'ചികിത്സിച്ചത് പോലും രണ്‍ബീറിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി'; അന്ന് ഋഷി കപൂര്‍ പറഞ്ഞത്...

By Web TeamFirst Published Apr 30, 2020, 11:07 AM IST
Highlights

ശ്വാസതടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്  അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്.

ഇന്ത്യൻ ചലച്ചിത്രലോകത്തെ മറ്റൊരു ഇതിഹാസ നടനെ കൂടി നഷ്ടപ്പെട്ട വാര്‍ത്തയാണ് ഇന്ന് നമ്മളെ തേടിയെത്തിയത്. ബോളിവുഡ് നടനും നിര്‍മാതാവും സംവിധായകനുമായ ഋഷി കപൂറിന്‍റെ മരണവാര്‍ത്ത ചലച്ചിത്ര ലോകം ഞെട്ടലോടെയാണ് കേട്ടത്. 67 വയസായിരുന്നു അദ്ദേഹത്തിന്. 

ശ്വാസതടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെയായി യുഎസില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്  അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്.

ക്യാന്‍സര്‍ ചികിത്സാ കാലത്തെ  അനുഭവത്തെ കുറിച്ചും ഋഷി കപൂര്‍ തന്നെ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ആഹാരം പോലും വേണ്ടാതെ, വിശപ്പില്ലാതെ മാസങ്ങള്‍ കടന്നു പോയെന്നും ഇരുപത്തിയാറുകിലോ ഭാരം ഒറ്റയടിക്ക് കുറഞ്ഞുവെന്നും താരം അന്ന് പറഞ്ഞു.

Also Read: ബോളിവുഡ് താരം ഋഷി കപൂർ മുംബൈയിൽ അന്തരിച്ചു...

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്യാന്‍സര്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഋഷി കപൂര്‍ പറഞ്ഞത്. "ജീവിതത്തില്‍ ക്ഷമയില്ലാത്ത താന്‍ ക്ഷമ എന്താണെന്ന് പഠിച്ചു. ക്യാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനം വളരെ പതിയെയാണ്. പക്ഷേ ആ കാലം നമ്മളെ പലതും പഠിപ്പിക്കും"- അന്ന് ഋഷി  കപൂര്‍ പറഞ്ഞ വാക്കുകളാണിത്.  

"45 വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍ ഇത്രയും നീണ്ട കാലാവധി എടുക്കുന്നത് ആദ്യമായിട്ടാണ്. കുടുംബത്തിന്‍റെ പിന്തുണ കൊണ്ടാണ് ചികിത്സയുടെ ആദ്യമാസങ്ങള്‍ പിടിച്ചുനിന്നത്. ഭാര്യ നീതു, മക്കളായ രൺബീര്‍, റിദ്ധിമ എന്നിവര്‍ കൂടെതന്നെ നിന്നു. ആദ്യം രോഗം ഉണ്ടെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ചയുടന്‍  രൺബീറിന്‍റെ  നിര്‍ബന്ധത്തില്‍ ന്യൂയോര്‍ക്കില്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോള്‍ താന്‍ ദില്ലിയില്‍ ഷൂട്ടിംഗിലായിരുന്നു. രണ്‍ബീര്‍ അവിടെയെത്തി നിര്‍മ്മാതാവിനോട് കാര്യങ്ങള്‍ പറയുകയും തന്നെ നിര്‍ബന്ധച്ച് അന്നുതന്നെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുകയുമായിരുന്നു. ശരിക്കും അന്ന് അവന്‍ നിര്‍ബന്ധിച്ച് വിമാനത്തില്‍ കയറ്റുകയായിരുന്നു. പിന്നീട് ഇതുമായി പൊരുത്തപ്പെടുകയായിരുന്നു"- ഋഷി കപൂര്‍ അന്ന് മനസ്സ് തുറന്നു. 

കീമോ നടക്കുന്ന കാലത്തും സിനിമകള്‍ കാണാന്‍ പോകുമായിരുന്നു, യാത്ര ചെയ്യുമായിരുന്നു ഒപ്പം ഏറെ പ്രതീക്ഷയോടെയാണ് ഓരോ ദിവസത്തെയും നോക്കി കാണുന്നത് എന്നും ഋഷി  കപൂര്‍ അന്ന് പറഞ്ഞുനിര്‍ത്തി. 

Also Read: ഋഷി കപൂറിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്...

click me!