
ക്ഷീണവും ഊർജ്ജക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരിക്കലും നിസാരമായി കാണരുത്. കാരണം അത് ചില പോഷകങ്ങളുടെ കുറവ് കൊണ്ട് വരുന്നതാകാം. ഊർജ്ജസ്വലമായും സജീവമായും തുടരാൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തന്നെ ലഭിക്കേണ്ടതുണ്ട്. ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.
ഊർജ്ജക്കുറവ് അനുഭവപ്പെടുമ്പോഴെല്ലാം കൂടുതൽ കഫീൻ ആവശ്യമാണെന്ന് അർത്ഥമില്ല. ശരീരം ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിലും അത് ശരീരഭാഗങ്ങളിലെത്തിക്കുന്നതിലും ഉപയോഗിക്കുന്നതിലും ചില പോഷകങ്ങൾ നേരിട്ട് പങ്കുവഹിക്കുന്നുണ്ടെന്ന് അഞ്ജലി പറഞ്ഞു. ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന പോഷകങ്ങളെയും സപ്ലിമെന്റുകളെയും കുറിച്ചുള്ള വിവരങ്ങളും പങ്കുവയ്ക്കുന്നു. ക്ഷീണവും ഊർജക്കുറവും കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില പോഷകങ്ങൾ.
ഒന്ന്
ഭക്ഷണത്തെ ഉപയോഗപ്രദമായ ഊർജ്ജമാക്കി മാറ്റുന്നതിനും സാധാരണ മെറ്റബോളിസത്തെ (ഉപാപചയ പ്രവർത്തനങ്ങളെ) സഹായിക്കുന്നതിനും ബി വിറ്റാമിനുകൾ സഹായിക്കുന്നു. ധാന്യങ്ങൾ, മുട്ട, പാലുൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവയിൽ ബി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.
രണ്ട്
ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാനും ഊർജ്ജം നൽകാനും ഇരുമ്പ് സഹായിക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധ പറയുന്നു. അതുകൊണ്ടാണ് ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് ക്ഷീണത്തിന് കാരണമാകുന്നത്. പരിപ്പ് വർഗ്ഗങ്ങൾ, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ, എള്ള്, മാംസം എന്നിവ ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്.
മൂന്ന്
മഗ്നീഷ്യമാണ് മറ്റൊന്ന്. ഇത് കോശങ്ങളിലെ ഊർജ്ജ ഉൽപ്പാദനം, പേശികളുടെ പ്രവർത്തനം, മെറ്റബോളിസം എന്നിവയെ സഹായിക്കുന്നു, ഇരുമ്പിന്റെ അംശം ലഭിക്കാൻ നട്സ്, വിത്തുകൾ, ഇലക്കറികൾ, ധാന്യങ്ങൾ എന്നിവയാണ് ഏറ്റവും മികച്ചത്.
നാല്
മൈറ്റോകോൺഡ്രിയയിലെ ഊർജ്ജ ഉൽപ്പാദനത്തെ CoQ10 സഹായിക്കുന്നുവെന്നും, കൊഴുപ്പുള്ള മത്സ്യങ്ങൾ, ആന്തരിക അവയവങ്ങൾ (organ meats), നട്സ്, വിത്തുകൾ എന്നിവയാണ് ഇതിന്റെ പ്രധാന ഉറവിടങ്ങളെന്നും പോഷകാഹാര വിദഗ്ധ വ്യക്തമാക്കുന്നു.
അഞ്ച്
വിറ്റാമിൻ ബി12 ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനം, നാഡികളുടെ ആരോഗ്യം, ഊർജ്ജ ഉപാപചയ പ്രവർത്തനം എന്നിവയെ സഹായിക്കുന്നു. മുട്ട, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മാംസം, അതുപോലെ പോഷകങ്ങൾ അധികമായി ചേർത്ത ഭക്ഷണങ്ങൾ (fortified foods) എന്നിവയെല്ലാം വിറ്റാമിൻ ബി12-ന്റെ പ്രധാന ഉറവിടങ്ങളാണ്.
ആറ്
ഫാറ്റി ആസിഡുകളെ മൈറ്റോകോൺഡ്രിയയിലേക്ക് എത്തിക്കാൻ എൽ-കാർനിറ്റിൻ സഹായിക്കുന്നു. അവിടെ അവ ഊർജ്ജ ഉൽപ്പാദനത്തിനായി ഉപയോഗിക്കപ്പെടുന്നു. മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവയാണ് എൽ-കാർനിറ്റിന്റെ (L-carnitine) പ്രധാന ഉറവിടങ്ങൾ.
ഏഴ്
ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും പേശികളുടെ പ്രവർത്തനത്തിനും നാഡികളുടെ സാധാരണ പ്രവർത്തനത്തിനും ഇലക്ട്രോലൈറ്റുകൾ സഹായിക്കുന്നു. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി ഇളനീർ കുടിക്കാനും പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും പോഷകാഹാര വിദഗ്ധ നിർദ്ദേശിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam