സ്വവര്‍ഗാനുരാഗത്തോട് മുന്‍കാലങ്ങളില്‍ വച്ചുപുലര്‍ത്തിയ സമീപനങ്ങളില്‍ നിന്ന് ഇന്ന് പല രാജ്യങ്ങളും ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. രണ്ട് വ്യക്തികളുടെ പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യമാണ് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കുകയെന്നത് നാം വൈകിയെങ്കിലും മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. എങ്കില്‍പ്പോലും ഇപ്പോഴും സ്വവര്‍ഗാനുരാഗത്തെ മാനസിക വൈകല്യമായും, രോഗമായും കാണുന്നവരും കുറവല്ല. 

ഈ വിഷയത്തില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനായി അമേരിക്കയില്‍ തുടങ്ങിയിരിക്കുന്ന സോഷ്യല്‍ മീഡിയ ക്യാംപയിന്‍ ഇപ്പോള്‍ വലിയ തോതിലുള്ള ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. ഈ ജനശ്രദ്ധയ്ക്ക് പിന്നില്‍ പ്രത്യേക കാരണവും ഉണ്ട്. 'പ്രൗഡ് ബോയ്‌സ്' എന്ന ഹാഷ്ടാഗിലാണ് സ്വവര്‍ഗാനുരാഗികളായ ജോഡികളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെടുന്നത്. 

'പ്രൗഡ് ബോയ്‌സ്' എന്നത് അമേരിക്കയിലെ ഒരു തീവ്ര വലതുപക്ഷ ഗ്രൂപ്പാണ്. സ്വയം തങ്ങളെത്തന്നെ 'വെളുത്ത മേധാവികള്‍' എന്നാണ് പുരുഷന്മാരുടെ ഈ സംഘം വിളിക്കുന്നത്. നിറത്തിന്റെ പേരില്‍ അടുത്ത കാലത്ത് വലിയ തോതിലുള്ള മുന്നേറ്റങ്ങള്‍ കണ്ട അമേരിക്കയില്‍ ഇത്തരത്തില്‍ പ്രകടമായി വംശീയത പറയുന്ന ഒരു സംഘത്തെ പരോക്ഷമായി ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ചതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ 'പ്രൗഡ് ബോയ്‌സ്' വാര്‍ത്തകളില്‍ ഇടം തേടിയത്. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിനിടെയാണ് ട്രംപ് 'പ്രൗഡ് ബോയ്‌സി'നെ പരോക്ഷമായി പിന്തുണച്ചത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു. ഫാസിസ്റ്റ് വിരുദ്ധ ഇടത് സംഘടനയായ 'ആന്റിഫ'യെ ഇകഴ്ത്തിയും ട്രംപ് സംസാരിക്കുകയുണ്ടായി. ഇതും കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. 

ഈ പശ്ചാത്തലത്തിലാണ് സ്വവര്‍ഗാനുരാഗികളുടെ ക്യാംപയിന് 'പ്രൗഡ് ബോയ്‌സ്' എന്ന ഹാഷ്ടാഗ് നല്‍കാന്‍ യുവാക്കള്‍ തീരുമാനിച്ചത്. യുവാക്കള്‍ മാത്രമല്ല, പല പ്രായത്തിലും പല മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുമെല്ലാം ഈ സോഷ്യല്‍ മീഡിയ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായൊരു ചിത്രമായിരുന്നു 'കനേഡിയന്‍ ആംഡ് ഫോഴ്‌സസ്' തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചൊരു ചിത്രം. 

 

 

സ്വവര്‍ഗാനുരാഗികളായ രണ്ട് പുരുഷ സൈനികര്‍ തമ്മില്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. 'സ്‌നേഹമാണ് എല്ലാം' എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട ചിത്രം ഏറ്റവും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും, ശരിയുടെ പക്ഷത്തിനായി നടത്തുന്ന പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ ചിത്രമെന്നുമെല്ലാം നിരവധി പേര്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

 

 

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡോ ബൈഡനും തമ്മില്‍ നിരവധി തവണയാണ് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. പലപ്പോഴും ബൈഡന്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിച്ച ട്രംപിന്റെ പെരുമാറ്റത്തിനെതിരെയും വ്യാപക ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

Also Read:- എണ്ണയ്ക്കു പകരം കണ്ടീഷണർ ഒഴിച്ച് കാമുകിക്ക് ഭക്ഷണം പാകം ചെയ്തു നൽകി യുവതി, തിരിച്ചറിഞ്ഞത് ഒരാഴ്ചക്ക് ശേഷം...