നേരത്തെയറിഞ്ഞാല്‍ സ്‌കോളിയോസിസിനെ ഭയപ്പെടേണ്ട; ഡോക്ടർ എഴുതിയത്

By Web TeamFirst Published Jun 25, 2021, 4:30 PM IST
Highlights

തുടക്കത്തില്‍ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ കണ്ടു പിടിക്കാന്‍ സ്‌കോളിയോസിസ് സ്‌ക്രീനിംഗ് ചെയ്യുന്നത് നല്ലതായിരിക്കും. കുട്ടികളെ മുന്നോട്ട് കുനിച്ചു നിര്‍ത്തിയാല്‍ നട്ടെല്ലിന്റെ വളവ് പെട്ടെന്ന് കണ്ടു പിടിക്കാം. തോള്‍ പലകയോ വാരിയെല്ലോ നട്ടെല്ലിന്റെ വശങ്ങളിലുള്ള പേശികളോ ഏതെങ്കിലും ഒരു വശത്ത് ഉയര്‍ന്നു നില്‍ക്കുന്നു ശ്രദ്ധിക്കുക. 

നട്ടെല്ലിന്റെ ഒരു വശത്തേക്കുള്ള 10 ഡിഗ്രിയിലേറെയുള്ള വളവിനെയാണ് സ്‌കോളിയോസിസ് എന്നു വിളിക്കുന്നത്. ഇത് ഇംഗ്ലീഷ് അക്ഷരം സി അല്ലെങ്കില്‍ എസ് ആകൃതിയിലായിരിക്കും. എല്ലാ പ്രായക്കാരിലും സ്‌കോളിയോസിസ് കാണാമെങ്കിലും കൗമാരക്കാരിലാണ് (10-18 വയസ്സ്) ഈ രോഗം കൂടുതലായി കണ്ടു വരാറുള്ളത്. അതില്‍ തന്നെ പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ സങ്കീര്‍ണമായ വളവുകള്‍ കണ്ടുവരുന്നത് (4:1).

ഏറ്റവും കൂടുതലായി കാണപ്പെടുന്ന കൗമാരക്കാരിലെ സ്‌കോളിയോസിസിന്റെ ശരിയായ കാരണം ഇതുവരെയും കണ്ടു പിടിച്ചിട്ടില്ല. (ഇഡിയോപതിക്). പാരമ്പര്യമായ ഒരു രോഗമായാണ് ഇതിനെ കരുതിവരുന്നത്. എന്നാല്‍ കുട്ടിയുടെ ഇരിപ്പ്, നടത്തം തുടങ്ങിയവ കാരണമായോ സ്‌കൂള്‍ ബാഗിന്റെ ഭാരം മൂലമോ പോഷകാഹാരക്കുറവോ പരിക്കുകളോ ഒന്നും സ്‌കോളിയോസിസിന് കാരണമാകുന്നില്ല.

ഏതെല്ലാം തരത്തിലുള്ള രോഗങ്ങളുണ്ടെന്ന് നോക്കാം...

1.    കണ്‍ജെനിറ്റല്‍: ജന്മനാലുള്ള നട്ടെല്ലിന്റെ വൈകല്യങ്ങള്‍ മൂലമുള്ള രോഗാവസ്ഥ.
2.    ഇഡിയോപതിക്: ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 18 വയസ്സു വരെ ബാല്യ, കൗമാര, യൗവന കാലം വരെയുള്ളവരില്‍ കാണുന്ന അസുഖം.
3.    ന്യൂറോമസ്‌കുലര്‍: ഞരമ്പുകളുടെയും പേശികളുടെയും കുഴപ്പങ്ങള്‍ മൂലം സംഭവിക്കാവുന്ന അവസ്ഥ. ഉദാഹരണം: സെറിബ്രല്‍ പാള്‍സി, പാരപ്ലീജിയ, മസില്‍ ഡിസ്‌ട്രോഫി

ലക്ഷണങ്ങള്‍:

തോളെല്ലിന്റെ ഉയരത്തിലുള്ള വ്യത്യാസം, അരക്കെട്ടിന്റെ ഉയരത്തിലുള്ള വ്യത്യാസം, ഒരു വശത്തുള്ള തോല്‍പ്പലക ഉയര്‍ന്നുനില്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക, നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഒരു വശത്തേക്ക് ചരിഞ്ഞ് നടക്കുക, ഒരു വശത്തെ മാറിടം മുന്നോട്ടു തള്ളിനില്‍ക്കുക, കാലിലെ നീളത്തിലുള്ള വ്യത്യാസം.

തുടക്കത്തില്‍ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ കണ്ടു പിടിക്കാന്‍ സ്‌കോളിയോസിസ് സ്‌ക്രീനിംഗ് ചെയ്യുന്നത് നല്ലതായിരിക്കും. കുട്ടികളെ മുന്നോട്ട് കുനിച്ചു നിര്‍ത്തിയാല്‍ നട്ടെല്ലിന്റെ വളവ് പെട്ടെന്ന് കണ്ടു പിടിക്കാം. തോള്‍ പലകയോ വാരിയെല്ലോ നട്ടെല്ലിന്റെ വശങ്ങളിലുള്ള പേശികളോ ഏതെങ്കിലും ഒരു വശത്ത് ഉയര്‍ന്നു നില്‍ക്കുന്നു ശ്രദ്ധിക്കുക. ശരീരത്തിനും കൈകള്‍ക്കും ഇടയില്‍ നീളത്തിലുള്ള നീളവ്യത്യാസവും ശ്രദ്ധിക്കണം.

പ്രായപൂര്‍ത്തിയായവരില്‍ നട്ടെല്ലിന്റെ നേരിയ വളവുകള്‍ കാരണം ഒരു പ്രശ്‌നവും സംഭവിക്കാറില്ല. എന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ തുടങ്ങുന്ന വളവുകള്‍ ശ്വാസകോശത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നതിനാല്‍ ഭാവിയില്‍ ശ്വാസകോശ രോഗവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം ആയുസ്സിനെ ബാധിച്ചേക്കാം.

സ്‌കോളിയോസിസ് വന്നാല്‍ വളവിന്റെ തോതനുസരിച്ചാണ് ചികിത്സകള്‍ നിര്‍ദേശിക്കപ്പെടുന്നത്. 20 ശതമാനത്തിനു താഴെ വളവുള്ളത് ഒബ്‌സര്‍വേഷനിലും 40 ശതമാനം വരെയുള്ളവര്‍ക്ക് ബ്രേസിംഗ് ചികിത്സയും 40 ശതമാനത്തിനു മുകളിലുള്ളവര്‍ക്ക് ശസ്ത്രക്രിയയും നിര്‍ദ്ദേശിക്കുന്ന രീതിയാണിപ്പോള്‍ തുടര്‍ന്നു വരുന്നത്. വളവു നിവര്‍ത്താനല്ല, കൂടുതല്‍ വളയാതിരിക്കാനാണ് ബ്രേസിംഗ് ഉപയോഗിക്കുന്നത്.

40 ശതമാനത്തിനും മുകളിലുള്ള വളവ്, ബ്രേസിംഗ് പരാജയപ്പെടുന്ന അവസ്ഥ, വളരെ നേരത്തെ ആരംഭിക്കുന്ന വളവുകള്‍, ജന്‍മനായുള്ള വളവുകള്‍, സിന്‍ഡ്രമിക് വളവുകള്‍ തുടങ്ങിയ അവസ്ഥകളിലാണ് ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്. പ്രായപൂര്‍ത്തിയായ ശേഷമുള്ള ശസ്ത്രക്രിയകളെക്കാള്‍ ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളും കുറവാണ് നേരത്തെ രോഗം കണ്ടുപിടിച്ച് നടത്തപ്പെടുന്ന ശസ്ത്രക്രിയകളില്‍. ജന്‍മനാ പ്രശ്‌നമുള്ള കുട്ടികള്‍ക്ക് മൂന്നു മുതല്‍ നാലു വയസ്സിനുള്ളില്‍ തന്നെ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.

പത്തു വയസ്സിനു മുമ്പുള്ള സ്‌കോളിയോസിസ് നട്ടെല്ലിനെ കൂടാതെ നെഞ്ചിന്‍കൂട്, ശ്വാസകോശം, ട്രങ്കല്‍ ഹൈറ്റ് എന്നിവയെ ബാധിക്കുന്നതാണ്. അതുകൊണ്ട് ഇത് അതീവപ്രാധാന്യത്തോടെ ചികിത്സ നല്‍കേണ്ട വിഷയമാണ്. കുട്ടിയുടെ വളര്‍ച്ചാ കാലഘട്ടത്തില്‍ ഒരു വിദഗ്ധ ചികിത്സകന്റെ മാര്‍ഗ്ഗനിര്‍ദേശം അതുകൊണ്ടു തന്നെ അനിവാര്യമാണ്.
ആധുനികമായ ഉപകരണങ്ങളും ചികിത്സാ രീതികളും മോണിറ്ററിംഗ് സംവിധാനങ്ങളും സ്‌കോളിയോസിസ് ചികിത്സയെ വളരെ ഫലപ്രാപ്തിയുള്ളതും എളുപ്പമുള്ളതുമാക്കി മാറ്റിയിട്ടുണ്ട്. 

സ്‌കോളിയോസിസ് സംബന്ധിച്ചും അതിനുള്ള ശസ്ത്രക്രിയ സംബന്ധിച്ചുമൊക്കെ നിരവധി സംശയങ്ങളും ആശങ്കകളും സമൂഹത്തിലുണ്ട്. നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ സ്‌കോളിയോസിസ് പൂര്‍ണമായും മാറ്റാനാകും. സ്‌കോളിയോസിസ് ശസ്ത്രക്രിയ കഴിഞ്ഞ് ഗര്‍ഭധാരണം സാധ്യമാണോ, പ്രസവിക്കാന്‍ കഴിയുമോ തുടങ്ങി നിരവധി സംശയങ്ങള്‍ കേള്‍ക്കാറുണ്ട്. ഇതിനൊന്നും സാധാരണഗതിയിലുള്ള ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള അവസ്ഥ തടസ്സമല്ല. കൂന് മാറിക്കിട്ടുമോ തുടങ്ങിയ സംശയങ്ങളും വരാറുണ്ട്. 

നട്ടെല്ല് ആവശ്യമായ അളവില്‍ വളവ് നിവര്‍ത്തിയെടുക്കാനായാല്‍ കൂനും ചികിത്സിച്ചു ഭേദപ്പെടുത്താനാവും.
സ്‌കോളിയോസിസ് സംബന്ധിച്ച അവബോധം സമൂഹത്തിന് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. രോഗാവസ്ഥയെ അറിയുമ്പോള്‍ മാത്രമേ ആവശ്യമായ പ്രതിരോധം സാധ്യമാകൂ.

എഴുതിയത്;
ഡോ. വിനോദ്. വി.
സീനിയര്‍ കണ്‍സല്‍ട്ടന്റ്- ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ &  ഹെഡ് - സ്‌പൈനല്‍ സര്‍ജറി,
സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബോണ്‍ ആന്റ് കെയര്‍,
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട് .

click me!