
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. പലരും രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുമ്പോൾ, അതിനു പകരം ഇളം ചൂടുള്ളതോ സാധാരണ താപനിലയിലുള്ളതോ ആയ വെള്ളം കുടിക്കുന്നത് രാത്രിയിലുണ്ടായ നിർജ്ജലീകരണം പരിഹരിക്കുന്നു. ശരീരത്തിലെ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ആദ്യത്തെ ഗുണം ആരോഗ്യകരമായ ദഹനമാണ്. ഇത് മലവിസർജ്ജന പ്രക്രിയയെ മെച്ചപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട ദഹനപ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. പതിവായി വെറും വയറ്റിൽ വെള്ളം കുടിക്കുകയാണെങ്കിൽ, ദിവസവും കൃത്യമായി മലവിസർജ്ജനം നടക്കാൻ സഹായിക്കും. ഇത് കുടലിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
ഉറക്കത്തിനിടയിൽ ശരീരം സ്വാഭാവികമായും അല്പം നിർജ്ജലീകരണാവസ്ഥയിലാകുന്നു. രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. വയറ്റിലെ ദഹന എൻസൈമുകളെ സജീവമാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. വെറും വയറ്റിൽ ഇത് അല്പാല്പമായി കുടിക്കുന്നത്, പ്രഭാതഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ ശരീരത്തെ സജ്ജമാക്കുന്നു. ഇത് രാവിലെ സമയങ്ങളിൽ ഉണ്ടാകാനിടയുള്ള അസിഡിറ്റിയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചൂടുള്ള പാനീയങ്ങൾക്ക് 'പെരിസ്റ്റാൽസിസ്' (peristalsis) അഥവാ ദഹനവ്യവസ്ഥയിലൂടെ ആഹാരത്തെ മുന്നോട്ട് നീക്കുന്ന പേശീചലനങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുമെന്നാണ് 'ജേണൽ ഓഫ് ന്യൂറോഗാസ്ട്രോഎൻട്രോളജി ആൻഡ് മോട്ടിലിറ്റി'യിൽ (Journal of Neurogastroenterology and Motility) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. വെള്ളത്തിൽ നിന്നുള്ള ചൂട് രക്തചംക്രമണം മെച്ചപ്പെടുന്നതിലൂടെ പേശികൾക്കും അവയവങ്ങൾക്കും കൂടുതൽ കാര്യക്ഷമമായി ഓക്സിജൻ ലഭിക്കുന്നു.
വെള്ളം കുടിക്കുന്നത് ചർമ്മാരോഗ്യവുമായി പലവിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു. ചർമ്മാരോഗ്യം നിലനിർത്താനുള്ള ഏറ്റവും എളുപ്പവഴി ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam