
ശ്വാസകോശത്തിന്‍റെ ആരോഗ്യം ബാധിക്കപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നൊരു കാര്യം തന്നെയാണ്. പുകവലി, അന്തരീക്ഷ മലിനീകരണം, അലര്‍ജി എന്നിങ്ങനെ നമ്മുടെ ചുറ്റുപാടുകളുമായും ജീവിതരീതികളുമായും ബന്ധപ്പെട്ട് തന്നെ പല ഘടകങ്ങളും ശ്വാസകോശത്തെ പ്രതികൂലമായ ബാധിക്കാറുണ്ട്.
ശ്വാസകോശത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാനാണെങ്കില്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നും മിക്കവര്‍ക്കും അറിയില്ല. ആദ്യമേ സൂചിപ്പിച്ചത് പോലെ പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ ഇതുപേക്ഷിക്കണം. അതുപോലെ തന്നെ മലിനമായ അന്തരീക്ഷത്തില്‍ അധികസമയം ചെലവിടരുത്. അലര്‍ജിയുള്ളവരാണെങ്കില്‍ അവര്‍ ദീര്‍ഘസമയം ചെലവിടുന്ന ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കണം. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്യാം.
ഒപ്പം തന്നെ ശ്വാസകോശാരോഗ്യം ഉറപ്പാക്കാൻ ഭക്ഷണത്തിലും നമുക്ക് ചിലത് ശ്രദ്ധിക്കാൻ സാധിക്കും. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് യുഎസില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
ഒമേഗ-3 ഫാറ്റി ആസിഡ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍.
'മറ്റ് പല രോഗങ്ങളുടെയും കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്കിനെ കുറിച്ചൊക്കെ പഠനങ്ങള്‍ ഇഷ്ടംപോലെ വന്നിട്ടുണ്ട്. പക്ഷേ ശ്വാസകോശത്തിന്‍റെ കാര്യത്തിലെത്തുമ്പോള്‍ ഭക്ഷണത്തിനുള്ള പങ്കിനെ കുറിച്ച് അധികം പഠനങ്ങള്‍ വന്നിട്ടില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ ഞങ്ങളുടെ പഠനം വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഒമേഗ- 3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്നു എന്നതാണ് ഞങ്ങളുടെ പഠനത്തിന്‍റെ നിഗമനം. എന്നുവച്ചാല്‍ ശ്വാസകോശത്തെ ബാധിക്കുന്ന പല രോഗങ്ങളെയും പ്രതിരോധിക്കാൻ ഒമേഗ-3 ഫാറ്റി ആസിഡ് ഉറപ്പിക്കുന്ന ന്യൂട്രീഷ്യനല്‍ തെറാപ്പി പോലുള്ള ചികിത്സാരീതികളുടെ പ്രാധാന്യം എല്ലാം ഇതിന്‍റെ പശ്ചാത്തലത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാൻ സാധിക്കും...'- പഠനത്തിന് നേതൃത്വം നല്‍കിയ പട്രീഷ്യ എ കസനോ എന്ന ഗവേഷക പറയുന്നു.
ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയത്തിന് നല്ലതാണ് എന്ന തരത്തിലുള്ള പഠനങ്ങള്‍ വളരെ നേരത്തെ വന്നിട്ടുണ്ട്. മറ്റ് പല അമൂല്യമായ ഗുണങ്ങളും ഇതിനുള്ളതായും പഠനങ്ങളുണ്ട്. എന്നാല്‍ ശ്വാസകോശത്തിന്‍റെ കാര്യത്തിലും ഒമേഗ-3 ഫാറ്റി ആസിഡിന് പങ്കുണ്ടെന്ന നിരീക്ഷണം ആദ്യമായാണ് വരുന്നത്.
പ്രധാനമായും മീൻ ആണ് ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ സ്രോതസ്. അതും കൊഴുപ്പുള്ള മീനുകള്‍. മത്തി, ചൂര എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഡയറ്ററി സപ്ലിമെന്‍റ് ആയും ഒമേഗ-3 ഫാറ്റി ആസിഡ് എടുക്കാൻ സാധിക്കും. പക്ഷേ ഇതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് നിര്‍ബന്ധമാണ്.
Also Read:- പൊടി അലര്‍ജിയുണ്ടോ? എങ്കില്‍ ഭക്ഷണത്തില്‍ ഇവയൊന്ന് ശ്രദ്ധിച്ചോളൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-