
വായുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള രോഗങ്ങളും നമ്മെ അലട്ടാം. പല്ലില്‍ പോട്, പല്ല് പുളിപ്പ്, പുണ്ണ്, വായ്‍നാറ്റം എന്നിങ്ങനെ പല പ്രശ്നങ്ങളും ഇത്തരത്തില്‍ അനുഭവപ്പെടാം. എന്നാല്‍ മിക്കപ്പോഴും അധികയാളുകളും ഇങ്ങനെയുള്ള പ്രശ്നങ്ങളെയെല്ലാം നിസാരമായി തള്ളിക്കളയാറാണ് പതിവ്.
പക്ഷേ വായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതും വച്ചുകൊണ്ടിരുന്നാല്‍ ഭാവിയില്‍ അവ മറ്റ് രോഗങ്ങളിലേക്കും ഗുരുതരമായ അവസ്ഥകളിലേക്കും നമ്മെ നയിക്കാം. അതല്ലെങ്കില്‍ ഇവയെല്ലാം മറ്റ് പല രോഗങ്ങളുടെയും അവസ്ഥകളുടെയും ലക്ഷണമായി വരുന്നതുമാകാം. എന്തായാലും അത്തരത്തില്‍ ശ്രദ്ധിച്ചിരിക്കേണ്ട ചില രോഗങ്ങളെയും പ്രശ്നങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പല്ല് പോട്...
പല്ലില്‍ പോട് വരുന്നത് സാധാരണമായി കാണപ്പെടുന്നൊരു പ്രശ്നമാണ്. ഭക്ഷണത്തിലൂടെയെത്തുന്ന ഷുഗര്‍ വായ്ക്കകത്തെ ബാക്ടീരിയകള്‍ ചേര്‍ന്ന് വിഘടിപ്പിക്കുകയും ഇതിന്‍റെ ഫലമായി പുറത്തുവരുന്ന ആസിഡ് പല്ലുകളുടെ ഇനാമലിനെ ആക്രമിക്കുകയും ചെയ്യുന്നതോടെയാണ് പല്ലില്‍ പോടുണ്ടാകുന്നത്.
എന്നാല്‍ പോട് ചികിത്സിച്ച് പരിഹരിക്കാതെ വച്ചാല്‍ ഇത് അണുബാധയ്ക്കും പല്ലിനോട് ചേര്‍ന്ന് പഴുപ്പ് കെട്ടിക്കിടക്കുന്നതിനും പല്ല് നഷ്ടപ്പെടുന്നതിനുമെല്ലാം കാരണമാകാം.
മോണ രോഗം...
മോണരോഗം ചികിത്സിക്കാതെ വിട്ടാല്‍ വളരെ ഗുരുതരുമായ പരിണിതഫലങ്ങളാണ് ഭാവിയിലുണ്ടാവുക. ഹൃദ്രോഗങ്ങള്‍, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങി പല റിസ്കുകളും മോണ രോഗത്തിനുണ്ട്.
വായ്‍നാറ്റം...
വായ്‍നാറ്റം ആരോഗ്യപ്രശ്നം എന്നതില്‍ കവിഞ്ഞ് നമ്മെ മാനസികമായും ഏറെ ബാധിക്കുന്നതാണ്. നമ്മുടെ ആത്മവിശ്വാസത്തെ തന്നെ വലിയ രീതിയില്‍ തകര്‍ക്കുന്നൊരു പ്രശ്നം. എന്നാല്‍ വായ്‍നാറ്റം പതിവായി ഉണ്ടെങ്കില്‍ ഇത് നിങ്ങള്‍ പരിശോധിക്കണം. തക്കതായ കാരണമില്ലാതെ അങ്ങനെ സംഭവിക്കില്ല. പ്രമേഹം, വൃക്ക രോഗം, കരള്‍സംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍ പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെയെല്ലാം ലക്ഷണമാകാം വായ്‍നാറ്റം.
ക്യാൻസര്‍
ഓറല്‍ ക്യാൻസര്‍ അഥവാ വായയെ ബാധിക്കുന്ന അര്‍ബുദത്തെ കുറിച്ച് പറയാം. ചുണ്ട്, നാക്ക്, കവിളിന്‍റെ ഉള്‍ഭാഗം, മോണ.തൊണ്ട എന്നിങ്ങനെ എവിടെ വേണമെങ്കിലും ഓറല്‍ ക്യാൻസര്‍ ബാധയുണ്ടാകാം. വായില്‍ പുണ്ണ്, ഭക്ഷണം ഇറക്കാൻ പ്രയാസം, വായ്ക്കകത്ത് ചുവപ്പോ വെള്ളയോ നിറത്തിലുള്ള പാടുകള്‍, ചെറിയ മുഴ എന്നിങ്ങനെ പല ലക്ഷണങ്ങളും ഇതിന്‍റെ ഭാഗമായി കാണം. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ അധികപേരും ശ്രദ്ധിക്കാതെ വിടുന്നതാണ് പതിവ്.
പല്ല് കടിക്കല്‍
അധികവും ഉറക്കത്തിലാണ് ആളുകള്‍ പല്ല് കടിക്കുകയോ, പരസ്പരം ഉരയ്ക്കുകയോ എല്ലാംചെയ്യാറ്. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ക്രമണേ പല്ല് കേടായി ഇളകിപ്പോരല്‍, താടിയെല്ലില്‍ വേദന, അതുപോലെ താടിയെല്ലിന്‍റെ ഘടനയ്ക്ക് വ്യത്യാസം വരിക, തലവേദന പോലുള്ള പ്രശ്നങ്ങളെല്ലാം ബാധിക്കാം. സ്ട്രെസ്, ഉത്കണ്ഠ (ആംഗ്സൈറ്റി) എന്നിങ്ങനെയുള്ള മാനസികപ്രശ്നങ്ങളും അതുപോലെ ദന്തനിരയിലെ ക്രമക്കേടുമൊക്കെയാണ് ഉറക്കത്തില്‍ പല്ല് കടിക്കുന്ന ശീലമുണ്ടാക്കുന്നത്.
ഡ്രൈ മൗത്ത്
ഡ്രൈ മൗത്ത് പേരില്‍ സൂചിപ്പിക്കും പോലെ തന്നെ വായ്ക്കകം ഉമിനീര്‍ വറ്റി വരണ്ടുപോകുന്ന അവസ്ഥ തന്നെയാണ്. ഉമിനീര്‍ ഗ്രന്ഥി ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴാണ് ഡ്രൈ മൗത്തുണ്ടാകുന്നത്. ചില മരുന്നുകള്‍ കഴിക്കുന്നത്, ചില രോഗങ്ങള്‍ (ഉദാ: പ്രമേഹം), റേഡിയേഷൻ തെറാപ്പി എല്ലാം ഡ്രൈ മൗത്തിലേക്ക് നയിക്കാം. അതുപോലെ സ്ഥിരമായി വായിലൂടെ മാത്രം ശ്വസിച്ച് ശീലിക്കുന്നവരുണ്ട്. ഇവരിലും ഡ്രൈ മൗത്ത് കാണാം. ഡ്രൈ മൗത്ത് ക്രമേണ പല്ല് നഷ്ടപ്പെടുന്നതിലേക്കും, മോണരോഗത്തിലേക്കും മറ്റ് അണുബാധകളിലേക്കുമെല്ലാം നയിക്കാം. ഇത് കൂടാതെ ഭക്ഷണം വിഴുങ്ങുന്നതിനും സംസാരിക്കുന്നതിനുമെല്ലാം ഭാവിയില്‍ പ്രയാസം സൃഷ്ടിക്കാം.
പല്ല് പുളിപ്പ്
ധാരാളം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നമാണ് പല്ല് പുളിപ്പ്. ചൂടുള്ളതോ തണുത്തത്തോ മധുരമുള്ളതോ ആയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോള്‍ പല്ലില്‍ വേദനയും അസ്വസ്ഥതയുമെല്ലാം അനുഭവപ്പെടുന്ന അവസ്ഥയാണ് പല്ല് പുളിപ്പ്. ഇത് പല്ലിന്‍റെ ഇനാമല്‍ ബാധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാനമായും തെളിയിക്കുന്നത്. ക്രമേണ മോണ,പല്ലുകള്‍ എന്നിവയെല്ലാം ബാധിക്കപ്പെടാനും പല്ല് പൊട്ടാനോ, ഇളകിപ്പോരാനോ എല്ലാം ഇത് സാധ്യത കൂട്ടുന്നു. പല്ല് ഉരയ്ക്കല്‍, പതിവായി അമര്‍ത്തി ബ്രഷ് ചെയ്യല്‍, അസിഡിക് ആയ ഭക്ഷണപാനീയങ്ങള്‍ അധികം കഴിക്കുന്നത് എന്നിങ്ങനെ പല കാരണങ്ങള്‍ പല്ലിന്‍റെ ഇനാമലിനെ നശിപ്പിച്ച് പല്ല് പുളിപ്പിലേക്ക് നയിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-