കൊവിഡ് 19 എന്ന മഹാമാരി ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച രാജ്യമാണ് യുഎസ്. ഇപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗംവും വലിയ രീതിയിലാണ് പല അമേരിക്കന്‍ സ്റ്റേറ്റുകളേയും ബാധിക്കുന്നത്. ഇതിനിടെ വാക്‌സിന്‍ കുത്തിവയ്പ് ആരംഭിച്ചുവെന്ന വിവരമാണ് യുഎസില്‍ നിന്ന് വരുന്നത്. 

പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ഇതിനോടകം വാകിസ്‌ന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞുവെന്നാണ് 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) അറിയിക്കുന്നത്. കണക്കുകൂട്ടിയതിലും നേരത്തേ വാക്‌സിന്‍ വിതരണത്തിലേക്ക് കടക്കാന്‍ യുഎസിന് കഴിഞ്ഞുവെന്നും സിഡിസി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നു. 

എന്നാല്‍ ഈ മാസം തീരുന്നതിന് മുമ്പ് 20 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ സാധ്യമല്ലെന്നും അതിന് സമയം തികയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈസര്‍- ബയോഎന്‍ടെക് എന്നിവര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് യുഎസില്‍ വിതരണം ചെയ്യുന്നത്. 

2021 ആദ്യപാദത്തില്‍ ഒരു കോടി ആളുകളില്‍ വാക്‌സിന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. അടുത്ത പാദത്തില്‍ വീണ്ടും ഒരു കോടി പേര്‍. ഈ ലക്ഷ്യം പക്ഷേ, സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും തന്നെയാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിന് ശേഷം മാത്രമാണ് പൊതുജനങ്ങളിലേക്ക് കടക്കുക. 

Also Read:- കുട്ടികൾക്ക് ഇപ്പോൾ കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഡോ. വികെ പോള്‍...