
കൊവിഡ് 19 ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ). ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
പല തവണ ജനിതകവ്യതിയാനത്തിന് വിധേയമായ ഒമിക്രോണ്‍ വകഭേദം കൊവിഡ് വ്യാപനം അതിവേഗത്തിലാക്കും എന്നതാണ് ഏറെ ആശങ്കാജനകമായ വസ്തുത. അതിനാല്‍ തന്നെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അധികൃതരും അതത് രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് പൂര്‍വ്വാധികം ശക്തി പകരാനാണ് ശ്രമിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയില്‍ ആകെ ഒമിക്രോണ്‍ കേസുകള്‍ ഇരുന്നൂറോളമെത്തിയിരിക്കുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
നേരത്തേ അതിശക്തമായ കൊവിഡ് തരംഗത്തിന് ഇടയാക്കിയ ഡെല്‍റ്റ എന്ന വകഭേദത്തെക്കാളും മൂന്ന് മടങ്ങ് അധികമായി കൊവിഡ് വ്യാപനം രൂക്ഷമാക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ അറിയിപ്പ്. അതിനാല്‍ തന്നെ ആഘോഷാവസരങ്ങള്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ വേണം മുന്നോട്ട് പോകാനെന്നും സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.
നിലവില്‍ ലഭ്യമായ വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാനാകില്ലെന്ന വാദത്തിനും ആരോഗ്യവകുപ്പ് വിശദീകരണം നല്‍കിയിട്ടുണ്ട്. വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ ഫലപ്രദമായി ചെറുക്കാനാകില്ല എന്ന് തറപ്പിച്ച് പറയാനും മാത്രമുള്ള തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മന്‍ുഖ് മാണ്ഡവ്യ അറിയിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയില്‍ തന്നെയാണ് ഒമിക്രോണ്‍ കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും അവസാനമായി 11 കേസുകള്‍ കൂടി വന്നതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 65 ആയി.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ദില്ലിയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ കേസുകള്‍ വന്നിട്ടുള്ളത്. 54 കേസുകളാണ് ഇവിടെയുള്ളത്. കര്‍ണാടക, ഗുജറാത്ത്, കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡെല്‍റ്റ മൂലമുണ്ടായ ശക്തമായ കൊവിഡ് തരംഗം രാജ്യത്തെ ആരോഗ്യമേഖലയെ ആകെ പിടിച്ചുലച്ചിരുന്നു. ഈ അനുഭവത്തെ മുന്‍നിര്‍ത്തി ഇനിയൊരു തരംഗം കൂടി വന്നാല്‍ അതിനെ നേരിടാന്‍ 'ആക്ടീവ് വാര്‍ റൂമുകള്‍'മായി തയ്യാറെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്.
Also Read:- ഒമിക്രോൺ വകഭേദം; അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam