'ജനിതകമാറ്റം സംഭവിച്ച കൊറോണ മരണനിരക്ക് ഉയര്‍ത്തിയേക്കും'

By Web TeamFirst Published Dec 25, 2020, 1:47 PM IST
Highlights

നേരത്തേ ഉണ്ടായിരുന്ന വൈറസിനെക്കാള്‍ കൂറെക്കൂടി ശക്തിയുള്ളതാണ് പരിണാമത്തിന് വിധേയമായ പുതിയ വൈറസ് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം വേഗത്തിലായിരിക്കും എന്നതാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായി പോരാട്ടത്തിലാണ് ലോകം. വൈറസ് സ്ഥിരീകരിക്കപ്പെട്ട 2019 വര്‍ഷാന്ത്യം മുതല്‍ക്ക് തന്നെ ഇതിനെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായിരുന്നു. ഇപ്പോള്‍ വൈറസ് ആളുകളിലേക്ക് എത്തുന്ന സാഹചര്യം വരെയായിരിക്കുന്നു. മാസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വാക്‌സിന്‍ എന്ന ആശ്വാസം നമുക്ക് മുമ്പിലെത്തിയിരിക്കുന്നത്. 

എന്നാല്‍ ഇതിനിടെ വീണ്ടും ആശങ്കകള്‍ സൃഷ്ടിച്ചുകൊണ്ട് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കേസ് യുകെയില്‍ സ്ഥിരീകരിച്ചു. യുകെയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഈ വിഭാഗത്തില്‍പ്പെടുന്ന കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

നേരത്തേ ഉണ്ടായിരുന്ന വൈറസിനെക്കാള്‍ കൂറെക്കൂടി ശക്തിയുള്ളതാണ് പരിണാമത്തിന് വിധേയമായ പുതിയ വൈറസ് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം വേഗത്തിലായിരിക്കും എന്നതാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി. എന്തായാലും രോഗത്തിന്റെ തീവ്രത വര്‍ധിപ്പാന്‍ ഇതിന് കഴിയുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ ഗവേഷകലോകം ഉത്തരം നല്‍കിയിട്ടില്ല. 

അതേസമയം പുതിയ വൈറസിന്റെ വരവോട് കൂടി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതുവഴി മരണനിരക്ക് വര്‍ധിക്കുകയും ചെയ്യുമെന്നാണ് യുകെയില്‍ നടന്ന ഒരു പഠനം നല്‍കുന്ന സൂചന. 'ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപിക്കല്‍ മെഡിസിന്' കീഴിലുള്ള 'സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ്' ആണ് പഠനം നടത്തിയത്. 

നിലവില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന കൊറോണ നവൈറസുകളെക്കാള്‍ 70 ശതമാനം രോഗവ്യാപന സാധ്യത കൂടുതലാണത്രേ പുതിയ വൈറസിന്. അതിനാല്‍ത്തന്നെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. ഇത് മരണനിരക്കും ഉയര്‍ത്തും എന്നാണ് പഠനം വിശദീകരിക്കുന്നത്. വികസിപ്പിച്ചെടുത്തിരിക്കുന്ന വാക്‌സിനുകള്‍ ഉപയോഗിച്ച് തന്നെ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ യുകെ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പേരിലേക്ക് കുറഞ്ഞ സമയം കൊണ്ട് വാക്‌സിന്‍ എത്തിക്കാനുള്ള നീക്കവും ഇവിടെ സജീവമാണ്.

Also Read:- യുഎസില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കി...

click me!