
കേരളത്തിൽ കാലവർഷം എത്തിയതോടെ പകർച്ചവ്യാധികളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് ഷിഗെല്ല ബാധ ഗണ്യമായി വർദ്ധിക്കുകയും അതിനൊപ്പം തന്നെ നിപ, വെസ്റ്റ് നൈൽ പനി കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തു. ഈ സമയത്ത് നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
മഴക്കാലം പല പകർച്ചവ്യാധികൾക്കും പടരാൻ അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. ജലമലിനീകരണം, അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, കൊതുക് പെരുകൽ, ശുചിത്വ സംവിധാനങ്ങളിലെ തകരാറുകൾ എന്നിവയെല്ലാം രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. ഈ രോഗങ്ങെളെക്കുറിച്ച് അറിയാം.
അതിവേഗം പടരുന്ന കുടൽ രോഗമാണ് ഷിഗെല്ല. സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ ഷിഗെല്ല രോഗബാധയാണ്. മലിനമായ ഭക്ഷണം, മലിനമായ വെള്ളം, വൃത്തിയില്ലാത്ത കൈകൾ എന്നിവയിലൂടെ പകരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കുടലിലെ അണുബാധയാണിത്. ബാക്ടീരിയയുടെ ഉയർന്ന വ്യാപനശേഷിയാണ് ഇതിനെ കൂടുതൽ ആശങ്കാജനകമാക്കുന്നത്. ചെറിയ അളവിൽ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ പോലും ഇത് കടുത്ത രോഗബാധയ്ക്ക് കാരണമാകും. വയറിളക്കം അല്ലെങ്കിൽ അയഞ്ഞ മലം, വയറുവേദനയും മലബന്ധവും, പനി, ഓക്കാനം, മലത്തോടൊപ്പം രക്തം പോവുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
നിപ വൈറസ്
2018 മുതൽ സംസ്ഥാനത്ത് പലതവണ നിപ വന്നിട്ടുണ്ട്. പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ പ്രധാന വാഹകർ. വവ്വാലുകൾ കടിച്ച പഴങ്ങളിലൂടെയോ, രോഗബാധിതരായ മൃഗങ്ങളിലൂടെയോ അല്ലെങ്കിൽ രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ഇത് മനുഷ്യരിലേക്ക് പകരാം. പനി, തലവേദന, ശരീരവേദന, കടുത്ത ക്ഷീണം, ബലഹീനത എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ചില രോഗികളിൽ ആരോഗ്യനില അതിവേഗം വഷളാകാം എന്നതാണ് പ്രധാന വെല്ലുവിളി. രോഗബാധിത പ്രദേശങ്ങളിൽ ആർക്കെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം.
വെസ്റ്റ് നൈൽ പനി
വെസ്റ്റ് നൈൽ വൈറസ് കൊതുക് കടിയിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗബാധിതരായ 70 മുതൽ 80 ശതമാനം ആളുകളിലും യാതൊരുവിധ ലക്ഷണങ്ങളും കാണാറില്ല. ലക്ഷണങ്ങൾ പ്രകടമാകുന്നവരിലാകട്ടെ ഇത് ഡെങ്കിപ്പനിയോ മറ്റ് വൈറൽ പനികളോ പോലെയാണ് അനുഭവപ്പെടുക. പനി, തലവേദന, ശരീരവേദന, കടുത്ത ക്ഷീണം, ചർമ്മത്തിൽ തിണർപ്പുകൾ ഉണ്ടാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രായമായവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതൽ.
രോഗത്തെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2. തിളപ്പിച്ചാറ്റിയ സുരക്ഷിതമായ വെള്ളം മാത്രം കുടിക്കുക.
3. പുതുതായി തയ്യാറാക്കിയ ചൂടുള്ള ഭക്ഷണം കഴിക്കുക.
4. ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
5. കൊതുക് നാശിനികളും ശരീരം മൂടുന്ന വസ്ത്രങ്ങളും ഉപയോഗിച്ച് കൊതുക് കടിയിൽ നിന്ന് രക്ഷ നേടുക.
6. ലക്ഷണങ്ങൾ കണ്ടാലുടൻ വൈകാതെ വൈദ്യസഹായം തേടുക.
ശ്രദ്ധിക്കാം
നല്ല ശുചിത്വ ശീലങ്ങൾ, സുരക്ഷിതമായ ഭക്ഷണ-ജല ശീലങ്ങൾ, കൊതുക് നശീകരണം, കൃത്യസമയത്തുള്ള ചികിത്സ എന്നിവയിലൂടെ ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam