
മാനസിക സമ്മർദം അഥവാ ‘ടെന്‍ഷന്‍’ എന്ന് എല്ലാവരും പറയാറുള്ള അവസ്ഥ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്താണ് മാനസിക സമ്മര്‍ദം? മാനസികമോ, ശാരീരികമോ, വൈകാരികമോ ആയ ക്ലേശങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനസ്സിലുണ്ടാകുന്ന പ്രതികരണങ്ങളെയാണ് മാനസിക സമ്മർദം (stress) എന്നു പറയുന്നത്. ചെറിയ അളവിലുള്ള മാനസിക സമ്മര്‍ദ്ദം മനുഷ്യന് അനിവാര്യമാണ്. മാനസിക സമ്മര്‍ദ്ദം ഒരു വ്യാധിയായി പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമാണ് പ്രളയത്തിന് ശേഷം ഇനി ഉരുത്തിരിയുക.
പ്രളയത്തിന് ശേഷം കേരളത്തിൽ പടർന്ന് പിടിക്കാനിടയുള്ള പകർച്ചവ്യാധികൾക്ക് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാല്‍ അവരുടെ മാനസികാരോഗ്യം എങ്ങനെയായിരിക്കും? നഷ്ടപ്പെട്ടവ തിരിച്ചു കൊണ്ടു വരുന്നത് പ്രതീക്ഷിച്ച വേഗതയില്‍ സാധ്യമാകില്ല എന്ന് തിരിച്ചറിയുന്ന ഘട്ടമാണിത്. ശാന്തമായി പ്രതിസന്ധികളെ നേരിടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും നിസ്സഹായതയും നിരാശാബോധവും വിഷാദവും കുറച്ച് മനുഷ്യരെയെങ്കിലും പിടികൂടാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവുമധികം പേർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് കേരളത്തിന്‍റെ സ്ഥാനം.
മാനസികാരോഗ്യം നിലനിറുത്തുക എന്നത് പ്രധാനമാണ്. മാനസിക സമ്മര്‍ദ്ദത്തിന് കൂടുതല്‍ ഇരയാവുക സ്ത്രീകളും മധ്യവയസ്സിലെത്തിയ ഗൃഹനാഥന്മാരും വൃദ്ധജനങ്ങളുമായിരിക്കും. ഇതിന് എന്താണ് പരിഹാരം ? സമൂഹത്തിന് ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഏത് സമയത്തും അത്തരക്കാരെ കേള്‍ക്കാന്‍ സന്നദ്ധരായിരിക്കുക എന്നതാണ് പ്രധാനം. അവരുടെ അടുത്തേക്ക് പോയി വിശേഷങ്ങള്‍ ചോദിക്കുക. “എല്ലാം ശരിയാകും” എന്ന ഒരൊറ്റ വാചകം പോലും ഒരു മനുഷ്യന്‍റെ ജീവിതം മാറ്റി മറിച്ചേക്കാം. ഒരാളെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചേക്കാം. ഒരിക്കല്‍ അവരെ കേള്‍ക്കാനും അവരോട് സംസാരിക്കാനും ശ്രമിക്കുമെങ്കില്‍ മറഞ്ഞിരിക്കുന്ന ഉത്കണ്ഠയും വിഷാദവും നേരത്തേ തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം.
ദുരിതങ്ങൾ പറഞ്ഞാൽ തന്നെ പകുതി പേർക്കും ആശ്വാസമാകും. അവരെ കൃത്യമായി കേൾക്കാൻ മനഃശാസ്ത്രജ്ഞർ തന്നെ വേണമെന്നില്ല. മനസ്സുള്ള ആര്‍ക്കും അവരെ കേള്‍ക്കാം, ആശ്വാസിപ്പിക്കാം, കരുതല്‍ കാണിക്കാം, പറ്റാവുന്ന സഹായങ്ങള്‍ ചെയ്തുകൊണ്ടുക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam