തലയുടെ ഒരു വശത്ത് മാത്രമുണ്ടാകുന്ന തലവേദന എന്തുകൊണ്ട്?

By Web TeamFirst Published Jan 15, 2020, 11:18 PM IST
Highlights

തലയുടെ ഏതെങ്കിലും ഒരു വശം, അതായത് ചെന്നിക്കുത്ത് പോലെ, അല്ലെങ്കില്‍ തലയുടെ പിറകുവശത്ത് ഒക്കെയുണ്ടാകുന്ന വേദന പ്രധാനമായും നാഡികളെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാകാം. മൂന്ന് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഇതില്‍ പറയാനുള്ളത്

സാധാരണഗതിയില്‍ നിരവധി കാരണങ്ങള്‍ കൊണ്ട് തലവേദനകളുണ്ടാകാറുണ്ട്. വിശ്രമമില്ലാത്ത ജോലി, ഉറക്കം നഷ്ടപ്പെടുന്നത്, യാത്ര, സ്‌ട്രെസ്, ഉദരസംബന്ധമായ അസുഖങ്ങളൊക്കെ ഇതില്‍ ചില കാരണങ്ങളാണ്. എന്നാല്‍ ചിലരില്‍ തലയുടെ ഒരു വശത്തായി മാത്രം വേദന അനുഭവപ്പെടാറുണ്ട്. ഇത് എന്തുകൊണ്ടാണെന്നറിയാമോ?

തലയുടെ ഏതെങ്കിലും ഒരു വശം, അതായത് ചെന്നിക്കുത്ത് പോലെ, അല്ലെങ്കില്‍ തലയുടെ പിറകുവശത്ത് ഒക്കെയുണ്ടാകുന്ന വേദന പ്രധാനമായും നാഡികളെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാകാം. മൂന്ന് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഇതില്‍ പറയാനുള്ളത്. ഒന്ന് 'ഓസിപിറ്റല്‍ ന്യൂറാള്‍ജിയ'. സ്‌പൈനല്‍ കോര്‍ഡിന്റെ മുകള്‍ഭാഗത്തിനും തലയോട്ടിക്കും ഇടയ്ക്കുള്ള നാഡികളിലുണ്ടാകുന്ന കേടുപാടുകളെ തുടര്‍ന്നാണ് 'ഓസിപിറ്റല്‍ ന്യൂറാള്‍ജിയ' ഉണ്ടാകുന്നത്. കുത്തിക്കയറുന്നത് പോലെയോ വിങ്ങുന്നത് പോലെയോ ആകാം ഈ വേദന.

രണ്ട് 'ടെപൊറല്‍ ആര്‍ടെറൈറ്റിസ്'. തലയിലേയും കഴുത്തിലേയും ധമനികളിലുണ്ടാകുന്ന പ്രശ്‌നത്തെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്ന അവസ്ഥയാണിത്. തലയുടെ ഏതെങ്കിലും ഒരു വശത്തായി അനുഭവപ്പെടുന്ന വേദനയ്‌ക്കൊപ്പം പേശീവേദന, ക്ഷീണം, കീഴ്ത്താടിയില്‍ വേദന എന്നിവയും ഈ അവസ്ഥയിലുണ്ടാകാം.

മൂന്ന്, 'ട്രൈജെമിനല്‍ ന്യൂറാള്‍ജിയ'. തലയിലെ 'ട്രൈജെമിനല്‍' നെര്‍വിനെ ബാധിക്കുന്ന പ്രശ്‌നമാണ് ഇത്. മുഖത്തിന്റെ പ്രവര്‍ത്തനങ്ങളെ തലച്ചോറുമായി ഏകോപിപിക്കുക എന്ന ജോലിയാണ് 'ട്രൈജെമിനല്‍' നാഡി ചെയ്യുന്നത്. അതിന് കോട്ടം സംഭവിക്കുമ്പോള്‍ തലയുട ഒരു വശത്തും മുഖമാകെയും വേദനയുണ്ടാകാം.

ഇതെല്ലാം വിവിധ സാധ്യതകള്‍ മാത്രമാണ്. തലയുടെ ഒരു വശത്ത് മാത്രം വേദന അനുഭവപ്പെടുന്നതിന് പിന്നില്‍ വേറെയും കാരണങ്ങളുണ്ടാകാം. ചില പ്രത്യേക മരുന്നുകളുടെ സൈഡ് എഫക്ട്, അലര്‍ജി, തലയ്‌ക്കേല്‍ക്കുന്ന പരിക്ക്, അണുബാധ, ട്യൂമര്‍ എന്നിങ്ങനെ പലതും ഇതിലേക്ക് നയിക്കാം. എന്താണെങ്കിലും അസഹ്യമായ തലവേദന ഇടവിട്ട് വരുന്നുണ്ടെങ്കില്‍ വേദനസംഹാരി കഴിച്ച് നിസാരവത്കരിക്കാതെ ഡോക്ടറെ കാണുക. തലവേദനയുടെ കാരണം നിര്‍ബന്ധമായും അന്വേഷിക്കുക. ശേഷം ചികിത്സ വേണ്ട ബുദ്ധിമുട്ടുകളാണെങ്കില്‍ അത് തേടുകയും ചെയ്യുക.

click me!