'ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ ആളുകളില്‍ ഈ രോഗത്തിന് കൂടുതല്‍ സാധ്യത'

By Web TeamFirst Published Nov 20, 2020, 1:47 PM IST
Highlights

'ലൈംഗിക ന്യൂനപക്ഷം' എന്ന് കണക്കാക്കിപ്പോരുന്ന 'ലെസ്ബിയന്‍', 'ഗേ', 'ബൈസെക്ഷ്വല്‍' വിഭാഗക്കാര്‍ ഇപ്പോഴും അനുഭവിക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. ഇത്തരം പ്രതിസന്ധികളെല്ലാം തന്നെ അവരെ ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുന്നുണ്ട്

സ്വവര്‍ഗാനുരാഗികളോടുള്ള സമീപനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പല മാറ്റങ്ങളും നമ്മുടെ സമൂഹത്തില്‍ കാണാനാകുന്നുണ്ട്. അവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ തന്നെയാണ് പലതും. നിയമപരമായ പരിരക്ഷ ഇത്തരക്കാര്‍ക്ക് ഉറപ്പിക്കാനായി പരിശ്രമിക്കുന്നവരും ഇന്നേറെയാണ്. 

എങ്കിലും 'ലൈംഗിക ന്യൂനപക്ഷം' എന്ന് കണക്കാക്കിപ്പോരുന്ന 'ലെസ്ബിയന്‍', 'ഗേ', 'ബൈസെക്ഷ്വല്‍' വിഭാഗക്കാര്‍ ഇപ്പോഴും അനുഭവിക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. ഇത്തരം പ്രതിസന്ധികളെല്ലാം തന്നെ അവരെ ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുന്നുണ്ട്. 

കടുത്ത മാനസിക സമ്മര്‍ദ്ദം, വിഷാദരോഗം, ഉത്കണ്ഠ എന്നിവയെല്ലാം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടുതലാണ്. ഇങ്ങനെയുള്ള ഘടകങ്ങള്‍ മൂലം പ്രായമാകുമ്പോള്‍ കമ്മ്യൂണിറ്റിയിലുള്‍പ്പെട്ടവര്‍ക്ക് 'ഡിമന്‍ഷ്യ' അഥവാ മറവിരോഗം പിടിപെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് 'എല്‍ജിബി കമ്മ്യൂണിറ്റി' നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

'പ്രായമാകുമ്പോള്‍ മറവി പോലുള്ള തലച്ചോറിനെ ബാധിക്കുന്ന തരം പ്രശ്‌നങ്ങള്‍ വരുന്നത് അധികവും വിഷാദം- സ്‌ട്രെസ് പോലുള്ള അവസ്ഥകളിലൂടെ കടന്നുപോയവരിലാണ്. എല്‍ജിബി കമ്മ്യൂണിറ്റിയിലുള്‍പ്പെടുന്നവരാണെങ്കില്‍ നിരന്തരം സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവരില്‍ വിഷാദരോഗവും കൂടുതലായി കാണപ്പെടുന്നുണ്ട്. ഈ രണ്ട് ഘടകങ്ങളും പ്രായമാകുമ്പോള്‍ അവരില്‍ മറവിരോഗമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നു...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ നിംഗ് ഹ്‌സെയ് പറയുന്നു. 

തങ്ങളുടെ കണ്ടെത്തില്‍ ലൈംഗിക ന്യൂനപക്ഷക്കാരുടെ ജീവിതത്തിലേക്ക് കുറെക്കൂടി കരുതല്‍ പകരാന്‍ സമൂഹത്തെ പ്രേരിപ്പക്കട്ടേയെന്നും അവരെക്കൂടി അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതോടെയാണ് സമൂഹം പക്വതയാര്‍ജ്ജിക്കൂവെന്നും പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 

കുടുംബം, സ്‌കൂള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍, പൊതുസമൂഹം എന്നിവിടങ്ങളിലെല്ലാം ലൈംഗിക ന്യൂനപക്ഷക്കാര്‍ നിരന്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇവയെല്ലാം തന്നെ അവരെ ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനം അടിവരയിട്ട് പറയുന്നു.

Also Read:- പരസ്പരം ചുംബിക്കുന്ന പുരുഷ സൈനികരുടെ ചിത്രം; അമേരിക്കയില്‍ തരംഗമായി 'പ്രൗഡ് ബോയ്‌സ്' ക്യാംപയിന്‍...

click me!