മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ കുഴഞ്ഞുവീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. കെകെ താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ ഇതിനിടെ രൂക്ഷവിമര്‍ശനവുമായി കെകെയുടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്

പ്രമുഖ ഗായകന്‍ കെകെയുടെ ( kk singer ) അപ്രതീക്ഷിത വിയോഗത്തിന്‍റെ ദുഖത്തിലാണ് രാജ്യത്തെ സംഗീതാസ്വാദകര്‍. മലയാളിയായ കെ കെ ( കൃഷ്ണകുമാര്‍ കുന്നത്ത് ) ശ്രദ്ധേയനായത് ഹിന്ദി-തമിഴ് സിനിമാഗാനങ്ങളിലൂടെയായിരുന്നു. മലയാളത്തില്‍ ഒരേയൊരു ഗാനം മാത്രമാണ് അദ്ദേഹം ആലപിച്ചിട്ടുള്ളൂ. 

ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന കണ്‍സേര്‍ട്ടിന് പിന്നാലെയാണ് ഗായകന്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തത് ( kk death ). പ്രാഥമിക നിഗമനപ്രകാരം ഹൃദയാഘാതം മൂലമാണ് കെ കെ യുടെ അന്ത്യം. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. 

മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ കുഴഞ്ഞുവീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. കെകെ താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. 

എന്നാല്‍ ഇതിനിടെ രൂക്ഷവിമര്‍ശനവുമായി കെകെയുടെ ( kk singer ) ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നടന്ന കണ്‍സേര്‍ട്ടില്‍ സംഘാടകരുടെ അശ്രദ്ധ മൂലം കെകെ ഏറെ ബുദ്ധിമുട്ടിയെന്നും ഇതാണ് അദ്ദേഹത്തെ മരണത്തിലേക്ക് ( kk death ).നയിച്ചതെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം. 

കണ്‍സേര്‍ട്ട് നടന്നത് അടഞ്ഞ ഓഡിറ്റോറിയത്തിലായിരുന്നു. ഇവിടെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. കൂട്ടത്തില്‍ ടിക്കറ്റ് എടുക്കാതെ തന്നെ പലരും ഓഡിറ്റോറിയത്തില്‍ ഇടിച്ചുകയറിയത് തിരക്ക് വര്‍ധിക്കാനിടയായി. ഈ സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഗായകന്‍ പാടിയതെന്ന് പരിപാടിയില്‍ പങ്കെടുത്ത ആരാധകര്‍ തന്നെ പറയുന്നു. 

പലവട്ടം കെ കെ പരസ്യമായിത്തന്നെ സംഘാടകരോട് എസി ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ആരും അത് ചെവികൊണ്ടില്ലെന്നും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോപിക്കുന്നു. പരിപാടിക്കിടെ അസാധാരണമാം വിധം കെ കെ വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു. ഇത് ഇന്ന് പ്രചരിക്കുന്ന ചില വീഡിയോകള്‍ പരിശോധിച്ചാലും മനസിലാകും- ആരാധകര്‍ പറയുന്നു. 

കൊല്‍ക്കത്തയില്‍ പരിപാടി നടന്ന ഓഡിറ്റോറിയത്തിന് പുറത്തേക്ക് നടന്നുവരുന്ന കെ കെയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. അവശനും അസ്വസ്ഥനുമായാണ് അദ്ദേഹത്തെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അതിന് തൊട്ടുമുമ്പത്തെ ദിവസവും ഇതേ ഓഡിറ്റോറിയത്തില്‍ എസി ഇല്ലാതെ കെ കെയ്ക്ക് പരിപാടി അവതരിപ്പിക്കേണ്ടി വന്നിരുന്നുവത്രേ. 

അടഞ്ഞ ഒരു സ്ഥലത്ത് ധാരാളം പേര്‍ തിങ്ങിക്കൂടിയിരിക്കുമ്പോള്‍ പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥ കൂടിയാകുമ്പോള്‍ അത് താപാഘാതം ( Heat Stroke ), നിര്‍ജലീകരണം ( Dyhydration ), ബിപിയില്‍ (രക്തസമ്മര്‍ദ്ദം) പെടുന്നനെ വ്യതിയാനം എന്നിവയിലേക്ക് എല്ലാം നയിച്ചേക്കാം. ഇവയെല്ലാം തന്നെ ഹൃദയാഘാത സാധ്യതകളും ഒരേസമയം വര്‍ധിപ്പിക്കാം. 

ഇതിന് പുറമെ ഓഡിറ്റോറിയത്തിനകത്ത് ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ സ്പ്രേ ചെയ്തിരുന്നതായും പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. ആളുകള്‍ തിങ്ങിയിരിക്കുന്ന അടഞ്ഞ ഒരു സ്ഥലത്ത് ഇത് ഗുരുതരമായ ഫലമാണുണ്ടാക്കുകയെന്ന് ഇവര്‍ പറയുന്നു. അതുപോലെ തന്നെ കെ കെ അവശനിലയിലായ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഹോട്ടല്‍ മുറിയിലേക്കാണ് സംഘാടകര്‍ ആദ്യം കൊണ്ടുപോയതെന്നതും വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളാണ് പ്രധാനമായും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ പോലും നല്‍കാന്‍ സംഘാടകര്‍ കൂട്ടാക്കാതിരുന്നത് കെകെയെ മരണത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് ഇവരുടെ ആരോപണം. എന്തായാലും കെകെയുടെ തീര്‍ത്തും അപ്രതീക്ഷിതമായ മരണം പല വിവാദങ്ങള്‍ക്കുമാണ് ഇപ്പോള്‍ തിരി കൊളുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലേ ഇതിന്‍റെ വ്യക്തമായ വിശദാംശങ്ങള്‍ നമുക്ക് ലഭ്യമാവുകയുള്ളൂ.

Also Read:- 2021ല്‍ ഹൃദയാഘാതം കവര്‍ന്നെടുത്ത പ്രമുഖര്‍...