
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചില മേഖലകളെ കൂടി അവശ്യസേവനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇത്തരത്തില്‍ വ്യാപകമായി ആളുകള്‍ ആവശ്യപ്പെട്ടതാണ് സലൂണുകളുടെ പ്രവര്‍ത്തനാനുമതി. എന്നാല്‍ സലൂണുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് രോഗം എളുപ്പത്തില്‍ പടരാനിടയാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തേ തന്നെ താക്കീത് നല്‍കിയിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയ ആ അപകടസാധ്യത ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍. ഇവിടെ ഒരു സലൂണില്‍ നിന്ന് മുടി വെട്ടിയ ആറ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ഹോട്ട്‌സ്‌പോട്ടായ ഇന്‍ഡോറില്‍ ജോലി ചെയ്യുന്ന ഗ്രാമവാസിയായ ഒരാള്‍ ഇന്‍ഡോറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഈ സലൂണില്‍ മുടി വെട്ടാനെത്തിയിരുന്നു. ഇദ്ദേഹത്തിന് രോഗബാധയുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം പരിശോധിക്കപ്പെടുകയോ അറിയുകയോ ചെയ്തിരുന്നില്ല.
ഇദ്ദേഹത്തിന്റെ ചുമലില്‍ വിരിച്ച തുണി തന്നെയാണ്, ബാര്‍ബര്‍ അന്നേ ദിവസം സലൂണിലെത്തിയ ആളുകള്‍ക്കെല്ലാം വേണ്ടി ഉപയോഗിച്ചതത്രേ. ഈ തുണിയിലൂടെയാണ് വൈറസ് അഞ്ച് പേരിലേക്കും എത്തിയതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ആ ദിവസത്തില്‍ സലൂണിലെത്തിയ എല്ലാവരുടേയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് അഞ്ച് പേരുടെ ഫലം പൊസിറ്റീവായി കണ്ടത്. അതേസമയം ബാര്‍ബറുടെ ടെസ്റ്റ് ഫലം നെഗറ്റീവായത് അത്ഭുതമായി.
Also Read:- കൊറോണയെ പ്രതിരോധിക്കാൻ മുടിവെട്ട് പുതിയ രീതിയിൽ പരീക്ഷിച്ച് ചൈനീസ് ബാർബർമാർ...
സംഭവം വിവാദമായതോടെ ഗ്രാമം മുഴുവന്‍ അടച്ചുപൂട്ടിയിരിക്കുയാണിപ്പോള്‍. കനത്ത പൊലീസ് കാവലാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖര്‍ഗോണില്‍ മാത്രം ഇതുവരെ 60 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് മരണവും നടന്നു. ലോക്ക്ഡൗണ്‍ കാലത്ത് സലൂണ്‍ പ്രവര്‍ത്തിച്ചത് ഏത് മാനദണ്ഡത്തിലാണെന്നത് വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam