എലിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Aug 14, 2019, 11:58 AM IST
Highlights

കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ 'ലെപ്ടോസ്പൈറ' അനേക നാൾ ജീവിച്ചിരിക്കും. 

കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ , ലെപ്ടോസ്പൈറ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികൾ വരാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത് .

കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. തുടക്കം സാധാരണ വൈറൽ പനിപോലെയാണെങ്കിലും അതിശക്തമായ പേശിവേദന, കണ്ണിന് ചുവപ്പ്, ശക്തമായ തലവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ എലിപ്പനിയുടെ സവിശേഷ ലക്ഷണങ്ങളാണ്. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയവ ഉണ്ടായിരിക്കുകയില്ല. ഉദരസംബന്ധമായ പ്രശ്നങ്ങളായ വയറുവേദന, ചർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. എലിപ്പനി ബാധിച്ച മിക്കവാറുമാളുകളിൽ ഏഴുമുതൽ പത്തു ദിവസത്തിനകം രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായി രോഗി സുഖം പ്രാപിക്കും. വീട് വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് എലിപ്പനി.

എലിപ്പനി എങ്ങനെയാണ് മരണകാരണമാകുന്നത്?

ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. വീൽസ് സിൻഡ്രോം എന്നു വിളിക്കുന്ന ഈ അവസ്ഥയിൽ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടർന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തിൽ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതൽ സങ്കീർണമാകുന്നത്. ശ്വാസകോശ രക്തസ്രാവം, വൃക്കസ്തംഭനം, ഹൃദയപ്രവർത്തനങ്ങളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് തുടങ്ങിയ സങ്കീർണതകളാണ് പ്രധാനമായും മരണകാരണമാകുന്നത്. ഗുരുതരമായ എലിപ്പനി ബാധയെത്തുടർന്ന് മരണനിരക്ക് 50 ശതമാനംവരെ ഉയരാം.

 ചികിത്സ...

മറ്റു പകർച്ചപ്പനികളെ അപേക്ഷിച്ച് എലിപ്പനിയുടെ ഒരു പ്രത്യേകത രോഗത്തെ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് കൃത്യമായി ചികിത്സിക്കാമെന്നതാണ്. ചികിത്സ രോഗാരംഭത്തിൽതന്നെ തുടങ്ങണമെന്നുമാത്രം. എലിപ്പനി ശരീരത്തിലെ ആന്തരാവയവങ്ങളെ ബാധിച്ചതിനുശേഷം ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകണമെന്നില്ല. അതുകൊണ്ടാണ് രോഗനിർണയത്തിനു കാത്തുനിൽക്കാതെ എലിപ്പനി സാധ്യതാലക്ഷണങ്ങളുമായി എത്തുന്ന എല്ലാവർക്കും ആന്റിബയോട്ടിക്കുകൾ നൽകാൻ ലോകാരോഗ്യസംഘടന ഉൾപ്പെടെ എല്ലാ ഏജൻസികളുടെയും മാനദണ്ഡങ്ങൾ നിർദേശിക്കുന്നത്. 

പെനിസിലിൻ ആണ് എലിപ്പനിക്കെതിരായ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്. കൂടാതെ ഡോക്സിസൈക്ലിൻ, സിഫാലോസ്പോറിനുകൾ, ക്വിനലോണുകൾ, അസിത്രോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്. പ്രളയബാധിതപ്രദേശങ്ങളിൽ കഴിയുന്നവരും ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും പനി ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ദിവസംപോലും വൈകാതെ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. 

ആന്തരാവയവങ്ങളെ ബാധിക്കാത്ത താരതമ്യേന ലഘുവായ എലിപ്പനിബാധയ്ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെയോ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെയോ ഒ.പി. ചികിത്സയും നിരീക്ഷണവും മതിയാകും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും എലിപ്പനി ചികിത്സയ്ക്കുള്ള മരുന്നുകൾ ലഭ്യമാണ്.

എങ്ങനെ പ്രതിരോധിക്കാം?

ആവർത്തിച്ച് വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്ന വീട്ടുകാരും വീട് ശുചീകരിക്കാൻ എത്തുന്ന സന്നദ്ധപ്രവർത്തകരും നിർബന്ധമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്. ഡോക്സിസൈക്ക്ലിൻ (Doxycycline) ആന്റി ബയോട്ടിക്ക് 100 മി ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ് ചയിൽ ഒന്ന് വീതം ആറാഴ്ച കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും ചിലർക്ക് ഡോക്സി സൈക്ക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങനെയുള്ളവർ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കുക. 

click me!