ദിവസവും ആറ് ബോട്ടിൽ പശുവിൻ പാൽ നൽകി; പെട്ടന്നൊരു ദിവസം രണ്ട് വയസുകാരിയ്ക്ക് സംഭവിച്ചത്...

By Web TeamFirst Published Nov 16, 2019, 7:18 PM IST
Highlights

കുഞ്ഞുങ്ങള്‍ പാൽ കുടിച്ചില്ലെങ്കില്‍ വഴക്ക് പറയുന്ന അമ്മമാർ അറിയാൻ. രണ്ട് വയസുകാരിയായ മകൾക്ക് ദിവസവും കൊടുത്തിരുന്നത് ആറ് ബോട്ടിൽ പശുവിൻ പാൽ, അവസാനം സംഭവിച്ചത്.

ഒട്ടോവ: മിക്ക അമ്മമാരും കുഞ്ഞുങ്ങളെ നിർബന്ധപൂർവ്വം പാൽ കുടിപ്പിക്കാറുണ്ട്. പാൽ കുടിച്ചില്ലെങ്കിൽ കാത്സ്യത്തിന്റെ കുറവ് ഉണ്ടാകുമെന്ന് നമ്മുക്കറിയാം. കാത്സ്യത്തിന്റെ കുറവ് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കാം. കുഞ്ഞുങ്ങൾക്ക് നിർബന്ധപൂർവ്വം പാൽ നൽകുന്ന അമ്മമാർ അനസ്തേഷ്യ ജെന്‍കാരലി എന്ന കാനഡക്കാരിയുടെ  വേദനജനകമായ ആ കുറിപ്പ് വായിക്കാതെ പോകരുത്. 

അനസ്തേഷ്യയുടെ മകൾ മിയയ്ക്ക് കടുത്ത ക്ഷീണവും ശ്വാസതടസ്സവുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് എന്തോ അണുബാധ ആകാമെന്ന് കരുതി ഡോക്ടര്‍ അവള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി വീട്ടില്‍ വിടുകയും ചെയ്തു. മരുന്ന് നൽകിയെങ്കിലും വലിയ വ്യത്യാസമൊന്നും കണ്ടിരുന്നില്ല. പെട്ടെന്നൊരു ദിവസം അവൾ കൂടുതൽ ക്ഷീണിതയാവുകയും ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ പോലും ഉണ്ടായി. 

ഓരോ ദിവസം കഴിന്തോറും അവൾ കൂടുതൽ ക്ഷീണിച്ച് വരികയായിരുന്നു. എന്താണ് മകൾക്ക് പറ്റിയതെന്ന് അറിയാൻ മിയയെ വീണ്ടും ഡോക്ടറെ കാണിച്ചു. വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് കടുത്ത അനീമിയയും ആന്തരികരക്തസ്രാവവുമുണ്ടെന്നു ഡോക്ടർ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ കാരണമായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്  ഞെട്ടിക്കുന്ന വസ്തുത. 

അനസ്തേഷ്യ മിയയ്ക്ക് ദിവസവും നാല് മുതല്‍ ആറു ബോട്ടിൽ പശുവിന്‍ പാലാണ് നല്‍കിയിരുന്നത്. രക്തത്തിലെ ഓക്സിജന്‍ ശരീരത്തില്‍ എല്ലായിടത്തും എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ധാതുക്കളുടെ അഭാവം ഉണ്ടാകുമ്പോൾ, ഹീമോഗ്ലോബിൻ അളവ് കുറയുന്നു, ഇത് ക്ഷീണം, ബലഹീനത, ഊർജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

ചികിത്സിക്കാതെ വിടുകയാണെങ്കിൽ, സുപ്രധാന അവയവങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ ഇത് ജീവന് ഭീഷണിയാകും. അപൂർവ സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ശിശുക്കളിൽ, അമിതമായി പാൽ കുടിക്കുന്നതിലൂടെ ഇരുമ്പിന്റെ കുറവ് ഉണ്ടാകാം, കാരണം ഇത് ധാതുക്കളുടെ ആഗിരണം തടയുന്നു.

പശുവിൻ പാല്‍ അമിതമായി നൽകുന്നതാണ് ഇതിന്റെ കാരണമെന്ന് ഡോക്ടർ അനസ്തേഷ്യയോട് പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇത്. മുഴുവന്‍ രക്തവും മാറ്റി നല്‍കിയതോടെ മിയ മരണത്തില്‍ നിന്നു തിരികെ വന്നു.
മിയയ്ക്ക് സ്ഥിരമായി അയൺ മരുന്നുകൾ നൽകണമെന്നും ഡോക്ടർ പറഞ്ഞു. 

click me!