
ദിവസത്തില്‍ എട്ട് മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് നിങ്ങളുടെ ആയുസിനെ തന്നെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അമിതവണ്ണം, ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം, അരക്കെട്ടില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥ, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇരുന്നുള്ള ജോലികള്‍ ക്രമേണ വ്യക്തികളെ നയിക്കുമെന്നും ഇവയെല്ലാം ആയുസ് കുറയ്ക്കുന്നതിലേക്ക് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
ഇത്തരത്തിലുള്ള റിസ്കുകള്‍ പരമാവധി അകറ്റുന്നതിന് വ്യായാമം ഒരളവ് വരെ സഹായിക്കും. അതുപോലെ ചില കാര്യങ്ങള്‍ ജോലിസമത്തും അല്ലാത്ത സമയത്തുമെല്ലാം ശ്രദ്ധിക്കാനായാലും ഈ പ്രശ്നങ്ങളെ പരമാവധി അകറ്റിനിര്‍ത്താൻ സാധിക്കും. ഇങ്ങനെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ജോലിസമയത്ത് മണിക്കൂറുകളോളം ഇരിക്കുകയാണെങ്കില്‍ പോലും മറ്റുള്ള സമയം സജീവമായി നില്‍ക്കാൻ ശ്രദ്ധിക്കുക. ജോലിക്കിടയിലും നിര്‍ബന്ധമായി ബ്രേക്ക് എടുക്കുക. ഈ ബ്രേക്ക് സമയത്ത് ചെറിയ നടത്തം, പടികള്‍ കയറല്‍- ഇറങ്ങല്‍ എല്ലാം ചെയ്യാം.
രണ്ട്...
നിങ്ങള്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ നിങ്ങളുടെ കസേര, മേശ, ഇരിപ്പുവശം, ഉയരം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ശാസ്ത്രീയമായി ഡിസൈൻ ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. അല്ല എന്നുണ്ടെങ്കില്‍ ഇത് കാര്യമായ രീതിയില്‍ ഷോള്‍ഡര്‍, മുതുക്, നടുഭാഗം, കഴുത്ത് എന്നിങ്ങനെയെല്ലാം ബാധിക്കപ്പെടാം. കഴുത്തുവേദന, നടുവേദന, പുറം വേദന എല്ലാം ഇതിലൂടെ സ്ഥിരമാകും.
മൂന്ന്...
ആദ്യമേ സൂചിപ്പിച്ചത് പോലെ ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ജോലി ചെയ്യരുത്. ഒരു മണിക്കൂറില്‍ ഒരു തവണയെങ്കിലും എഴുന്നേറ്റ് നടക്കുക. കഴിയുമെങ്കില്‍ പുറത്തിറങ്ങി അല്‍പം ശുദ്ധവായു ശ്വസിച്ചശേഷം വീണ്ടും ജോലിയില്‍ തുടരുക. ഇതനുസരിച്ച് ജോലി ക്രമീകരിച്ചുകൊണ്ടുപോകാൻ സാധിക്കണം.
നാല്...
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും സ്ട്രെച്ചിംഗ് ചെയ്യണം. ഇത് ജോലിക്കിടെ പോലും ചെയ്യാവുന്നതേയുള്ളൂ. എങ്ങനെയൊക്കെയാണ് സ്ട്രെച്ചിംഗ് ചെയ്യേണ്ടത് എന്ന് പഠിച്ചുവയ്ക്കേണ്ടതും നിര്‍ബന്ധമാണ്.
അഞ്ച്...
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇന്ന് അധികവും കംപ്യൂട്ടര്‍-ലാപ്ടോപ് സ്ക്രീനിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി കണ്ണിനും നല്ല സമ്മര്‍ദ്ദമുണ്ടാകാം. ഇതൊഴിവാക്കാൻ ബ്ലൂ-റേ ഗ്ലാസ് ഉപയോഗിക്കാവുന്നതാണ്.
ആറ്...
ഇരുന്ന് ജോലി ചെയ്യുമ്പോഴും എപ്പോഴും ശരീരത്തിന്‍റെ ഘടനയ്ക്ക് (പോസ്ചര്‍ ) പ്രാധാന്യം നല്‍കുക. മടങ്ങിയോ, ചാഞ്ഞോ, കൂനിക്കൂടിയോ ഒന്നും ഇരിക്കാതെ നടു കൃത്യമാക്കി വച്ച് മുഖത്തിന്‍റെയും കൈകളുടെയുമെല്ലാം പൊസിഷൻ കൃത്യമാക്കി വച്ച് ഇരിക്കാൻ എപ്പോഴും ശ്രദ്ധ പുലര്‍ത്തുക. ഇത് ആദ്യമെല്ലാം വിട്ടുപോയാലും ശീലിച്ചാല്‍ യാതൊരു ബാധ്യതയുമില്ല.
ഏഴ്...
സ്ക്രീനില്‍ ദീര്‍ഘനേരം നോക്കിയിരിക്കുന്നവര്‍ തീര്‍ച്ചയായും ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. സ്ക്രീനില്‍ നിന്ന് കണ്ണെടുത്ത് അല്‍പം ദൂരെയുള്ള എന്തിലേക്കെങ്കിലും അല്‍പനേരം നോക്കുക. കണ്ണ് ഇടയ്ക്ക് ചിമ്മുക. എല്ലാ ഭാഗത്തേക്കും നോക്കുക. എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം. സ്ക്രീനില്‍ നിന്ന് ബ്രേക്ക് എടുത്ത ശേഷം നേരെ മൊബൈല്‍ ഫോണിലേക്കാണ് നോക്കുന്നതെങ്കില്‍ അതില്‍ വലിയ കാര്യമില്ലെന്ന് മനസിലാക്കുക.
Also Read:- തലകറക്കവും തുടര്‍ന്നുള്ള വീഴ്ചയും നിസാരമാക്കരുത്; ഭാവിയിലേക്കുള്ള സൂചനയാകാം