
പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സംശയിക്കുന്നത്. പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എന്താണ് നിപ ? ലക്ഷണങ്ങൾ എന്തൊക്കെ?
നിപ വൈറസ് വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. ഇത് മനുഷ്യരിലും മറ്റ് മൃഗങ്ങളിലും നിപ്പ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നു. വളരെ ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗമാണിത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
ശരീരത്തിൽ രോഗം എത്തി കഴിഞ്ഞാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
കൃത്യമായി മാസ്‌ക് ധരിക്കുക. വായയും മുഖവും മൂടി തന്നെ മാസ്ക ഇടുക.
സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കുക.· ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുക രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിൾ ആവുന്നതാണ് ഉത്തമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam