മാസ്‌ക് ധരിച്ചാണോ പുറത്തിറങ്ങുന്നത്?; നിങ്ങളറിയേണ്ട അഞ്ച് കാര്യങ്ങള്‍...

By Web TeamFirst Published Mar 18, 2020, 8:01 PM IST
Highlights

നിലവില്‍ അവശ്യം മാസ്‌ക് ധരിക്കേണ്ടവര്‍ക്ക് പോലും കടകളില്‍ നിന്ന് മാസ്‌ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ആളുകള്‍ കൂട്ടമായി മാസ്‌ക് വാങ്ങി 'സ്‌റ്റോക്ക്' ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ തന്നെ ആവശ്യമില്ലാത്ത പക്ഷം മാസ്‌ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊഴിവാക്കാനും മാസ്‌ക് വാങ്ങി സൂക്ഷിക്കുന്നത് നിര്‍ത്തലാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു

ഏറെ ആശങ്കകള്‍ പകര്‍ന്നുകൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മിക്കവാറും പേരും മാസ്‌ക് ധരിച്ചാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ ഇത്തരത്തില്‍ എല്ലാവരും വ്യാപകമായി മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുപറയുന്നത്. 

ആരൊക്കെയാണ് മാസ്‌ക് ധരിക്കേണ്ടത്, മാസ്‌ക് ധരിക്കാതെ തന്നെ എങ്ങനെ പുറത്തിറങ്ങാം തുടങ്ങി വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോക്ടര്‍മാര്‍...

ഒന്ന്...

ചുമയോ തൊണ്ടവേദനയോ ശ്വാസതടസമോ പനിയോ ഇല്ലാത്തവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഈ ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍ തീര്‍ച്ചയായും മാസ്‌ക് ധരിക്കാം. അതോടൊപ്പം തന്നെ പ്രാഥമിക പരിശോധനകള്‍ നടത്തുകയും വേണം. 

രണ്ട്...

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അല്‍പം അകലം പാലിക്കേണ്ടതുണ്ട്. ഒരു മീറ്റര്‍ അല്ലെങ്കില്‍ മൂന്നടി അകലമാണ് മറ്റുള്ളവരില്‍ നിന്ന് പാലിക്കേണ്ടത്. 

മൂന്ന്...

പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാന്‍ കഴിയുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. മറ്റുള്ളവരില്‍ നിന്ന് തന്നിലേക്ക് രോഗം പകരാതിരിക്കാനല്ല, മറിച്ച് തന്നില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാനാണ് മാസ്‌ക് ധരിക്കുന്നത് എന്ന് മനസിലാക്കുക.

നാല്...

കൊറോണ വൈറസ് ബാധയുടേതായ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ തീര്‍ച്ചയായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. അപ്പോഴും മാസ്‌ക് ധരിക്കുന്നതിനും അഴിക്കുന്നതിനും ഇടയ്ക്ക് മുഖത്ത് കൈ കൊണ്ട് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 

അഞ്ച്...

രോഗികളോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ മാത്രമല്ല ഇവരുമായി അടുത്തിടപഴകുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതുണ്ട്. നിലവില്‍ അവശ്യം മാസ്‌ക് ധരിക്കേണ്ടവര്‍ക്ക് പോലും കടകളില്‍ നിന്ന് മാസ്‌ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ആളുകള്‍ കൂട്ടമായി മാസ്‌ക് വാങ്ങി 'സ്‌റ്റോക്ക്' ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ തന്നെ ആവശ്യമില്ലാത്ത പക്ഷം മാസ്‌ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊഴിവാക്കാനും മാസ്‌ക് വാങ്ങി സൂക്ഷിക്കുന്നത് നിര്‍ത്തലാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

click me!