Dental Health : പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

By Web TeamFirst Published Sep 5, 2022, 7:40 AM IST
Highlights

വായ്ക്കകത്തെ പിഎച്ച് നില ആരോഗ്യകരമായി നിയന്ത്രിച്ചുനിര്‍ത്തുന്നതിന് ചീസ് സഹായിക്കുന്നു. ഇത് പല്ലുകള്‍ കേടാകുന്നത് തടയുകയും ചെയ്യുന്നു. ചീസിലുള്ള കാത്സ്യം, പ്രോട്ടീൻ, മറ്റ് പോഷകങ്ങള്‍ എന്നിവ പല്ലിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. 

നാം കഴിക്കുന്ന ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുന്നത്. ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമ്പോള്‍ ചിലതാകട്ടെ നമ്മെ ദോഷമായി ബാധിക്കുന്നു. ഇത്തരത്തില്‍ ധാരാളം കാര്യങ്ങള്‍ ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി വരാം. 

ഇവിടെയിപ്പോള്‍ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന, പല്ലുകളിലെ അണുബാധയകറ്റാൻ സഹായിക്കുന്ന ആറ് തരം ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചീസ്: വായ്ക്കകത്തെ പിഎച്ച് നില ആരോഗ്യകരമായി നിയന്ത്രിച്ചുനിര്‍ത്തുന്നതിന് ചീസ് സഹായിക്കുന്നു. ഇത് പല്ലുകള്‍ കേടാകുന്നത് തടയുകയും ചെയ്യുന്നു. ചീസിലുള്ള കാത്സ്യം, പ്രോട്ടീൻ, മറ്റ് പോഷകങ്ങള്‍ എന്നിവ പല്ലിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. 

രണ്ട്...

ഇലക്കറികള്‍ : വൈറ്റമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ഇലക്കറികള്‍. കലോറിയും കുറവാണ് ഇവയില്‍. ഇക്കൂട്ടത്തില്‍ വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും നല്ലത് ചീരയാണ്. കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ഇത് പല്ലിന്‍റെ ഇനാമലിന് നല്ലതാണ്. 

മൂന്ന്...

ആപ്പിള്‍: ആപ്പിള്‍ കഴിക്കുന്നത് ഉമിനീരിന്‍റെ ഉത്പാദനം കൂട്ടുന്നു. ഇത് വായ്ക്കകത്ത് ബാക്ടീരിയ വര്‍ധിക്കുന്നത് തടയുന്നു. ആപ്പിളില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

കട്ടത്തൈര് : കാത്സ്യം- പ്രോട്ടീൻ എന്നിവയാല്‍‍ സമ്പന്നമാണ് കട്ടത്തൈര്. അതിനാല്‍ ഇവ പല്ലിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്ന് മാത്രമല്ല, ശരീരത്തിന് ഗുണകരമാകുന്ന ബാക്ടീരിയ വര്‍ധിപ്പിക്കുന്നതിനും കട്ടത്തൈര് സഹായകമാണ്. ഇതു വായയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. 

അഞ്ച്...

ക്യാരറ്റ്: ക്യാരറ്റില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നു. അതിനാലിവ ഉമിനീരിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് പല്ലുകളില്‍ പോടുണ്ടാകുന്നതിനെ തടയുകയും ചെയ്യുന്നു. 

ആറ്...

ബദാം : കാത്സ്യത്തിന്‍റെയും പ്രോട്ടീനിന്‍റെയും നല്ലൊരു ഉറവിടമാണ് ബദാം. ഇത് പല്ലിന്‍റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. 

Also Read :- വായ്നാറ്റവും മോണയില്‍ നിന്ന് രക്തവും; വായില്‍ കാണുന്ന രോഗലക്ഷണങ്ങള്‍...

click me!