പ്രിയപ്പെട്ടയാള്‍ കൂടെയില്ലെങ്കില്‍ എപ്പോഴും 'ടെന്‍ഷന്‍' ആണോ? എങ്കില്‍ നിങ്ങളറിയുക!

By Web TeamFirst Published Jan 31, 2020, 11:29 PM IST
Highlights

കാമുകനോ ഭര്‍ത്താവോ അതല്ലെങ്കില്‍ കാമുകിയോ ഭാര്യയോ ആയിരിക്കുന്ന വ്യക്തി താല്‍ക്കാലികമായെങ്കിലും നിങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ, അതില്‍ അമിതമായി ആധി കയറുന്ന അവസ്ഥ. അതുപോലെ, അല്‍പം അകലെ ആകുമ്പോഴേക്ക് അയാള്‍ നിങ്ങള്‍ക്ക് നഷ്ടമാകുമോയെന്ന പേടി, മറ്റാരെങ്കിലും അയാളുടെ ജീവിതത്തിലേക്ക് കയറിവരുമോ എന്ന ആശങ്ക- ഇതെല്ലാം നിങ്ങള്‍ അനുഭവിക്കാറുണ്ടോ?

പ്രിയപ്പെട്ടവരെക്കുറിച്ചോര്‍ക്കുമ്പോള്‍ നമുക്കെപ്പോഴും ചെറിയൊരു അളവില്‍ ആധിയോ ആശങ്കകളോ ഒക്കെയുണ്ടാകാം. അത് നമുക്ക് അവരുമായുള്ള ബന്ധത്തിന്റെ ആഴമനുസരിച്ചാണ് സംഭവിക്കുന്നത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, കുട്ടികള്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളെക്കാള്‍ അധികം പങ്കാളിയുമായുള്ള ബന്ധത്തിലാണ് ഇത്തരം ഭയാശങ്കകള്‍ ഏറെയും കടന്നുവരിക. 

കാമുകനോ ഭര്‍ത്താവോ അതല്ലെങ്കില്‍ കാമുകിയോ ഭാര്യയോ ആയിരിക്കുന്ന വ്യക്തി താല്‍ക്കാലികമായെങ്കിലും നിങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ, അതില്‍ അമിതമായി ആധി കയറുന്ന അവസ്ഥ. അതുപോലെ, അല്‍പം അകലെ ആകുമ്പോഴേക്ക് അയാള്‍ നിങ്ങള്‍ക്ക് നഷ്ടമാകുമോയെന്ന പേടി, മറ്റാരെങ്കിലും അയാളുടെ ജീവിതത്തിലേക്ക് കയറിവരുമോ എന്ന ആശങ്ക- ഇതെല്ലാം നിങ്ങള്‍ അനുഭവിക്കാറുണ്ടോ?

എങ്കില്‍ തിരിച്ചറിയുക, നിങ്ങള്‍ ഒരുപക്ഷേ 'സെപറേഷന്‍ ആംഗ്‌സൈറ്റി'യിലൂടെയാകാം കടന്നുപോകുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, പ്രിയപ്പെട്ട വ്യക്തി തന്നില്‍ നിന്ന് അകന്നുപോകുമോയെന്ന ആധിയാണ് ഇത്. അരക്ഷിതമായ ഒരു മാനസികാവസ്ഥയുള്ളയാളോ, പങ്കാളിയില്‍ വൈകാരികമായി അമിത ആശ്രയത്വം പുലര്‍ത്തുന്നയാളോ ആയിരിക്കാം എളുപ്പത്തില്‍ ഇത്തരത്തില്‍ 'സെപറേഷന്‍ ആംഗ്‌സൈറ്റി'യിലേക്ക് വീഴുന്നത്. 

സാധാരണഗതിയില്‍ കുട്ടികളിലാണ് 'സെപറേഷന്‍ ആംഗ്‌സൈറ്റി' കണ്ടുവരാറ്. അച്ഛനോടോ അമ്മയോടോ ഒക്കെയാകാം ഇവര്‍ക്കീ അമിത അടുപ്പമുണ്ടാകുന്നത്. നേരത്തേ പറഞ്ഞത് പോലെ, ആശ്രയത്വം തന്നെയാണ് കുട്ടികളില്‍ ഇതുണ്ടാക്കുന്നത്. പക്ഷേ, കുട്ടികളിലെ 'സെപറേഷന്‍ ആംഗ്‌സൈറ്റി' വലിയൊരു അളവ് വരെ 'നോര്‍മല്‍' ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്നവരുടെ കാര്യത്തില്‍ ഇതില്‍ ചില അപാകതകളുണ്ട്. 

 

 

മുതിര്‍ന്ന ഒരാള്‍ക്ക് തന്റെ ചുറ്റുപാടുകളെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുമെല്ലാം ഒരു അവബോധം ഉണ്ടാകേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടയാളാണ് അടുത്ത് നിന്ന് മാറിനില്‍ക്കുന്നതെങ്കില്‍ പോലും, അതിലെ പ്രായോഗികതയും മനസിലാക്കണമല്ലോ. എന്നാല്‍ എല്ലാ പ്രായോഗികതകളേയും മറന്നുകൊണ്ട് കുഞ്ഞുങ്ങളെപ്പോലെ തന്നെ ഇക്കാര്യത്തില്‍ വിഷമിക്കുകയും ശാഠ്യം പിടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് 'സെപറേഷന്‍ ആംഗ്‌സൈറ്റി' തന്നെയാകാം.

പലപ്പോഴും എന്തുകൊണ്ടാണ് തനിക്ക് ഇത്തരം ചിന്തകള്‍ വരുന്നത് എന്ന് തിരിച്ചറിയാന്‍ പോലുമാകാതെ ഇവര്‍ കടുത്ത സമ്മര്‍ദ്ദത്തിനും ഇരയാകാറുണ്ട്. മറ്റ് ചില സാഹചര്യങ്ങളില്‍ ബന്ധങ്ങള്‍ തന്നെ പ്രശ്‌നത്തിലാവുകയും ചെയ്‌തേക്കാം. പങ്കാളിയെക്കുറിച്ച് നിരന്തരം 'നെഗറ്റീവ്' ആയ ചിന്തകള്‍ ഉണ്ടാകുന്നതാണ് 'സെപറേഷന്‍ ആംഗ്‌സൈറ്റി'യുടെ ഒരു ലക്ഷണം. അയാള്‍ക്ക് എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുമോ, എന്ന ഭയം തുടര്‍ച്ചയായി വരുന്നത് ഇക്കാരണം കൊണ്ടാകാം. അതുപോലെ, പങ്കാളിയോട് 'പൊസസീവ്' ആവുകയും അത് എപ്പോഴും പ്രകടിപ്പിക്കുന്നത് മൂലം നേരത്തേ സൂചിപ്പിച്ചത് പോലെ ബന്ധം വഷളാകുന്ന അവസ്ഥയുണ്ടാവുകയും ചെയ്‌തേക്കാം. 

ചിലരില്‍ ശാരീരികമായ ലക്ഷണങ്ങളും 'സെപറേഷന്‍ ആംഗ്‌സൈറ്റി' ഉണ്ടാക്കാറുണ്ട്. തലവേദന, ഉറക്കമില്ലായ്മ, ഛര്‍ദ്ദി എന്നിവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം പിന്നീട് മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവച്ചേക്കാം. 

അനാരോഗ്യകരമായ തരത്തിലാണ് പങ്കാളിയുടെ അസാന്നിധ്യത്തെ നിങ്ങള്‍ എടുക്കുന്നത് എന്ന് നിങ്ങള്‍ക്ക് തന്നെ തോന്നിയാല്‍, ഇക്കാര്യം ഒരു കൗണ്‍സിലറെ കണ്ട് അദ്ദേഹത്തോട് അവതരിപ്പിക്കാവുന്നതാണ്. വളരെ ലളിതമായ ഒരു സംഭാഷണം മാത്രം മതിയാകും ഇതിന്. 'ആംഗ്‌സൈറ്റി' തന്നെയാണ് നിങ്ങളുടെ പ്രശ്‌നമെന്ന് അദ്ദേഹം കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് ഇക്കാര്യം പങ്കാളിയെ അറിയിക്കുകയും, അയാളില്‍ നിന്ന് ആവശ്യമായ കരുതലും പരിഗണനയും സ്‌നേഹവും ആവശ്യപ്പെടുകയുമാകാം. നിങ്ങളുടെ ചില അസാധാരണമായ പെരുമാറ്റങ്ങളെ പക്വതയോടെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ പങ്കാളിക്ക് കഴിഞ്ഞേക്കും. 

 


ബ്രീത്തിംഗ് എക്‌സര്‍സൈസുകളും യോഗയുമെല്ലാം വലിയ പരിധി വരെ 'സെപറേഷന്‍ ആംഗ്‌സൈറ്റി'യെ പരിഹരിക്കാന്‍ സഹായിച്ചേക്കും. ഇതിലും ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെന്ന് തോന്നിയാല്‍ സധൈര്യം ഒരു കൗണ്‍സിലറെ സമീപിക്കുക. ആവശ്യമായ നിര്‍ദേശങ്ങളോ സഹായമോ തേടാം. ആരോഗ്യകരമായ മാനസികാവസ്ഥയോടെ സസന്തോഷം ബന്ധങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ സ്വയം തന്നെ ശ്രമങ്ങള്‍ നടത്തുക. തീര്‍ച്ചയായും ഈ ശ്രമങ്ങള്‍ വിജയം കാണുക തന്നെ ചെയ്യും. 

click me!