കുടലിന്റെ സംരക്ഷണത്തിന് പ്രോ ബയോട്ടിക്കും പ്രീബയോട്ടിക്കും; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

Published : Feb 25, 2025, 04:56 PM IST
കുടലിന്റെ സംരക്ഷണത്തിന് പ്രോ ബയോട്ടിക്കും പ്രീബയോട്ടിക്കും; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

Synopsis

കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിമാറ്റങ്ങളിലൂടെയും കുടലിന്റെ ആരോഗ്യത്തെ തിരിച്ചുപിടിക്കാനാകും.

ബാക്ടീരിയകളും വൈറസും ഫംഗസുകളുമടക്കം കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ വാസകേന്ദ്രമാണ് നമ്മുടെ കുടല്‍. ഇവയെല്ലാം ചേര്‍ന്നതിനെ കുടല്‍ മൈക്രോബയോട്ട  (Gut Microbiota)  എന്നാണ് പറയുന്നത്. കുടലിലെ സൂക്ഷ്മാണുക്കളുടെ ആരോഗ്യവും വൈവിധ്യവുമാണ് കുടലിന്റെ ആരോഗ്യത്തിന്റെ അടിത്തറ

 

 

ആരോഗ്യമുള്ള ശരീരത്തിന്റെ അടിസ്ഥാനമാണ് ആരോഗ്യമുള്ള കുടല്‍. ദഹനവ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം, പോഷകങ്ങളുടെ ആഗിരണം, രോഗപ്രതിരോധ ശേഷി എന്ന് തുടങ്ങി മാനസികാരോഗ്യം വരെ കുടലിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനാലാണ് കുടലിനെ ശരീരത്തിലെ രണ്ടാമത്തെ തലച്ചോറായി കണക്കാക്കുന്നത്. ബാക്ടീരിയകളും വൈറസും ഫംഗസുകളുമടക്കം കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ വാസകേന്ദ്രമാണ് നമ്മുടെ കുടല്‍. ഇവയെല്ലാം ചേര്‍ന്നതിനെ കുടല്‍ മൈക്രോബയോട്ട  (Gut Microbiota)  എന്നാണ് പറയുന്നത്. കുടലിലെ സൂക്ഷ്മാണുക്കളുടെ ആരോഗ്യവും വൈവിധ്യവുമാണ് കുടലിന്റെ ആരോഗ്യത്തിന്റെ അടിത്തറ. ഗട്ട് ബാക്ടീരിയയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന്റെ പങ്ക് നിര്‍ണായകമാണ്. കുടല്‍ മൈക്രോബയോട്ടയെ സമ്പുഷ്ടമാക്കുന്ന ആഹാരത്തിലെ ഈ ഘടകങ്ങളെ പ്രീബയോട്ടിക്കുകളെന്നും പ്രോബയോട്ടിക്കുകളെന്നും പറയുന്നു. കുടലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ നല്ല ബാക്ടീരിയകള്‍ അടങ്ങിയ ഭക്ഷണമാണ് പ്രോബയോട്ടിക്കുകള്‍.  നല്ല ബാക്ടീരിയകള്‍ ഭക്ഷണമാക്കുന്ന പ്രത്യേക നാരുകള്‍ അടങ്ങിയവയാണ് പ്രീബയോട്ടിക്കുകള്‍ എന്ന് അറിയപ്പെടുന്നത്. 

കുടലിന്റെ ആരോഗ്യം പ്രധാനം

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തില്‍ നിര്‍ണായക പങ്കാണ് കുടലിനുള്ളത്. കുടലിലെ കോടിക്കണക്കിന് സൂക്ഷ്മാണുക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കുടല്‍ മൈക്രോബയോട്ടയിലുണ്ടാകുന്ന മാറ്റം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു. ഈ സൂക്ഷ്മാണുക്കളുടെ വൈവിധ്യവും പ്രവര്‍ത്തനങ്ങളും സന്തുലിതമാകുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാകും. ഗുണകരമായ ഇത്തരം സൂക്ഷ്മാണുക്കള്‍ ആരോഗ്യസംരക്ഷണത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് നിരവധി പഠനങ്ങളാണ് നടക്കുന്നത്. അറിഞ്ഞതിനേക്കാള്‍ ഏറെയാകും ഇവയുടെ ഗുണങ്ങളെന്ന് സാരം.  മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതിലും ഗട്ട് ബാക്ടീരിയകളുടെ പങ്ക് നിര്‍ണായകമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ദഹനവ്യവസ്ഥയും തലച്ചോറും തമ്മിലുള്ള സങ്കീര്‍ണമായ ആശയവിനിമയ സംവിധാനത്തെ ഗട്ട്-ബ്രെയിന്‍ ആക്‌സിസ് എന്നാണ് സൂചിപ്പിക്കുന്നത്. ഇരുഭാഗങ്ങളിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ ഇതുവഴി സാധ്യമാകും. മാനസികാവസ്ഥ, സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ ഈ സന്ദേശങ്ങള്‍ സ്വാധീനിക്കുന്നു. അമിതമായ ടെന്‍ഷനും ആശങ്കയും സന്തോഷവുമെല്ലാം നമ്മുടെ വിശപ്പിനെ ബാധിക്കാറുണ്ട്. ചിലര്‍ക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുമ്പോള്‍ ചിലര്‍ അമിതമായി ഭക്ഷണം കഴിക്കും. മറ്റുചിലര്‍ക്കാകട്ടെ വയറുവേദനയടക്കം നിരവധി അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. ഇവയെല്ലാം ഈ ഗട്ട്- ബ്രെയിന്‍ ബന്ധത്തിന്റെ ഫലമാണ്. ചില ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നതും ഇതിന്റെ ഫലമാണ്.

ഭക്ഷണത്തിന്റെ പങ്ക്

കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യവും ശൃംഖലയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. നവജാത ശിശുക്കള്‍ക്ക് മുലപ്പാലിലൂടെയാണ് കുടലിലെ ഗുണമുള്ള ബാക്ടീരിയ കൈമാറപ്പെടുക. പിന്നീട് ആഹാരത്തിലൂടെയും ഇവ ലഭിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുടല്‍ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കും. രോഗകാരികളായ സൂക്ഷ്മാണുക്കള്‍ക്കൊപ്പം നല്ല ബാക്ടീരിയകളും വന്‍തോതില്‍ നശിപ്പിക്കപ്പെടുകയും ചെയ്‌തേക്കാം. ഈ അസന്തുലിതാവസ്ഥ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചേക്കും. ദഹനപ്രശ്‌നങ്ങള്‍, മലബന്ധം അല്ലെങ്കില്‍ അതിസാരം, നെഞ്ചെരിച്ചില്‍, വിഷാദം, ഉത്കണ്ഠ, ഇന്‍ഫ്‌ലമേഷന്‍, വിവിധ തരത്തിലുള്ള അണുബാധ, ചര്‍മരോഗങ്ങള്‍ എന്ന് തുടങ്ങി നിരവധി രോഗാവസ്ഥകള്‍ ഇത് കാരണമായേക്കും. ഇത്തരം സാഹചര്യം ഒഴിവാക്കി കുടലിനെ നല്ല ബാക്ടീരിയകളാല്‍ സമ്പന്നമാക്കാന്‍ ഭക്ഷണത്തിലൂടെ നമുക്ക് സാധിക്കും. ഇതിനായി പ്രീബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും അടങ്ങിയ ഭക്ഷണം കൃത്യമായ അളവില്‍ കഴിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. 

പ്രോബയോട്ടിക്കുകള്‍

നല്ല ബാക്ടീരിയകള്‍ എന്ന് പൊതുവെ പറയാറുള്ള സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകള്‍. വിവിധ തരത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളിലും സപ്ലിമെന്റുകളിലും ഇവ അടങ്ങിയിട്ടുണ്ട്. യോഗര്‍ട്ട്, കിംചി, കംബൂച്ച, പഴങ്കഞ്ഞി തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ പ്രോബയോട്ടിക്‌സുകള്‍ അടങ്ങിയിട്ടുണ്ട്.  യോഗര്‍ട്ടിലും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളിലും ലാക്ടോബാസില്ലസ് എന്ന നല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുന്നതിനൊപ്പം രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കാനും ഇത് സഹായിക്കുന്നു. ചില പുളിപ്പിച്ച പച്ചക്കറികള്‍ ബിഫിഡോബാക്ടീരിയയാല്‍ സമ്പന്നമാണ്.  വിവിധ തരത്തിലുള്ള പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഇത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.  ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും തെറ്റായ ഭക്ഷണക്രമങ്ങളും മൂലമുണ്ടാകുന്ന ഗട്ട് മൈക്രോബയോട്ടയുടെ അസന്തുലിതാവസ്ഥയെ നേരെയാക്കാന്‍ പ്രോബയോട്ടിക്കുകള്‍ ആവശ്യമാണ്. 

പ്രീബയോട്ടിക്കുകള്‍

ആരോഗ്യകരമായ ഗുണമുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന പ്രത്യേകതരം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് പ്രീബയോട്ടിക്കുകള്‍. ഇത്തരം നാരുകളെ ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയില്ല. ദഹിക്കാതെ വന്‍കുടലില്‍ എത്തുന്ന ഇവയെ ബാക്ടീരിയകള്‍ ആഹാരമാക്കുന്നു. ഇതുവഴി ആരോഗ്യകരവും വൈവിധ്യവുമാര്‍ന്ന സൂഷ്മാണുക്കളാല്‍ ഗട്ട് മൈക്രോബയോട്ട സമ്പുഷ്ടമാകും. വിവിധ തരത്തിലുള്ള പഴങ്ങള്‍, പച്ചക്കറികള്‍, തടിവോടുകൂടിയുള്ള ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയില്‍ പ്രീബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി, ഉള്ളി, ശതാവരി എന്നിവയില്‍ അടങ്ങിയ ഇനുലിന്‍ നല്ല ബാക്ടീരിയായ ബിഫിഡോബാക്ടീരിയത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. വാഴപ്പഴം, ഓട്‌സ്, ആപ്പിള്‍, ബാര്‍ലി, ചിക്കറി, കൊക്കോ തുടങ്ങിയവ പ്രീബയോട്ടിക്കുകള്‍ അടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു.  കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിമാറ്റങ്ങളിലൂടെയും കുടലിന്റെ ആരോഗ്യത്തെ തിരിച്ചുപിടിക്കാനാകും.

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ