കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടോ? ഒരുപക്ഷേ നിങ്ങളില്‍ ഈ അസുഖം കണ്ടേക്കാം...

By Web TeamFirst Published Jan 15, 2020, 9:59 PM IST
Highlights

ഏതൊരു സാഹചര്യത്തേയും അതിജീവിക്കാനുള്ള കഴിവാണ് മനുഷ്യന്റെ സുപ്രധാനമായ കഴിവുകളിലൊന്ന് എന്ന് വേണമെങ്കില്‍ പറയാം. ഇത്തരത്തില്‍ വിഷമതകളുള്‍ക്കൊള്ളുന്ന ഒരു സാഹചര്യത്തെ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് മാനസികമായി സമ്മര്‍ദ്ദത്തിലാകുന്നത്. അത് നീണ്ടുനിന്നാല്‍ തീര്‍ച്ചയായും ക്രമേണ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

ഒരു വ്യക്തിയില്‍ സാന്ദര്‍ഭികമായി സമ്മര്‍ദ്ദങ്ങള്‍ കാണുന്നത് സാധാരണമാണ്. എന്നാല്‍ ചിലരില്‍ എപ്പോഴും ചില വിഷയങ്ങളെച്ചൊല്ലി സമ്മര്‍ദ്ദങ്ങളുണ്ടായിക്കൊണ്ടേയിരിക്കുന്നത് കാണാം. മിക്കവാറും ജോലിയുമായി ബന്ധപ്പെട്ടോ, അല്ലെങ്കില്‍ കുടുംബവുമായോ മറ്റ് റിലേഷന്‍ഷിപ്പുമായോ ബന്ധപ്പെട്ടോ ആണ് വ്യക്തികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാകാറ്. അതുപോലെ തന്നെ സാമ്പത്തിക പ്രതിസന്ധിയും ഒരാളെ വലിയ രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കിയേക്കാം.

ഏതൊരു സാഹചര്യത്തേയും അതിജീവിക്കാനുള്ള കഴിവാണ് മനുഷ്യന്റെ സുപ്രധാനമായ കഴിവുകളിലൊന്ന് എന്ന് വേണമെങ്കില്‍ പറയാം. ഇത്തരത്തില്‍ വിഷമതകളുള്‍ക്കൊള്ളുന്ന ഒരു സാഹചര്യത്തെ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് മാനസികമായി സമ്മര്‍ദ്ദത്തിലാകുന്നത്. അത് നീണ്ടുനിന്നാല്‍ തീര്‍ച്ചയായും ക്രമേണ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അത്തരത്തില്‍ മാനസികസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഒരു അസുഖത്തെക്കുറിച്ചാണ് ഇനി പറയുന്നത്. അസ്ഥിക്ഷയത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? എല്ലിന്റെ ബലം ക്ഷയിച്ചുവരുന്ന അവസ്ഥയാണിത്. പതിയെ എല്ല് പൊട്ടുന്നതിലേക്കാണ് ഇത് വ്യക്തിയെ നയിക്കുക. നട്ടെല്ല് പോലുള്ള അതിപ്രധാനമായ ഭാഗങ്ങളില്‍ സംഭവിക്കുന്ന പൊട്ടല്‍ ഒരുപക്ഷേ നിത്യമായും ഒരാളെ കിടപ്പിലാക്കിയേക്കാം. അത്രയും ഗുരുതരമാണ് അസ്ഥിക്ഷയം എന്ന് സാരം.

 

 

സാധാരണഗതിയില്‍ പ്രായമായവരിലാണ് അസ്ഥിക്ഷയം കണ്ടുവരുന്നത്. അമ്പത് കടന്നവര്‍ ഇക്കാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തേണ്ടതാണ്. കാരണം, വളരെ നിശബ്ദമായും സമയമെടുത്തുമാണ് ്അസ്ഥിക്ഷയം രൂപപ്പെട്ട് വരുന്നത്. പലപ്പോഴും ഒരു വീഴ്ചയോ പൊട്ടലോ സംഭവിക്കുമ്പോള്‍ മാത്രമാകാം നമ്മളിത് തിരിച്ചറിയുന്നത്.

സ്ത്രീകളിലാണ് കൂടുതലായും അസ്ഥിക്ഷയം കണ്ടുവരുന്നത്. ഇതും അമ്പത് കടന്ന്, അതായത് ആര്‍ത്തവവിരാമം കഴിഞ്ഞവരാണെങ്കില്‍ സാധ്യത കൂടുന്നു. അസ്ഥിക്ഷയത്തെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം ഒരുപക്ഷേ മുപ്പതുകളുടെ മധ്യമെത്തും മുമ്പേ ശരീരത്തിന് ആവശ്യമനുസരിച്ച് വ്യായാമം നല്‍കുക എന്നതാണ്. ഏറെ നേരം ഇരുന്നുള്ള ജോലി, വ്യായാമമില്ലാത്ത ജീവിതരീതി, ഏറെ നേരം കംപ്യൂട്ടര്‍ ഉപയോഗിച്ചിരിക്കുന്നത്, അനാവശ്യമായ അമിതമായി വിശ്രമിക്കുന്നത്- എന്നിങ്ങനെയുള്ള ജീവിതശൈലികളെല്ലാം അസ്ഥിക്ഷയത്തിലേക്ക് സാധ്യതകള്‍ തുറന്നിടുന്നതാണ്.

ഇനി മാനസിക സമ്മര്‍ദ്ദവും അസ്ഥിക്ഷയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാം. അടുത്തിടെ നടന്നൊരു പഠനമാണ് ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. 'ജേണല്‍ ഓഫ് എപിഡെമോളജി ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരുന്നു.

 

 

കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ക്രമേണ സാമൂഹികമായ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇത് അവരെ പതിയെ 'നെഗറ്റീവ്' മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ ആരോഗ്യത്തേയും പ്രത്യേകിച്ച് എല്ലിന്റെ ആരോഗ്യത്തേയും ബാധിക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. അതുപോലെ തന്നെ പൊതുവിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നയാള്‍ താരതമ്യേന കായികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിന്റെ തോതും കുറയും. അതും എല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

പൊതുവേ, മാനസികസമ്മര്‍ദ്ദം ഏറെയും കാണുന്നത് സ്ത്രീകളിലാണ്. അസ്ഥിക്ഷയത്തിന്റെ കാര്യവും അങ്ങനെ തന്നെ. അതിനാല്‍ ഇവ രണ്ടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഏറ്റവുമധികം അവബോധമുണ്ടാകേണ്ടതും സ്ത്രീകളിലാണ്. മുമ്പ് സൂചിപ്പിച്ചത് പോലെ മുപ്പതുകളുടെ മധ്യമെത്തും വരെ തീര്‍ച്ചയായും ശരീരം ആവശ്യപ്പെടുന്ന വ്യായാമം ചെയ്യുക. നല്ല ഡയറ്റ് പിന്തുടരുക. ഒപ്പം തന്നെ മാനസികസമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള വിനോദങ്ങള്‍, സാമൂഹികമായ പ്രവര്‍ത്തനങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവയിലെല്ലാം ഉറപ്പ് വരുത്തുക. വന്നുകഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് തീര്‍ച്ചപ്പെടുത്താനാവാത്ത അവസ്ഥയായതിനാല്‍ തന്നെ, അസ്ഥിക്ഷയം പിടിപെടാതെ നോക്കുക എന്നതാണ് ആരോഗ്യകരം.

click me!