
മഴക്കാലമാകുമ്പോള്‍ പൊതുവെ ഒരുപാട് ആരോഗ്യപ്രശ്നങ്ങളുയര്‍ന്ന് വരാറുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് ഫംഗല്‍- ബാക്ടീരിയല്‍ അണുബാധകളെല്ലാം. മഴക്കാലത്തെ തണുപ്പും ഈര്‍പ്പവും തന്നെയാണ് ഇത്തരത്തിലുള്ള അണുബാധകള്‍ക്കെല്ലാം കാരണമാകുന്നത്.
രോഗാണുക്കളായ ഫംഗസ്- ബാക്ടീരിയ എന്നിവയ്ക്കെല്ലാം കഴിയാനുള്ള അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തെ ഈര്‍പ്പമുള്ള അന്തരീക്ഷമുണ്ടാക്കുന്നത്. ഇക്കൂട്ടത്തില്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരത്തില്‍ വിവിധയിടങ്ങളില്‍ അണുബാധ പിടിപെടാം. ഇതൊഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
നനവില്‍ നിന്ന് മോചിപ്പിക്കാം...
നനവും ഈര്‍പ്പവുമാണ് രോഗാണുക്കള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കുന്നതെന്ന് പറഞ്ഞുവല്ലോ. അതിനാല്‍ കഴിയുന്നതും ശരീരഭാഗങ്ങള്‍- പ്രത്യേകിച്ച് കൈകാലുകള്‍, സ്വകാര്യഭാഗങ്ങള്‍, കക്ഷം- കഴുത്ത് പോലുള്ള ഭാഗങ്ങളൊക്കെ നനവില്‍ നിന്ന് മോചിക്കപ്പെട്ടിരിക്കണം. ഇക്കാര്യം ശ്രദ്ധിക്കുക.
വസ്ത്രം...
വസ്ത്രത്തിലെ നനവും ഈര്‍പ്പവും അതുപോലെ തന്നെ രോഗാണുക്കളെ ആകര്‍ഷിക്കും. അതിനാല്‍ നനവിരിക്കും വിധത്തിലുള്ള തുണികള്‍ ധരിക്കാതിരിക്കുക. നനവ് പിടിക്കുന്ന കോട്ടണ്‍, ലിനൻ തുണികളുടെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. ഡെനിം പോലുള്ള ഫാബ്രിക്കുകളെല്ലാം കഴിയുന്നതും ഒഴിവാക്കുക.
അടിവസ്ത്രങ്ങള്‍ സമയാസമയം മാറ്റാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍ നന്നായി ഉണങ്ങാതെ ധരിക്കുകയും അരുത്.
നിത്യവും നാമുപയോഗിക്കുന്ന ടവലുകള്‍, ബെഡ് ഷീറ്റുകള്‍, തലയിണ കവറുകള്‍, കുഷിൻ കവറുകള്‍ എല്ലാം അലക്കി വൃത്തിയാക്കി ഉപയോഗിക്കാനും ശ്രദ്ധിക്കണേ.
അണുബാധ കണ്ടാല്‍...
എന്തെങ്കിലും തരത്തിലുള്ള അണുബാധ കണ്ടാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി ക്രീമുകളോ മറ്റോ വാങ്ങി പുരട്ടരുത്. ഇത് കുറെക്കൂടി പ്രശ്നമാകാനും സാധ്യതയൊരുക്കാം. ഡോക്ടറെ കണ്ട ശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന ചികിത്സ മാത്രം പിന്തുടരുക.
അതുപോലെ ചൊറിച്ചിലുണ്ടായാലും ചൊറിയുകയേ അരുത്. ഇത് അണുബാധ കൂട്ടും. ഒപ്പം നഖത്തിലും രോഗാണുക്കള്‍ കയറാനും ശരീരത്തില്‍ മറ്റിടങ്ങളിലേക്ക് അണുബാധ പടരാനും സാധ്യതയേറുന്നു.
മറ്റ് രോഗങ്ങളുള്ളവര്‍...
ചില രോഗങ്ങളുള്ളവരില്‍ അണുബാധകള്‍ക്ക് സാധ്യത കൂടുതലാണ്. പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്നങ്ങളെല്ലാം ഉള്ളവരില്‍ ഇതുപോലെ അണുബാധകള്‍ക്ക് സാധ്യത കൂടുതലുണ്ട്. അതിനാല്‍ മറ്റെന്തെങ്കിലും രോഗമുള്ളവര്‍ അതിന് അനുസരിച്ച് ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
മറ്റുള്ളവരുടെ സാധനങ്ങളുപയോഗിക്കുമ്പോള്‍...
കഴിയുന്നതും മറ്റുള്ളവരുപയോഗിക്കുന്ന സോപ്പ്, ചീപ്പ്, ടവല്‍ പോലുള്ള വളരെ സ്വകാര്യമായ സാധനങ്ങള്‍ മാറി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വസ്ത്രങ്ങളും അങ്ങനെ തന്നെ. ഇവയെല്ലാം അണുബാധകള്‍ക്കുള്ള വഴിയൊരുക്കാം.
Also Read:- മുഖം തിളങ്ങാനും മുഖക്കുരു മാറാനും എങ്ങനെയാണ് മഞ്ഞള്‍ ഉപയോഗിക്കേണ്ടത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam