amyloidosis എന്ന രോഗമാണ് മുഷാറഫിന് എന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ട്വീറ്റില്‍ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അദ്ദേഹം വെന്‍റിലേറ്ററില്‍ അല്ല- അദ്ദേഹത്തിന്‍റെ രോഗം മൂര്‍ച്ഛിച്ചതോടെ മൂന്നാഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗമുക്തിക്ക് സാധ്യതയില്ലാത്ത ഏറെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്, അവയവങ്ങളെല്ലാം പ്രവര്‍ത്തനം നിലച്ച മട്ടിലാണ്. അദ്ദേഹത്തിന്‍റെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം-ഇതായിരുന്നു കുടുംബാംഗങ്ങളുടെ ട്വീറ്റ്.
ഈ ട്വീറ്റ് വന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് അന്ത്യം സംഭവിച്ചതായി വാര്‍ത്ത വരുന്നത്. ചില മാധ്യമങ്ങളെങ്കിലും അവശനിലയില്‍ ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മജ്ജയ്ക്കകത്ത് ഉത്പാദിപ്പിക്കപ്പെടുന്നൊരു പ്രോട്ടീന്‍ ആണ് അമൈലോയ്ഡ്. ഇത് കോശകലകളിലോ വിവിധ അവയവങ്ങളിലോ എല്ലാം നിക്ഷേപിക്കപ്പെടാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ മജ്ജയിലല്ലാതെ കാണാന്‍ സാധിക്കുകയില്ല. ഇത് ഹൃദയത്തിലോ വൃക്കകളിലോ കരളിലോ മറ്റ് അവയവങ്ങളിലോ നിക്ഷേപിക്കപ്പെടുന്ന അവസ്ഥയാണ് Amyloidosis.
വന്നുപെട്ടാല്‍ പിന്നെ മുക്തിയില്ലാത്ത അപൂര്‍വ്വമായ രോഗമാണിത്. രോഗത്തിന്‍റെ ടൈപ്പ് അനുസരിച്ച് മരുന്നുകളിലൂടെയും കീമോതെറാപ്പിയിലൂടെയും മൂലകോശം മാറ്റിവയ്ക്കുന്നതിലൂടെയുമെല്ലാം ആശ്വാസം കണ്ടെത്താമെന്ന് മാത്രം. രോഗി ജീവിച്ചിരിക്കുന്ന കാലത്തോളം ഇതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയാണ് മിക്ക കേസുകളിലും വിധി. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ഇതിനിടെ മരണവും സംഭവിക്കാം.
കൈകാലുകളില്‍ കുത്തുന്നത് പോലുള്ള വേദന, തളര്‍ച്ച, മരവിപ്പ്, ശ്വാസതടസം, ശരീരഭാരം കുത്തനെ കുറയുക, വയറ് വീര്‍ക്കുക, കൈലുകളിലോ ഉപ്പൂറ്റിയിലോ പാദത്തിലോ നീര് കയറി വീര്‍ത്തിരിക്കുക, ചര്‍മ്മത്തില്‍ എളുപ്പം പരുക്കുകള്‍ സംഭവിക്കുക, കണ്ണുകള്‍ക്ക് ചുറ്റും പര്‍പ്പിളഅ നിറത്തില്‍ ചെറിയ കുത്തുകള്‍ വരിക, നാക്കിന്‍റെ വലിപ്പം അസാധാരണമായി കൂടുക എന്നിവയെല്ലാം ഈ രോഗത്തിന്‍റെ ലക്ഷണങ്ങളായി വരാം.
ഹൃദയം, വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ മാത്രമല്ല, സ്പ്ലീന്‍, ദഹനാവയവങ്ങള്‍, തലച്ചോര്‍, നാഡീവ്യവസ്ഥ എന്നിവയെ എല്ലാം രോഗം ബാധിക്കാം. എന്തായാലും മുഷാറഫിന്‍റെ രോഗാവസ്ഥയെ കുറിച്ച് കുടുംബാംഗങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ വിവരങ്ങളഅ കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ നിലവിലെ അവസ്ഥ എന്താണെന്നത് വൈകാതെ തന്നെ ഔദ്യോഗികമായി പുറത്തുവരുമെന്നും പ്രതീക്ഷിക്കാം.
Also Read:- ഗായകന്‍ കെ കെയുടെ മരണം; രൂക്ഷവിമര്‍ശനങ്ങളും വിവാദങ്ങളും കൊഴുക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam