വയറിന്റെ ആരോഗ്യം ഉറപ്പുവരുത്താം 'സിമ്പിള്‍' ആയി; ശ്രദ്ധിക്കാം ഈ രണ്ട് കാര്യങ്ങള്‍

By Web TeamFirst Published Jul 7, 2021, 10:19 PM IST
Highlights

നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുക. അതിനാല്‍ ഡയറ്റിന് ജീവിതത്തില്‍ വലിയ വേഷമാണുള്ളത്. വിശപ്പിനെ ശമിപ്പിക്കാന്‍ മാത്രമല്ല, ശാരീരികവും മാനസികവുമായ നമ്മുടെ അവസ്ഥകളെ തീരുമാനിക്കുന്നതിനും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്

വയറ് ആരോഗ്യത്തോടെയിരുന്നാല്‍ തന്നെ ആകെ ആരോഗ്യം മെച്ചപ്പെടുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഡോക്ടര്‍മാര്‍ പോലും ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകേള്‍ക്കാറുണ്ട്. വളരെ കൃത്യമായൊരു 'ടിപ്' തന്നെയാണിത്. 

നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുക. അതിനാല്‍ ഡയറ്റിന് ജീവിതത്തില്‍ വലിയ വേഷമാണുള്ളത്. വിശപ്പിനെ ശമിപ്പിക്കാന്‍ മാത്രമല്ല, ശാരീരികവും മാനസികവുമായ നമ്മുടെ അവസ്ഥകളെ തീരുമാനിക്കുന്നതിനും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. 

അതിനാല്‍ ദിവസവും കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം, അതിനുള്ള സമയം, അളവ് എല്ലാം പ്രധാനമാണ്. ഏത് തരം ഡയറ്റാണ് പിന്തുടരുന്നത് എങ്കിലും വയറ്റിനകത്തുള്ള ആരോഗ്യകരമായ ബാക്ടീരിയകളെ നിലനിര്‍ത്തുകയും അവയെ ശക്തപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 

ഈ ബാക്ടീരിയകളാണ് വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങളുടെ കാര്യത്തില്‍ പോലും വയറ്റിനകത്തെ ബാക്ടീരിയക്കൂട്ടങ്ങള്‍ക്ക് കൃത്യമായ സ്വാധീനമുണ്ട്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്‌സ്' എന്നാണ് വിളിക്കുന്നത്. 

 

 

അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തിക്കുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്‌സ്' എന്നും വിളിക്കുന്നു. 

ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും നിത്യേന കഴിച്ചാല്‍ തന്നെ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പ്രകൃത്യാ തന്നെ ഇവ നമുക്ക് ലഭ്യമാണ്. ഉദാഹരണത്തിന് നേന്ത്രപ്പഴം, വെളുത്തുള്ളി, ഉള്ളി, ആപ്പിള്‍ എന്നിവയെല്ലാം പ്രീബയോട്ടിക് ഭക്ഷണങ്ങളാണ്. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. കട്ടത്തൈര് തന്നെയാണ് ഏറ്റവും മികച്ച പ്രോബയോട്ടിക് ആയി കണക്കാക്കപ്പെടുന്നത്. 

ഇനി ഇവ രണ്ടും എങ്ങനെയാണ് കഴിക്കേണ്ടത് എന്ന ആശയക്കുഴപ്പമാണെങ്കില്‍ അതും ഒഴിവാക്കാം. എപ്പോള്‍ വേണമെങ്കിലും ഇവ കഴിക്കാം. ഒരുമിച്ച് കഴിക്കുന്നതിലും യാതൊരു പ്രശ്‌നവും ഇല്ല. പലര്‍ക്കും പ്രോബയോട്ടിക് ഭക്ഷണവും പ്രീബയോട്ടിക് ഭക്ഷണവും ഒരുമിച്ച് കഴിക്കാമോ എന്ന തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നതാണ് വാസ്തവം. 

എന്നുമാത്രമല്ല, ഇവ ഒരുമിച്ച് കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നുമാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഉദാഹരണത്തിന് കട്ടത്തൈരില്‍ അല്‍പം മാമ്പഴവും സബ്ജ വിത്തുകളും ചേര്‍ത്ത് കഴിക്കുന്നത്. ഇതില്‍ തൈര് പ്രോബയോട്ടിക് ആണെന്ന് നമുക്കറിയാം. 

 


മാമ്പഴമാണെങ്കില്‍ ദഹനത്തെ ത്വരിതപ്പെടുത്തുന്ന ഭക്ഷണമാണ്. സബ്ജ വിത്താകട്ടെ, ഒരു പ്രീബയോട്ടിക് ഭക്ഷണമാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം അനുയോജ്യമായ ഒരു 'സ്‌നാക്ക്' ആണിത്. 

ഇത്തരത്തില്‍ പ്രോബയോട്ടിക് ഭക്ഷണവും പ്രീബയോട്ടിക് ഭക്ഷണവും ധൈര്യമായി യോജിപ്പിച്ച് കഴിക്കാവുന്നതാണ്. ദിവസത്തിലൊരിക്കലെങ്കിലും ഇവ ഡയറ്റിലുള്‍പ്പെടുത്താനും ശ്രമിക്കുക. ശാരീരികമായ സൗഖ്യം മാത്രമല്ല, മാനസികമായ ഉല്ലാസവും ഈ ഭക്ഷണരീതി സമ്മാനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Also Read:- വരണ്ട ചര്‍മ്മമുള്ളവർ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

click me!