Latest Videos

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍

By Web TeamFirst Published Jun 22, 2020, 8:38 PM IST
Highlights

നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കൊവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

അബുജ: കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍. നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കൊവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ആഫ്രിക്കക്കാര്‍ക്കു വേണ്ടി വാക്‌സിന്‍ പ്രാദേശികമായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്സിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. ഇക്കാര്യം ഗവേഷകസംഘ തലവനും അഡെലേകെ സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധന്‍ ഡോ. ഒലഡിപോ കോലവോലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ നൈജീരിയ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി വിശകലനങ്ങളും പരീക്ഷണങ്ങളും മെഡിക്കല്‍ അധികൃതരുടെ അനുമതിയും ആവശ്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകാന്‍ 18 മാസം കാലതാമസമുണ്ടാകും. ആസമയത്ത് വാക്സിന്‍ മറ്റ് വംശക്കാര്‍ക്കും പ്രയോജനകരമാകുമെന്നും കോലവോലെ പറഞ്ഞു. 

വാക്സിന്‍റെ ഗവേഷണത്തിന് ധനസഹായം നല്‍കാമെന്ന് അഡെലെക്ക് സർവകലാശാല വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണയ്ക്ക് വാക്സിന്‍ കണ്ടെത്തുന്നതില്‍ വിജയിച്ചാല്‍ അത് ആഫ്രിക്കയ്ക്ക് വലിയ നേട്ടമാകുമെന്ന് അഡെലെക്ക് സർവകലാശാല ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. സോളമൻ അഡെബോള പ്രതികരിച്ചതായി ഗാര്‍ഡിയല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!