കുഞ്ഞുങ്ങളാണ്! മുലപ്പാൽ നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, പീഡിയാട്രീഷൻ പറയുന്നതിങ്ങനെ...

Published : Nov 23, 2025, 05:39 PM ISTUpdated : Nov 23, 2025, 08:17 PM IST
breast feeding

Synopsis

മുലയൂട്ടൽ ചെറിയ കാര്യമല്ല, കുഞ്ഞുങ്ങളെ പാലൂട്ടുന്ന സമയത്ത് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. തിരുവനന്തപുരം എസ്പി വെൽഫോർട്ട് ഹോസ്പിറ്റൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോക്ടർ നീതു ഷമീം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം! 

മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരമൊരു സങ്കടവാർത്തയിലൂടെ ഓരോരുത്തരും കടന്നു പോയിട്ടുണ്ടാകും. പുതിയ അമ്മമാരെ ഈ വാർത്ത ഒട്ടൊന്ന് ആശങ്കപ്പെടുത്തിയേക്കും. ഒരു കുഞ്ഞ് അതിഥി ജീവിതത്തിലേക്ക് വരുമ്പോള്‍ അവരെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ പ്രധാനമാണ്. മുലയൂട്ടൽ ചെറിയ കാര്യമല്ല, കുഞ്ഞുങ്ങളെ പാലൂട്ടുന്ന സമയത്ത് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. തിരുവനന്തപുരം എസ്പി വെൽഫോർട്ട് ഹോസ്പിറ്റൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോക്ടർ നീതു ഷമീം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു...

മുലപ്പാൽ പോഷകസമ്പന്നമാണ്

ആദ്യത്തെ 6 മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം മതി. മലബന്ധം അനുഭവപ്പെട്ടാൽ ചിലർ മുന്തിരി നീര് കൊടുക്കാറുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങൾ ഡോക്ടേഴ്സ് പ്രോത്സാഹിപ്പിക്കാറില്ല. കു‍ഞ്ഞിന് വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലിലുണ്ട്. ആറ് മാസത്തിന് ശേഷമാണ് കുറുക്ക്, കഞ്ഞി, വെജിറ്റബിൾസ്, മുട്ട, ഇറച്ചി എന്നിവയൊക്കെ നമ്മൾ‌ കൊടുത്തുതുടങ്ങുന്നത്. ഒരു വയസിനുള്ളിൽ ഇവ പതിയെ കൊടുത്തു തുടങ്ങാം. രണ്ട് വയസുവരെ മുലപ്പാൽ കൊടുക്കാം. യുണിസെഫും ലോകാരോ​ഗ്യ സംഘടനയും പറയുന്നത് മറ്റ് ആഹാരങ്ങൾക്കൊപ്പം തന്നെ മുലപ്പാലും കൊടുക്കാമെന്നാണ്. രണ്ട് വയസിന് ശേഷം മുലപ്പാൽ കൊടുക്കണമോ എന്ന് പേരന്റ്സിന് തീരുമാനിക്കാം.

തൊണ്ടയിൽ പാൽ കുടുങ്ങിയാൽ എന്ത് ചെയ്യും?

പാലുകുടിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് പെട്ടെന്ന് പാലുകുടി നിർത്തുകയോ ചുമയ്ക്കുകയോ ചെയ്യുന്നതും കുഞ്ഞിന്റെ മൂക്കിലൂടെയും വായിലൂടെയും പാൽ പുറത്തേക്ക് വരുന്നതും പാൽ തൊണ്ടയിൽ കുടുങ്ങിയതിന്റെ ലക്ഷണങ്ങളാണ്. കുഞ്ഞ് ശ്വാസമെടുക്കുന്നത് പതിയെ ആകുന്നതും ശരീരം നീലിച്ച് വരുന്നതും കണ്ണ് തള്ളിവരുന്നതും ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. പാലൂട്ടുന്നതിനിടെ ഇത്തരം ലക്ഷണങ്ങൾ കുഞ്ഞ് പ്രകടിപ്പിച്ചാൽ പരിഭ്രാന്തരാകരുത്. ആദ്യം നമ്മൾ ശാന്തരാകുക. പിന്നീട് കു‍ഞ്ഞിനെ കമിഴ്ത്തി കിടത്തണം. തീരെ പൊടിക്കുഞ്ഞുങ്ങളാണെങ്കിൽ കൈപ്പത്തിയിലേക്ക് കിടത്താം. നെഞ്ച് കൈപ്പത്തിയിൽ വരുന്ന വിധത്തിലായിരിക്കണം. കുറച്ച് വ‌ലിയ കുട്ടികളാണെങ്കിൽ തുടയിലേക്ക് കമിഴ്ത്തി കിടത്തുക. തുടർന്ന് കുഞ്ഞിന്റെ പുറത്ത് കുറച്ച് ശക്തിയിൽ തട്ടണം. വായിലും മൂക്കിലും പാലുണ്ടെങ്കിൽ തെറിച്ചുപോകും. കുഞ്ഞിന്റെ ശരീരം നീലിച്ചുവരുന്നെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളിവയാണ്

പാൽ കുടുങ്ങിയെന്ന് തോന്നിയാൽ കുഞ്ഞിനെ ഒരു കാരണവശാലും മലർത്തിക്കിടത്തരുത്. അതുപോലെ തൊണ്ടയിൽ കയ്യിടാനും ശ്രമിക്കരുത്. മലർത്തിക്കിടത്തിയാൽ കുഞ്ഞിന്റെ വായിലും മൂക്കിലുമുള്ള പാൽ ശ്വാസനാളത്തിലേക്ക് വീണ്ടും കയറാൻ കാരണമാകും. അതുപോലെ കുഞ്ഞിനെ എടുത്ത് കുലുക്കരുത്. ഇങ്ങനെ ചെയ്താൽ ബ്രെയിനിൽ പരിക്കേൽക്കാും സാധ്യതയുണ്ട്. ചുമ വരുന്നത് തടയരുത്. ചുമയ്ക്കുന്നത് ലങ്സിൽ കുരുങ്ങിയ പാൽ പുറത്ത് പോകാൻ സ​ഹായിക്കും. അതിനാൽ അങ്ങനെയും ചെയ്യരുത്. ആ സമയത്ത് കുഞ്ഞിന് വെള്ളമോ പാലോ ജ്യൂസോ ഒന്നും കൊടുക്കാനും പാടില്ല

അമ്മ കിടന്നുകൊണ്ട് കുഞ്ഞിന് പാൽ കൊടുക്കരുത്

കിടന്നുകൊണ്ട് കുഞ്ഞിന് പാലുകൊടുക്കാൻ പാടില്ലെന്ന് ‌പറയാറുണ്ട്. അമ്മ കിടന്നാണ് പാൽ കൊടുക്കുന്നത്  എങ്കിൽ കറക്റ്റ് പൊസിഷനിലായിരിക്കില്ല കുഞ്ഞ് നിപ്പിൾ വായിൽ വെച്ചിട്ടുണ്ടാകുക. പാൽ വലിച്ചെടുക്കാൻ കുഞ്ഞിന് ബുദ്ധിമുട്ടായിരിക്കും. അമ്മയുടെ നിപ്പിൾ പൊട്ടാനും ഇൻഫെക്ഷൻ വരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ കുഞ്ഞിന് ഒരേസമയം പാൽ വലിച്ചെടുക്കാനും ശ്വാസമെടുക്കാനും ഇറക്കാനും കഴിയാതെ വരും. ഇത് വായിൽ പാൽ കെട്ടിക്കിടക്കാൻ കാരണമാകും. വായിൽ ഇങ്ങനെ പാൽ വെച്ചാൽ ചെവിയിൽ ഇൻഫെക്ഷൻ വരാനും സാധ്യതയുണ്ട്.

പാലൂട്ടുന്ന പൊസിഷൻ പ്രധാനം

കുഞ്ഞിന് പാൽ കൊടുക്കാനിരിക്കുന്ന പൊസിഷൻ പ്രധാനമാണ്. ഇരുന്നേ പാൽ കൊടുക്കാവൂ. സപ്പോർട്ട് കിട്ടുന്ന കസേരയിൽ, പ്രത്യേകിച്ച് കൈവെയ്ക്കാൻ പറ്റുന്ന കസേരയാണ് വേണ്ടത്. ബാക്കിൽ ഒരു തലയിണ വെച്ച് വേണമെങ്കിൽ സപ്പോർട്ട് ചെയ്യാം. കാൽ വേണമെങ്കിൽ ഒരു ടീപ്പോയിലോ മറ്റെവിടെയെങ്കിലുമോ ഉയർത്തിവെക്കാം. മടിയിലൊരു തലയിണ വെച്ച് അതിൽ കുഞ്ഞിന് കിടത്തി വേണം പാലുകൊടുക്കാൻ. നമ്മുടെ കൈമടക്കിൽ കുഞ്ഞിന്റെ തല വരണം. കുഞ്ഞിന്റെയും അമ്മയുടെയും വയറ് തൊട്ടിരിക്കണം. കുഞ്ഞിന്റെ മുഖം നമുക്ക് കാണാൻ പറ്റണം. ജലദോഷം ഉണ്ടെങ്കിൽ മൂക്ക് ക്ലീൻ ചെയ്തിട്ട് വേണം കുഞ്ഞിന് പാലു കൊടുക്കാൻ. ഏരിയോള പൂർണമായും കുഞ്ഞിന്റെ വായുടെ ഉള്ളിലായിരിക്കണം. പാല് കൊടുക്കുന്ന സമയത്ത് കുഞ്ഞിനെ ശ്രദ്ധിക്കണം. ​കരയുന്ന സമയത്ത് പാൽ കൊടുക്കരുത്. പാല് കൊടുത്തതിന് ശേഷം തോളിൽ കിടത്തി ​ഗ്യാസ് കളഞ്ഞതിന് ശേഷം മാത്രമേ കിടത്താവൂ. കുഞ്ഞിനെ കിടത്തുമ്പോൾ ചെറിയ പില്ലോയോ ടർക്കിയോ സൈഡിൽ വെച്ച് ചെരിച്ചേ കിടത്താവൂ. അഥവാ പാൽ തികട്ടിവന്നാലും പുറത്തേക്ക് ഒഴുകിപ്പൊയ്ക്കൊളും. സാധാരണ 20 മുതൽ 30 മിനിറ്റ് വരെയാണ് കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കേണ്ടത്. എന്നാൽ അതിൽക്കൂടുതൽ നേരം പാൽ കൊടുക്കുന്നതും പ്രശ്നമാണ്. കുഞ്ഞ് കുടിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ ഓവർ ഫീഡിം​ഗ് ചെയ്യുമ്പോഴും പാൽ തികട്ടി വന്ന് ശ്വാസകോശത്തിൽ കുടുങ്ങാൻ ചാൻസുണ്ട്.

മുലപ്പാലിന്റെ ​ഗുണങ്ങളറിയാം

കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലുണ്ട്. പ്രോട്ടീൻ, ഫാറ്റ്, വൈറ്റമിൻ, മിനറൽസ് എല്ലാം മുലപ്പാലിലുണ്ട്. കുട്ടികൾക്ക് ഇൻഫെക്ഷൻസ് വരാതിരിക്കാനുള്ള ഐജിഎ ആന്റിബോഡി, വെള്ളരക്താണുക്കൾ, ആന്റിവൈറൽ- ആന്റി ബാക്ടീരിയൽ ഫാക്റ്റേഴ്സ്, ലാക്റ്റോഫെറിൻ, ലൈസോസൈം എന്നിങ്ങനെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ ഘടകങ്ങളും മുലപ്പാലിലുണ്ട്. പശുവിൻ പാലിൽ നിന്നുള്ള അലർജിയിൽ നിന്നും രക്ഷപ്പെടുത്താൻ മുലപ്പാൽ സഹായിക്കും. ഭാവിയിൽ കുഞ്ഞുങ്ങൾക്ക് അലർജി, എക്സിമ, ആസ്ത്മ, മൂക്കൊലിപ്പ് ഇവയൊക്കെ കുറയ്ക്കാൻ സാധിക്കും. ബ്രെയിൻ ഡെവലപ്മെന്റിന് വേണ്ടിയുള്ള ഡിഎച്ച്എയും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.

അമ്മിഞ്ഞപ്പാൽ അമൃതാണെന്നൊരു പറച്ചിലുണ്ട്. അതിനാൽ മുലപ്പാൽ കരുതലോടെ നൽകാം. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി