നട്ടെല്ലിന് വളവുള്ളതിന്റെ പേരിൽ ദയാവധത്തിന്റെ വക്കിലെത്തിയ പിറ്റോ അവിടെ നിന്ന് നടന്നത് സ്വൈരജീവിതത്തിലേക്ക്

By Web TeamFirst Published Jun 24, 2020, 2:09 PM IST
Highlights

ദയാവധത്തിന് വിധേയനാക്കാൻ വേണ്ടിയാണ് ആ പൂച്ചയെ വെറ്ററിനറി ക്ലിനിക്കിലേക്ക് കൊണ്ടുവന്നത്. എന്നാൽ, പിറ്റോയുടെ നോട്ടം കരളിൽ തറച്ചുപോയ ആ ഡോക്ടർക്ക് അവനെ എന്തോ വിഷം കുത്തിവെച്ച് കൊന്നുകളയാൻ മനസ്സുവന്നില്ല. 

നട്ടെല്ലിന് കാര്യമായ വളവുണ്ട്. തടി പതിവിലും എത്രയോ ഓവറാണ്. എന്നാലെന്താ? സുന്ദരമായൊരു മുഖമില്ലേ പിറ്റോയ്ക്ക്? പിറ്റോ ആരാണെന്നോ? ബ്രിട്ടീഷ് ഷോർട്ട് ഹെയർ എന്ന ഇനത്തിൽ പെട്ട ഒരു പെഡിഗ്രീഡ് പൂച്ചയാണ് നാലുവയസ്സുകാരനായ പിറ്റോ. സ്കോളിയോസിസ് എന്നൊരു ജനിതകരോഗത്തിന് അടിമയാണ് പിറ്റോ. നട്ടെല്ല് വല്ലാതെ വളഞ്ഞു പോകുന്ന ഒരു രോഗമാണ് സ്കോളിയോസിസ്. ഈ രോഗം ബാധിക്കുന്ന പൂച്ചകൾക്ക് മറ്റുള്ള പൂച്ചകളെക്കാൾ നീളവും ഉയരവും ഒക്കെ കുറവാകും. പതിവിൽ കവിഞ്ഞ തടി തോന്നിക്കുകയും ചെയ്യും. 

 

 

ഇങ്ങനെ വിലക്ഷണമായി പിറന്നുവീണ പിറ്റോയെ പരിചരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവനെ ദയാവധത്തിന് വിധേയനാക്കാൻ വേണ്ടിയാണ് വെറ്ററിനറി ക്ലിനിക്കിലേക്ക് കൊണ്ടുവന്നത്. എന്നാൽ, പിറ്റോയുടെ നോട്ടം കരളിൽ തറച്ചുപോയ ആ ഡോക്ടർക്ക് അവനെ എന്തോ വിഷം കുത്തിവെച്ച് കൊന്നുകളയാൻ മനസ്സുവന്നില്ല. " പിറ്റോയെ എനിക്ക് തന്നോളൂ.. ഇവനെ കൊല്ലാൻ എനിക്കാവുന്നില്ല.

ഞാൻ നോക്കിക്കൊള്ളാം ഇവനെ. " എന്ന് ഉടമയോട് പറഞ്ഞ്, ആ ദയാവധത്തിന്റെ പ്ലാൻ റദ്ദാക്കി ഡോക്ടർ. അടുത്തിടെ ക്ലിനിക്ക് സന്ദർശിച്ച് വയോധികദമ്പതികൾക്ക് പിറ്റോയെ ഇഷ്ടപ്പെട്ടു. അവർ അവനെ അവരുടെ ഫ്ലാറ്റിലേക്ക് കൂട്ടി. ഇന്നു അവരുടെ സ്നേഹപരിചരണത്തിൽ സുഖസുഭിക്ഷ ജീവിതം നയിക്കുകയാണ് പിറ്റോ. പിറ്റോയുടെ പേരിൽ എന്നൊരു ഇൻസ്റ്റഗ്രാം പേജും ഈ ദമ്പതികൾ തുടങ്ങിയിട്ടുണ്ട്. അവന് നിരവധി ഫാൻസും സാമൂഹ്യമാധ്യമങ്ങളിൽ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. 

 

 

നട്ടെല്ലിന്റെ വളവ് കാരണം പിറ്റോയ്ക്ക് ഒരൊറ്റ പ്രശ്നമേ ഉള്ളൂ. മറ്റു പൂച്ചകളെപ്പോലെ ഉയരത്തിൽ ചാടാൻ അവനാവില്ല. അതിനിപ്പോ എന്താ? അവനു നല്ല ഒന്നാന്തരമായി നടക്കാനും, ഉരുളാനും, സോഫയിൽ അള്ളിപ്പിടിച്ച് കയറാനും ഒക്കെ പറ്റുമല്ലോ. അവന്റെ ഫ്ലാറ്റിലേക്ക് പുതിയ അതിഥികളാരെങ്കിലുമൊക്കെ വന്നാൽ ഉടൻ അടുത്തുചെന്ന് കാലിൽ ഉരുമ്മും പിറ്റോ. പിന്നെ പതുക്കെ അവർ ഇരിക്കുന്ന സോഫയിൽ അള്ളിക്കയറി അടുത്ത് ഇരിപ്പുറപ്പിക്കും. പിന്നെ അവനെ തഴുകാതിരിക്കാൻ ആർക്കുമാവില്ല. അതുതന്നെയാണ് അവന്റെ ലക്ഷ്യവും.

 

സ്കോളിയോസിസ് ബാധിച്ചത് പിറ്റോയുടെ ചലനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടുണ്ട് എങ്കിലും, അവന് വിശേഷിച്ച് വേദനയൊന്നും അസുഖം കൊണ്ടില്ല എന്നാണ് അവനെ വളർത്തുന്ന ദമ്പതികൾ അവകാശപ്പെടുന്നത്. 

click me!