നിങ്ങളുടെ ആകെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ആറ് കാര്യങ്ങള്‍

By Web TeamFirst Published Aug 17, 2021, 4:55 PM IST
Highlights

കൊവിഡ് മാത്രമല്ല, മറ്റ് പല രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധശേഷി കുറഞ്ഞവരില്‍ കൂടുതലായി കാണപ്പെടുന്നു. മിക്കവരും നേരിടുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ വലിയൊരളവില്‍ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്

ആകെ ആരോഗ്യം പരിരക്ഷിക്കാനും അസുഖങ്ങളില്‍ നിന്ന് ഒരു വലിയ പരിധി വരെ അകന്നുനില്‍ക്കാനും നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. അക്കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട ഒന്നാണ് പ്രതിരോധ ശേഷി. 

വിശേഷിച്ചും കൊവിഡ് കാലത്ത് നാം ഏറ്റവുമധിം ചര്‍ച്ച ചെയ്‌തൊരു വിഷയമാണ് പ്രതിരോധശേഷി. കൊവിഡ് രോഗത്തിന് കാരണമാകുന്ന വൈറസുകള്‍ പ്രതിരോധശേഷി കുറഞ്ഞവരിലാണ് എളുപ്പത്തില്‍ കയറിക്കൂടുകയെന്നും രോഗത്തെ തീവ്രമാക്കുകയെന്നും നമുക്കറിയാം. 

കൊവിഡ് മാത്രമല്ല, മറ്റ് പല രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധശേഷി കുറഞ്ഞവരില്‍ കൂടുതലായി കാണപ്പെടുന്നു. മിക്കവരും നേരിടുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ വലിയൊരളവില്‍ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

വയറ്റിനകത്തുള്ള, ശരീരത്തിനാവശ്യമായ നല്ലയിനം ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നതോടെയാണ് രോഗ പ്രതിരോധശേഷിയും തകരാന്‍ തുടങ്ങുന്നത്. ഇനി, എങ്ങനെയാണ് വയറ്റിനകത്തെ ഈ ബാക്ടീരിയല്‍ സമൂഹം പ്രശ്‌നത്തിലാകുന്നത് എന്ന് നോക്കാം. 

 

 

പ്രധാനമായും ഇതിന് കാരണമാകുന്ന ആറ് കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറ്റിനകത്തെ അവശ്യം വേണ്ടുന്ന ബാക്ടീരിയകളെ നശിപ്പിച്ചേക്കാം. പ്രധാനമായും വൃത്തിയില്ലാത്ത ഭക്ഷണ-പാനീയങ്ങള്‍, പതിവായി കഴിക്കുന്ന ഫ്രൈഡ്- സ്‌പൈസി ഭക്ഷണം എന്നിവയെല്ലാം വയറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. പ്രത്യേകിച്ച് 'ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്', 'ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം' തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരില്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. 

രണ്ട്...

മാനസിക സമ്മര്‍ദ്ദം അധികരിക്കുന്നതും വയറിന്റെ ആരോഗ്യം തകര്‍ക്കുന്നു. ഇതും പിന്നീട് പ്രതിരോധശേഷി കുറയാന്‍ ഇടയാക്കുന്നു. വിഷാദം പോലുള്ള മാനസികപ്രശ്‌നങ്ങളും ഇതേ ഫലം തന്നെയാണുണ്ടാക്കുക.

മൂന്ന്...

കായികമായ അധ്വാനമില്ലാതിരിക്കുന്നതും വ്യായാമം ചെയ്യാതിരിക്കുന്നതുമെല്ലാം വയറിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നു. മലബന്ധം, ആസിഡ് റിഫ്‌ളക്‌സ്, വയറ് കെട്ടിവീര്‍ക്കല്‍, ദഹനമില്ലായ്മ എന്നീ പ്രശ്‌നങ്ങളെല്ലാം വ്യായാമമില്ലായമ മൂലം നേരിടേണ്ടിവരുന്നു. 

നാല്...

പെയിന്‍ കില്ലര്‍ പോലുള്ള ഗുളികകള്‍ പതിവായി കഴിക്കുന്നതും വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹത്തെ നശിപ്പിക്കുന്നു. 

 

 

ഇതും പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് പുറമെ ദീര്‍ഘകാലം ഇത്തരം ഗുളികകള്‍ കഴിക്കുന്നത് വൃക്കയെ അടക്കം ബാധിക്കുകയും ചെയ്യുന്നു. 

അഞ്ച്...

ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ഉദരസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം പരിമിതമായ അളവിലേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ.

ആറ്...

മദ്യപാനവും പുകവലിയുമാണ് അടുത്തതായി രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന രണ്ട് ശീലങ്ങള്‍. ഇവയും ആദ്യഘട്ടത്തില്‍ വയറിന്റെ ആരോഗ്യത്തെയാണ് ബാധിക്കുക. അള്‍സര്‍, ലിവര്‍ സിറോസിസ്, പാന്‍ക്രിയാറ്റൈറ്റിസ് തുടങ്ങി പല അസുഖങ്ങളും ഈ ദുശ്ശീലങ്ങള്‍ മൂലമുണ്ടാകുന്നു. 

Also Read:- ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

click me!