Covid 19 : കൊവിഡിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടാറുണ്ടോ?

By Web TeamFirst Published Oct 3, 2022, 8:34 PM IST
Highlights

കൊവിഡ് 19ന്‍റെ ഭാഗമായി ഒരു വിഭാഗം പേരില്‍ നെഞ്ചുവേദന കാണുന്നുണ്ട്. മിക്കവരിലും കൊവിഡിന് ശേഷമാണ് ഈ പ്രശ്നം കണ്ടുവരുന്നതും. കൊവിഡിന് ശേഷം ഇത്തരത്തില്‍ നെഞ്ചുവേദനയും നെഞ്ചിനകത്ത് അസ്വസ്ഥതയും പതിവായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. 

നെഞ്ചുവേദനയും നെഞ്ചിലെ അസ്വസ്ഥതയും പല കാരണങ്ങള്‍ മൂലമുണ്ടാകാം. എന്തായാലും സമയത്തിന് മെഡിക്കല്‍ പരിശോധന ആവശ്യമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങളാണിവ. കാരണം, ഹൃദയാഘാതം പോലുള്ള വളരെ ഗൗരവതരമായ അവസ്ഥയുടെ വരെ ലക്ഷണമായി നെഞ്ചുവേദനയും നെഞ്ചിലെ അസ്വസ്ഥതയും വരാം. 

എന്നാലിപ്പോള്‍ കൊവിഡ് 19ന്‍റെ ഭാഗമായി ഒരു വിഭാഗം പേരില്‍ നെഞ്ചുവേദന കാണുന്നുണ്ട്. മിക്കവരിലും കൊവിഡിന് ശേഷമാണ് ഈ പ്രശ്നം കണ്ടുവരുന്നതും. കൊവിഡിന് ശേഷം ഇത്തരത്തില്‍ നെഞ്ചുവേദനയും നെഞ്ചിനകത്ത് അസ്വസ്ഥതയും പതിവായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. 

എന്തുകൊണ്ട് കൊവിഡിന് ശേഷം നെഞ്ചുവേദന?

കൊവിഡിന് ശേഷം ദീര്‍ഘനാളത്തേക്ക് തുടരുന്ന ആരോഗ്യപ്രശ്നങ്ങളെ ലോംഗ് കൊവിഡ് എന്നാണ് വിളിക്കുന്നത്. നിത്യജീവിതത്തില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ തന്നെയാണ് ലോംഗ് കൊവിഡ് സൃഷ്ടിക്കുക. ഇതിലുള്‍പ്പെടുന്നൊരു പ്രശ്നമാണ് നെഞ്ചുവേദനയും നെഞ്ചിലെ അസ്വസ്ഥതയും. 

കൊവിഡ് വൈറസുമായി രോഗ പ്രതിരോധ വ്യവസ്ഥ പോരാടുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന 'ഓട്ടോ ഇമ്മ്യൂണ്‍ പ്രോസസ്' ( പ്രതിരോധവ്യവസ്ഥയ്ക്ക് സ്വന്തം കോശങ്ങളും പുറത്തുനിന്നുള്ള രോഗാണുക്കളുടെ കോശങ്ങളും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയെന്ന് ലളിതമായി പറയാം. ഇതോടെ പ്രതിരോധവ്യവസ്ഥ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന സാഹചര്യമുണ്ടാകാം.) ആകാം ഇതിന് പിന്നിലെ ഒരു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. 

ചിലരില്‍ കൊവിഡ് ശ്വാസകോശത്തെ ബാധിക്കാം. ഇങ്ങനെയുള്ള കേസുകളിലും നെഞ്ചുവേദനയും അസ്വസ്ഥതയുമുണ്ടാകാം. ശ്വാസകോശത്തിലെ പേശികളില്‍ വേദനയുണ്ടാകുന്നതും അതുപോലെ കൊവിഡിന് ശേഷം ന്യുമോണിയ ബാധിക്കുന്നതുമെല്ലാം കാരണമായി വരാം. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിലും കൊവിഡിന് ശേഷം നെഞ്ചുവേദനയോ അസ്വസ്ഥതയോ ഉണ്ടാകാം. 

ചികിത്സ...

ആദ്യമേ സൂചിപ്പിച്ചത് പോലെ ഒട്ടും നിസാരമായി തള്ളിക്കളയാവുന്ന പ്രശ്നമല്ല നെഞ്ചുവേദനയും അസ്വസ്ഥതയും. ഇത് കൊവിഡിന് ശേഷമാണെങ്കിലും നിര്‍ബന്ധമായും പരിശോധിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ മൂലം വേദനയും അസ്വസ്ഥതയും ഉണ്ടാകാമെന്നതിനാല്‍ കാരണം അറിഞ്ഞ് മനസിലാക്കിയ ശേഷം അനുയോജ്യമായ ചികിത്സ തീരുമാനിക്കുക ഡോക്ടര്‍മാര്‍ തന്നെയാണ്. തീര്‍ച്ചയായും ചികിത്സയിലൂടെ ഇത് ഭേദപ്പെടുത്താൻ സാധിക്കും. എന്നാല്‍ ചികിത്സ തേടാൻ സമയം വൈകിക്കാതിരിക്കുക. 

Also Read:- ലോംഗ് കൊവിഡ് ഉണ്ടോ?; ഇത് നേരത്തെ തിരിച്ചറിയാമെന്ന് ഗവേഷകര്‍

click me!