കൊവിഡിന്‍റെ ഏറ്റവും പുതിയൊരു വകഭേദത്തെ ചൊല്ലിയാണ് ആശങ്ക ഉയരുന്നത്. ബിഎ.2.86 എന്നാണിതിന്‍റെ പേര്. 2021 നവംബറില്‍ കണ്ടെത്തപ്പെട്ട ഒമിക്രോണ്‍ എന്ന കൊവിഡ് വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമാണെന്ന് ഇതിനെ പറയാം. 

കൊവിഡ് 19 രോഗത്തിന്‍റെ ഭീഷണിയില്‍ നിന്ന് ഏറെക്കുറെ നാം മോചിതരായി എന്ന വിലയിരുത്തലിലാണ് ലോകരാജ്യങ്ങളിലെല്ലാമുള്ള ജനതകള്‍ മുന്നോട്ട് പൊയ്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് ഭീഷണിയില്‍ നിന്ന് നാം പൂര്‍ണമായും മോചിതരായിട്ടില്ല. പക്ഷേ കൊവിഡിനെ ഭയന്ന് ഒളിച്ചുകഴിയാനോ, ഓടിപ്പോകാനോ ഇനിയും നമുക്കാകില്ലല്ലോ. അതിനാല്‍ തന്നെ കൊവിഡുമായി പോരാടിക്കൊണ്ട് തന്നെയാണ് നാം മുന്നോട്ട് പോകുന്നത്. 

അതേസമയം കൊവിഡ് കാലം കഴിഞ്ഞു, ഇനി കൊവിഡിനെ പേടിക്കേണ്ടതില്ലെന്ന് ദൃഢമായി വിശ്വസിക്കുന്നതിലും അര്‍ത്ഥമില്ല. കാരണം ഓരോ ഇടവേളകളിലുമായി കൊവിഡ് കേസുകളുയരുന്നുണ്ട്. മരണങ്ങളും സംഭവിക്കുന്നുണ്ട്. ഒട്ടും ശ്രദ്ധയില്ലാത്തൊരു സാഹചര്യത്തില്‍ രോഗം വലിയ രീതിയില്‍ പടരുകയും ജനിതകമാറ്റങ്ങള്‍ സംഭവിച്ച വകഭേദങ്ങള്‍ രോഗതീവ്രത കൂടിയ മട്ടില്‍ മടങ്ങിയെത്തുകയും ചെയ്താല്‍ ഇനിയും ശക്തമായ കൊവിഡ് തരംഗങ്ങള്‍ നമ്മള്‍ കാണേണ്ടി വരും. ലോകാരോഗ്യ സംഘടനയില്‍ നിന്ന് അടക്കമുള്ള വിദഗ്ധര്‍ ഇക്കാര്യം ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതാണ്.

ഇപ്പോഴിതാ കൊവിഡിന്‍റെ ഏറ്റവും പുതിയൊരു വകഭേദത്തെ ചൊല്ലിയാണ് ആശങ്ക ഉയരുന്നത്. ബിഎ.2.86 എന്നാണിതിന്‍റെ പേര്. 2021 നവംബറില്‍ കണ്ടെത്തപ്പെട്ട ഒമിക്രോണ്‍ എന്ന കൊവിഡ് വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമാണെന്ന് ഇതിനെ പറയാം. 

ലോകാരോഗ്യ സംഘടനയും യുഎസിലെ 'സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കൺട്രോള്‍ ആന്‍റ് പ്രിവൻഷൻ' ഉം ട്രാക്ക് ചെയ്യാൻ തുടങ്ങിയതോടെയാണ് ബിഎ. 2.86 വൈറസ് വകഭേദം വാര്‍ത്തകളിലും നിറയുന്നത്. ഇതുവരെ ആറോളം കേസുകളാണത്രേ ഈ വകഭേദത്തിന്‍റേതായി സ്ഥിരീകരിച്ചിരിക്കുന്നത്. അതും നാല് രാജ്യങ്ങളില്‍. 

യുഎസ്, യുകെ, ഇസ്രയേല്‍, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലാണ് ബിഎ.2.86 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുപാട് തവണ ജനിതകമാറ്റം സംഭവിച്ചെത്തിയ വകഭേദമായതിനാല്‍ തന്നെ നിലവില്‍ ലഭ്യമായ വാക്സിനുകളെയെല്ലാം ഇത് വെട്ടിക്കുമെന്നത് തീര്‍ച്ച. എങ്കിലും ബൂസ്റ്റര്‍ ഡോസ് വാക്സിൻ എടുക്കുന്നത് നല്ലതാണെന്ന നിര്‍ദേശം തന്നെയാണ് ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ മുന്നോട്ടുവയ്ക്കുന്നത്. 

പെട്ടെന്ന് മനുഷ്യശരീരത്തില്‍ കയറിക്കൂടാമെന്നതിനാലും മുമ്പുള്ള വകഭേദങ്ങളില്‍ നിന്ന് ഏറെ മാറ്റം വന്നതാണ് എന്നതിനാലും ഇത് എത്രത്തോളം അപകടകാരിയാകാമെന്നതാണ് ഇപ്പോള്‍ തുടരുന്ന ആശങ്ക. എന്നാലിക്കാര്യം സംബന്ധിച്ച് ഒന്നും ഉറപ്പിച്ച് പറയാൻ നിലവില്‍ സാധിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 

കൊവിഡ് ലക്ഷണങ്ങളിലൊന്നും വ്യത്യാസമുണ്ടാകാൻ സാധ്യതയില്ലെന്നും അതേസമയം രോഗ തീവ്രത, രോഗം പകരുന്ന സമയത്തിന്‍റേ വേഗത- എന്നിവ സംബന്ധിച്ചൊന്നും വിവരങ്ങളില്ല. കൊവിഡ് പ്രതിരോധത്തിന് സാധാരണഗതിയില്‍ നാം ചെയ്യുന്ന കാര്യങ്ങളും പാലിക്കുന്ന മുന്നൊരുക്കങ്ങളും തന്നെയാണ് ഇതിന്‍റെ കാര്യത്തിലും ചെയ്യാനുള്ളതെന്നും വിദഗ്ധര്‍ പറയുന്നു. 

യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെല്ലാം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം ഇക്കഴിഞ്ഞ മാസങ്ങളിലുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പുതിയ വൈറസ് വകഭേദം ഏറെ അനിശ്ചിതത്വങ്ങള്‍ പകരുന്നു എന്ന് തന്നെ പറയാം. അതേസമയം വൈകാതെ തന്നെ ഈ വകഭേദം എത്രമാത്രം അപകടകാരിയാണ്, മരണനിരക്കിലും കൊവിഡ് കേസുകളുയരുന്ന കാര്യത്തിലും എത്രകണ്ട് തിരിച്ചടിയാകുമെന്നതും മനസിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ഗവേഷകര്‍ പങ്കുവയ്ക്കുന്നു. 

Also Read:- ഒമ്പത് തരം ക്യാൻസറുകള്‍ക്കുള്ള സാധ്യത ഒഴിവാക്കാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo