
ഇന്ന് ഓഗസ്റ്റ് 20, ലോക കൊതുകുദിനം ആണ്. കൊതുകുജന്യ രോഗങ്ങള്‍, അഥവാ കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഈ രോഗങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് കൂടുതല്‍ അറിവുകള്‍ പകരുന്നതിനുമെല്ലാമാണ് ഇന്നേ ദിവസം കൊതുകുദിനമായി ആചരിക്കുന്നത്.
നമുക്കറിയാം ഡെങ്കിപ്പനി, മലേരിയ, സിക വൈറസ്, വെസ്റ്റ് നൈല്‍ പനി പോലെ വളരെ ഗൗരവമേറിയ പല രോഗങ്ങളും പരത്തുന്നത് കൊതുകുകളാണ്. ഓരോ വര്‍ഷവും ഈ രോഗങ്ങള്‍ മൂലം മരിക്കുന്നവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് കൊതുകുദിനത്തില്‍ കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള, അങ്ങനെ രോഗങ്ങളെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍/ മുന്നൊരുക്കങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഒന്ന്...
കൊതുകുകടിയേല്‍ക്കാതിരിക്കാൻ ഇന്ന് പല ക്രീമുകളും മൊസ്കിറ്റോ റിപ്പലന്‍റ്സുമെല്ലാം വിപണിയില്‍ സുലഭമാണ്. കൊതുകുശല്യമുള്ളയിടത്ത് ഏറെ നേരം തുടരുന്നുവെങ്കില്‍- അല്ലെങ്കില്‍ കൊതുകുശല്യമുള്ളയിടത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇവ ഉപയോഗിക്കാൻ കരുതലെടുക്കുക.
രണ്ട്...
വീട്ടിലോ മറ്റ് കെട്ടിടങ്ങളിലോ കൊതുകുകള്‍ അകത്ത് പ്രവേശിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാം. നെറ്റ് അടിക്കുന്നതാണ് ഇതിന് ഏറ്റവും ഫലപ്രദമായി ഇന്ന് ലഭ്യമായിട്ടുള്ള മാര്‍ഗം.
മൂന്ന്...
കൊതുകുകടിയേല്‍ക്കാതിരിക്കാൻ വസ്ത്രധാരണത്തിലും അല്‍പം ശ്രദ്ധയാകാം. കഴിവതും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. കൈകളും കാലുകളുമെല്ലാം മുഴുവനായി മറയുന്ന വസ്ത്രങ്ങള്‍ ധരിക്കാം. പ്രത്യേകിച്ച് കൊതുകുശല്യമുള്ളയിടങ്ങളില്‍ പുറത്തിരിക്കുമ്പോഴോ, നടക്കാൻ പോകുമ്പോഴോ എല്ലാം.
നാല്...
വീട്ടിലോ നിങ്ങള്‍ ഏറെ സമയം ചെലവിടുന്ന ഇടങ്ങളിലോ കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കാതിരിക്കുക. വെള്ളം കെട്ടിക്കിടക്കുന്നതാണ് പ്രാഥമികമായും തടയേണ്ടത്. കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പെറ്റുപെരുകുന്നത്. ഉപയോഗിക്കാത്ത പാത്രങ്ങളോ ചിരട്ടകളോ പ്ലാസ്റ്റിക് കുപ്പികളോ സഞ്ചികളോ എല്ലാം അലക്ഷ്യമായി ചുറ്റുപാടുകളില്‍ ഇടാതിരിക്കുന്നതിലൂടെയും കുറ്റിക്കാടും പുല്ലും വൃത്തിയാക്കുന്നതിലൂടെയുമെല്ലാം ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
അഞ്ച്...
കൊതുകുജന്യ രോഗങ്ങളെ കുറിച്ചും അവയുടെ ഗൗരവത്തെ കുറിച്ചും കൃത്യമായ അവബോധമുണ്ടാകണം. ഇത് സ്വയം മാത്രമുണ്ടായാല്‍ പോര, നമുക്ക് ചുറ്റുമുള്ളവര്‍ക്കും ഉണ്ടായിരിക്കണം. അതിന് കാര്യമായ പ്രവര്‍ത്തനങ്ങള്‍ തന്നെ വേണം.
Also Read:- കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദം; കേസുകള്‍ കൂടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് എന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-