ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിന് അവധി നിഷേധിക്കുന്നത് ഭരണഘടനാ അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി

Published : Aug 21, 2023, 07:32 PM IST
ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിന് അവധി നിഷേധിക്കുന്നത് ഭരണഘടനാ അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി

Synopsis

ഭാര്യയുടെ പ്രസവത്തിന് അവധിക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് നടപടിക്ക് വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍

ചെന്നൈ: ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിന് പിതൃത്വ അവധി നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നൈ ഹൈക്കോടതി. നവജാത ശിശുവിന്റെ അടിസ്ഥാന മനുഷ്യാവകാശമായി ഈ അവധിയെ കണക്കാക്കണം. പിതൃത്വ അവധി നിഷേധിക്കുന്നത്  ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസ് വിക്ടോറിയ ഗൗരി അധ്യക്ഷയായ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

തമിഴ്നാട് പൊലീസിലെ ഇന്‍സ്പെക്ടറായ ബി ശരവണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തമിഴ്നാട്ടില്‍ പിതൃത്വ അവധി നല്‍കുന്നതിന് നിയമ നിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ തന്റെ ഭാര്യയെ പരിചരിക്കാനും പ്രസവ സമയത്ത് ശുശ്രൂഷ നല്‍കാനും വേണ്ടിയാണ് ശരവണ്‍ അപേക്ഷ നല്‍കിയിരുന്നത്. ഇത് നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അകാരണമായി ജോലിയില്‍ നിന്ന് വിട്ടു നിന്നുവെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും പിന്നാലെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

"ഐവിഎഫ് ചികിത്സ തേടുന്ന സ്ത്രീകള്‍ക്ക് പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ മികച്ച പരിചരണം ആവശ്യമാണ്. തന്റെ ഔദ്യോഗിക പദവിയില്‍ ജോലി ചെയ്യുന്നതിന് പുറമെ ആ സമയത്ത് ഭാര്യയെ പരിചരിക്കേണ്ടിയിരുന്നു. പ്രസവത്തിലൂടെയോ ദത്തെടുക്കലിലൂടെയോ മാതാപിതാക്കളായി മാറുന്നവര്‍ക്ക് ശരിയായ ശിശു പരിചരണം ഉറപ്പാക്കാന്‍ അവധി അനുവദിക്കണം. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും" കോടതി നിരീക്ഷിച്ചു.

മേയ് ഒന്നാം തീയ്യതി മുതല്‍ ജൂലൈ 29 വരെ 90 ദിവസത്തെ അവധിക്കാണ് തെങ്കാശി ജില്ലയിലെ കടയം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഇന്‍സ്‍പെക്ടര്‍ ശരവണന്‍ അപേക്ഷിച്ചത്. ആദ്യം അവധി അനുവദിച്ചെങ്കിലും പിന്നീട് എസ്.പി അപേക്ഷ നിരസിച്ചു. കോടതി ഇടപെടലിന് ശേഷം മേയ് 15 വരെ ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പിന്നീട് അനുവദിച്ചു. എന്നാല്‍ അവധിക്ക് പുതിയ അപേക്ഷ നല്‍കാനായിരുന്നു നിര്‍ദേശം. ഇതിനെ തുടര്‍ന്ന് മേയ് ഒന്ന് മുതല്‍ 30 വരെ അവധി അനുവദിച്ചു.

മേയ് 31നാണ് ശരവണന്റെ ഭാര്യ പ്രസവിച്ചത്. പ്രസവ ശേഷമുള്ള ഗുരുതരാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ അവധി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ 22ന് അകാരണമായി ജോലിയില്‍ നിന്ന് വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുകയും തുടര്‍ന്ന് സസ്‍പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Read also:  മുതിർന്ന പൗരന്മാരാണോ? ഈ കാര്യങ്ങൾ മറക്കരുത്; സർക്കാർ വാഗ്ദാനം ചെയ്യുന്ന നാല് പെൻഷൻ പദ്ധതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ