
മിക്കവര്‍ക്കും ഊണിനൊപ്പമോ ബിരിയാണിക്കൊപ്പമോ എല്ലാം കഴിക്കാൻ ഏറെയിഷ്ടമുള്ള വിഭവമാണ് റയ്ത്ത അഥവാ തൈര് ചേര്‍ത്ത സലാഡ്. ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോഴായാലും വീട്ടില്‍ നിന്ന് കഴിക്കുമ്പോഴായാലും റയ്ത്തയുണ്ടെങ്കില്‍ കുശാലായി എന്ന് ചിന്തിക്കുന്ന അത്രയും റയ്ത്ത പ്രേമികള്‍ തന്നെയുണ്ട്.
എന്നാല്‍ നിങ്ങള്‍ക്കൊരു കാര്യം അറിയാമോ? ആയുര്‍വേദ വിധിപ്രകാരം റയ്ത്ത ആരോഗ്യത്തിന് അത്ര ശരിയല്ല എന്നാണ്. അതിനുമാത്രം എന്താണ് ഇത്ര പ്രശ്നമുള്ളൊരു ചേരുവ റയ്ത്തയിലുള്ളത് എന്ന് നിങ്ങളും സംശയിക്കാം.
തൈര്, ഉള്ളി, പച്ചമുളക്, കറിവേപ്പിലയോ മല്ലിയിലയോ, തക്കാളി, കുക്കുംബര്‍, ക്യാരറ്റ്- ഇതൊക്കെയാണ് സാധാരണഗതിയില്‍ റയ്ത്തയില്‍ ആകെ ചേര്‍ക്കാറുള്ളത്. ഇവയെല്ലാം തന്നെ ശരീരത്തിന് വളരെ നല്ലതാണുതാനും.
സംഗതി എന്താണെന്നാല്‍ തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധാഹാരമാണെന്നാണ് ആയുര്‍വേദത്തിലെ വാദം. ഇത് പലരും സ്വീകരിക്കാറില്ലാത്തൊരു വാദം തന്നെയാണ്. എന്നാല്‍ ആയുര്‍വേദത്തോട് പ്രതിപത്തിയുള്ളവരെ സംബന്ധിച്ച് പിന്തുടരാമെന്ന് മാത്രം.
തൈര് ശരീരത്തിന് തണുപ്പേകുമ്പോള്‍ ഉള്ളി ചൂടാണ് നല്‍കുന്നതത്രേ. അങ്ങനെയെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആയുര്‍വേദത്തില്‍ പറയുന്ന ത്രിദോഷങ്ങളായ വാത-പിത്ത- കഫ ദോഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശദീകരണം. ദഹനക്കുറവ്, അസിഡിറ്റിയോ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടലോ പോലുള്ള ദഹനസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ക്കെല്ലാം ഇവ കാരണമാകുമത്രേ.
അധികപേരിലും വിരുദ്ധാഹാരം നിസാരമായ പ്രശ്നങ്ങളേ സൃഷ്ടിക്കൂ, എന്നാല്‍ ചിലരില്‍ വിരുദ്ധാഹാരം കാര്യമായ പ്രയാസങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആയുര്‍വേദം ചൂണ്ടിക്കാട്ടുന്നത്. അലര്‍ജി, ഛര്‍ദ്ദി (ഫുഡ് പോയിസണ്‍) പോലുള്ള പ്രശ്നങ്ങള്‍ വരെയുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്.
ഉള്ളി ചെറുതായി ഒന്ന് മൂപ്പിച്ച ശേഷം തൈരില്‍ ചേര്‍ത്ത് സലാഡാക്കിയാല്‍ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാൻ ആകുമത്രേ. എന്തായാലും ഇക്കാരണം കൊണ്ട് റയ്ത്ത കഴിക്കാതിരിക്കുന്നവര്‍ കുറവായിരിക്കും. പക്ഷേ ആയുര്‍വേദ വിധിപ്രകാരം ഇങ്ങനെയാണ് ഈ വിഷയം വിലയിരുത്തപ്പെടുന്നത് എന്ന് മാത്രം.
Also Read:- ഇഞ്ചി വിലയും കൂടുതല്‍; ഇഞ്ചി കേടാകാതെ സൂക്ഷിക്കാനിതാ ചില ടിപ്സ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-